പുതുവത്സരം പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിരിക്കുന്നത്. പുതിയ എഫ്ഡി നിരക്കുകൾ അനുസരിച്ച് എസ്ബിഐ 3 ശതമാനം മുതൽ 7.5 ശതമാനം വരെയാണ് പരമാവധി പലിശ നിരക്ക് നൽകുന്നത്. ഏഴു ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനം വരെയാണ്. മുതിർന്ന പൗരൻമാർക്ക് അധിക പലിശ ലഭിക്കും. എഫ്ഡി നിക്ഷേപങ്ങളിലെ ഈ ക്രമീകരണം 2023 ഡിസംബർ 27 മുതൽ പ്രാബല്യത്തിൽ വരും
46 ദിവസം മുതൽ 179 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിൻറ് പലിശ നിരക്കാണ് ഉയർത്തിയത്. 4.50 ശതമാനം മുതൽ 4.75 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. 180 ദിവസം മുതൽ 210 ദിവസം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക് 5.25 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായി പലിശ ഉയർത്തി. 211 ദിവസത്തെ കാലയളവിലെ നിക്ഷേപത്തിന് 5.75 ശതമാനത്തിൽ നിന്ന് ആറു ശതമാനമായി ആണ് പലിശ നിരക്ക് ഉയർത്തിയത്.
ബന്ധപ്പെട്ട വാർത്തകൾ: SBI- ൽ പിപിഎഫ് അക്കൗണ്ട് എങ്ങനെ തുടങ്ങാം? പൂർണ വിവരങ്ങൾ
2 മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ ലഭിക്കും. 3 മുതൽ 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിൻറുകൾ പലിശ വർധിപ്പിച്ചിട്ടുണ്ട്. 6.50 ശതമാനത്തിൽ നിന്ന് 6.75 ശതമാനമായി ആണ് പലിശ നിരക്ക് ഉയർത്തിയത്. 1 മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ നിരക്ക് തന്നെ തുടരും.
അഞ്ച് മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് 6.50 ശതമാനം പലിശ നൽകുന്നത് തുടരും. സാധാരണ നിക്ഷേപങ്ങളുടെ പലിശയാണിത്.
Share your comments