തൃശ്ശൂർ: ചെറുപ്പം മുതലേ മണ്ണും വെള്ളവും മൃഗങ്ങളും എല്ലാം കൂട്ടായി കളിച്ചു വളർന്ന ശ്യാം മോഹൻ ഇന്ന് കേരളത്തിലെ മികച്ച യുവകർഷകൻ ആണ്. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള അവാർഡ് വെള്ളാങ്കല്ലൂർ സ്വദേശി ചങ്ങനാത്ത് വീട്ടിൽ ശ്യാമോഹനാണ്.
ബന്ധപ്പെട്ട വാർത്തകൾ: ബാൽക്കണിയിൽ പച്ചക്കറികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ ശാരദയുടെയും മോഹനന്റെയും മകനാണ് ശ്യാം മോഹൻ. വിദേശത്തെ അക്കൗണ്ടിംഗ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്ന് മണ്ണിനെയും പഴയ കൃഷി രീതിയെയും സ്നേഹിച്ചും തൊട്ടറിഞ്ഞും ശ്യാം ഇന്ന് മികച്ച കർഷകൻ ആയിരിക്കുകയാണ്.
പഴമയുടെ നാട്ടറിവുകളും കേട്ടറിവുകളും ഭാഗമാക്കി നൂതന കൃഷി രീതിയിലൂടെ മനസ്സറിഞ്ഞ് ജോലി ചെയ്യുകയാണ് ശ്യാം. വിത്ത് മുതൽ വിപണനം വരെയാണ് ഇവിടുത്തെ കൃഷി രീതി. പൂർണ്ണമായും വിഷരഹിത പച്ചക്കറികൾ എല്ലാവർക്കും കൊടുക്കാൻ ശ്യാമിന് കഴിഞ്ഞിട്ടുണ്ട്. താൻ ഉൽപ്പാദിപ്പിക്കുന്ന ഓരോ ഉൽപ്പന്നങ്ങളുടെയും ക്വാളിറ്റി ടെസ്റ്റ് ചെയ്ത ശേഷമാണ് നൽകുന്നത്.
പച്ചക്കറിക്ക് പുറമെ മൃഗസംരക്ഷണത്തിലും പരിപാലനത്തിലും മുൻപിലാണ് ശ്യാം. സ്വന്തമായും പാട്ടത്തിനെടുത്തും ആറര ഏക്കറിൽ ശ്യാം കൃഷി നടത്തി വരുന്നു. പൊട്ടു വെള്ളരി, വഴുതന, കുക്കുമ്പർ, തണ്ണിമത്തൻ, കൊത്തമര, കോളിഫ്ലവർ, കാബേജ് തുടങ്ങിയ പച്ചക്കറികൾക്ക് പുറമെ ചെണ്ടുമല്ലിയും കൃഷി ചെയ്യുന്നുണ്ട്. ജൈവവളക്കൂട്ടുകളും ജൈവ കീടനാശിനികളും സ്വന്തമായി ഉണ്ടാക്കി തന്റേതായ ശൈലിയിലുള്ള കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.
വൈറ്റ് കോളർ ജോലി തേടിപ്പോകുന്ന എല്ലാ യുവാക്കൾക്കും മാതൃകയാണ് ശ്യാമോഹൻ എന്ന യുവകർഷകൻ. മണ്ണിനെയും കൃഷിയെയും സ്നേഹിച്ചാൽ അവർ കൂടെ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിന്റെ ഉത്തമ മാതൃക കൂടിയാണ് ശ്യാം.
Share your comments