കൃഷി അടിസ്ഥാനത്തിൽ കേരളത്തെ അഞ്ച്-ആറ് മേഖലകളായി തിരിക്കാമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഇതിനായി ഐക്യരാഷ്ട്രസഭയിൽനിന്ന് സാങ്കേതിക സഹായവും ലോകബാങ്കിൽ നിന്ന് പ്രത്യേക വായ്പയും ലഭ്യമാവും.സർക്കാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭാ സംഘടനയുടെയും ലോകബാങ്കിന്റെയും പ്രതിനിധികൾ പരിശോധന നടത്തിയത്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക വിഭാഗം പ്രതിനിധി ഡോ.ആന്റൺ ഗ്ലോസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മെച്ചപ്പെട്ട ഉത്‌പാദനവും കർഷകർക്ക് സുരക്ഷയും ലക്ഷ്യമിട്ട് നെല്ല്, നാളികേരം, റബ്ബർ കൃഷികൾ പ്രത്യേകമേഖലകളായി വേർതിരിക്കും.നിലവിൽ ഒരേ കൃഷിചെയ്യുന്ന സ്ഥലങ്ങൾ റവന്യൂ അടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ടു കിടക്കുകയാണ്. നെൽക്കൃഷി നടത്തുന്ന കുട്ടനാടൻ മേഖല തന്നെ നിലവിൽ മൂന്ന് ..റവന്യൂ ജില്ലകളിലായാണ്. ഇത് മാറി ഒറ്റ മേഖലയായി കണ്ട് പ്രവർത്തനം നടത്തിയാൽ ഉത്‌പാദനത്തിലും കർഷകരുടെ വരുമാനത്തിലും വർധനയുണ്ടാക്കാനാവുമെന്നാണ് സർക്കാർ കരുതുന്നത്.
കാർഷിക പരിസ്ഥിതിമേഖല
മണ്ണിന്റെ ഘടന, കാലാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ വേർതിരിക്കുക, ഇവിടെ ഉചിതമായ വിളകൾ കൃഷി ചെയ്യുക എന്നതാണ് കാർഷിക പരിസ്ഥിതിമേഖല എന്നതിലൂടെ വിവക്ഷിക്കുന്നത്. ഇതിലൂടെ പരിമിതമായ സ്ഥലത്തുപോലും പരമാവധി ഉത്‌പാദനം നടത്താനാവും. വളപ്രയോഗം, കീടനിയന്ത്രണം, സാങ്കേതിക വിദ്യയുടെ ഉപയോഗപ്പെടുത്തൽ എന്നിവയെല്ലാം എളുപ്പമാക്കാനാവും. വിവിധരാജ്യങ്ങളിൽ ഇത്തരത്തിൽ പ്രത്യേക മേഖലകളായി വേർതിരിച്ച് നടത്തിയ പരീക്ഷണങ്ങൾ വൻ വിജയമായതാണ് മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ കാരണം.
Share your comments