എറണാകുളം: അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കുന്ന കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന മില്ലറ്റ് വാരാചരണത്തിന് തത്തപ്പിള്ളി ഗവൺമെന്റ് ഹൈസ്കൂളിൽ തുടക്കമായി.
സ്കൂൾ അങ്കണത്തിൽ ചെറുധാന്യ വിത്തുകൾ വിതച്ച് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ചെറുധാന്യ വാരാചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും , തത്തപ്പിള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിൽ നിന്നും ആരംഭിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി പറഞ്ഞു.
കൂടാതെ ഗാന്ധിജി ജയന്തി ദിനത്തിൽ രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ മില്ലറ്റ് കൃഷി പാർലമെന്റ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ നടക്കും. വിദ്യാർത്ഥികളിൽ ചെറുധാന്യകൃഷിയുടെ പ്രാധാന്യം മനസിലാക്കിക്കൊടുത്തു കൊണ്ട് , ചെറുധാന്യകൃഷിയിൽ മുന്നേറ്റമുണ്ടാക്കുക, ചെറുധാന്യങ്ങളുടെ പ്രാധാന്യം വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്നതാണ് മില്ലറ്റ് കൃഷി പാർലമെന്റിന്റെ പ്രധാന ലക്ഷ്യം. കൃഷി പാർലമെന്റിന്റെ പ്രചരണാർത്ഥം വിദ്യാലയങ്ങളിൽ മില്ലറ്റ് വാരാഘോഷവും , ഭക്ഷ്യ മേളയും , മില്ലറ്റ് പ്രദർശനവും , കാർഷിക കലാപരിപാടികളും , സെമിനാറുകളും ചിത്രോത്സവവും , വിളംബരജാഥയും സംഘടിപ്പിക്കും.കുട്ടികളുടെ കൃഷി പാർലമെന്റിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ചെറുധാന്യ പ്രദർശനതോട്ടങ്ങൾ ഒരുക്കും.
പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളിയിലെ ചെറുധാന്യകൃഷി വ്യാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി കർഷകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും, ബഹുജനങ്ങളും ഒത്തുചേരുന്ന മില്ലറ്റ് ശിൽപ്പശാല കോട്ടുവള്ളി പഞ്ചായത്തിൽ സെപ്റ്റംബർ 25 ന് സംഘടിപ്പിക്കും.
ചടങ്ങിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, കോട്ടുവള്ളി കൃഷി ഓഫീസർ അതുൽ ബി. മണപ്പാടൻ, ജില്ലാ കാർഷിക വികസന സമിതി അംഗം പി. എൻ സന്തോഷ്, പ്രധാന അദ്ധ്യാപിക സിമി ജോസഫ്, പി ടി എ പ്രസിഡന്റ് സി. കെ. അനിൽകുമാർ, എസ്. എം. സി ചെയർമാൻ സിഗ് സി. ജി ജനകൻ, കൃഷി അസിസ്റ്റന്റ് എസ്. കെ ഷിനു, കാർഷിക വികസനസമിതി അംഗങ്ങളായ എൻ. ഇ സോമസുന്ദരൻ, ഐഷ സത്യൻ, വി. ജി ശശിധരൻ, അദ്ധ്യാപകരായ എം. കെ നിഷ, ടി. ജെ വർഗ്ഗീസ്, എസ് സുനിൽകുമാർ, എം. എം ആബിദ, ജിജി വർഗ്ഗീസ്, പി. ബി ശ്രീരേഖ , കെ. എസ് സന്ധ്യ, തുടങ്ങിയവർ സന്നിഹിതരായി. തത്തപ്പിള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എ. എം സൂര്യദേവ് ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രബന്ധാവതരണം നടത്തി.
Share your comments