തിരുവനന്തപുരം: 12വർഷം മുൻപ് കൃഷിയിടത്തിൽ കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികളെ തുരത്താൻ വച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ശ്രീധരൻ എന്ന യുവാവിന്റെ ഇരു കൈപ്പത്തികളും നഷ്ടമായത്. വിധിയുടെ ക്രൂരതയിൽ അറ്റു പോയ കൈപ്പത്തികളെ നോക്കി നിരാശനായിരുന്നാൽ തന്റെ കുടുംബത്തിന്റെ പട്ടിണി മാറില്ലെന്ന് ശ്രീധരന് നന്നായറിയാമായിരുന്നു. തനിക്കേറ്റ വൈകല്യത്തെ വളർച്ചയിലേക്കുളള ചവിട്ടുപടിയാക്കി മണ്ണിൽ പൊന്ന് വിളയിച്ചെടുക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല് സ്വദേശിയായ ശ്രീധരൻ.
''പ്രിയപ്പെട്ട ശ്രീധരന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തെയും ആത്മവിശ്വാസത്തെയും അതിജീവനമാര്‍ഗ്ഗങ്ങളെയും നമുക്ക് മാതൃകയാക്കാം. കഠിനാധ്വാനത്തിലൂടെ മണ്ണില്‍ പൊന്നുവിളയിക്കുന്ന ശ്രീധരനും കുടുംബത്തിനും സ്നേഹാഭിവാദനങ്ങള്‍, ആശംസകള്‍''. കഴിഞ്ഞ ദിവസം കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ശ്രീധരനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിധിയെ തോൽപ്പിച്ച ഇൗ യുവ കർഷകനെക്കുറിച്ച് കേരളമറിയുന്നത്.
കുറ്റിച്ചല്‍ പഞ്ചായത്തില്‍, കോട്ടൂര്‍ അഗസ്ത്യ വനമേഖലയില്‍ നിന്ന് കുറേ ദൂരം ഉള്ളിലേക്ക് പോകുമ്പോള്‍ കൊമ്പിടി സെറ്റില്‍മെന്റിലാണ് ശ്രീധരന്‍റെ വീടും കൃഷിയിടവും. പാലെടുത്തുകൊണ്ടിരിക്കുന്ന 400 റബ്ബര് മരങ്ങള്, വെറ്റില കൃഷി, കുരുമുളക്, കപ്പ, മുളക്,പയര്, കൂവ, ചേന, ആട്, കോഴി തുടങ്ങിയ വിളവൈവിധ്യങ്ങളാണ് ശ്രീധരന്റെ രണ്ടേക്കർ വരുന്ന കൃഷിയിടത്തിലുള്ളത്. പറന്പിലെ ജോലികൾ ചെയ്യുന്നത് ശ്രീധരനും പിന്നെ സഹായത്തിന് കുടുംബാംഗങ്ങളുമാണ്. കാർഷിക ഉപകരണങ്ങൾ തന്‍റേതായ രീതിയിൽ മാറ്റം വരുത്തിയാണ് ശ്രീധരൻ ഉപയോഗിച്ചു വരുന്നത്. തൂന്പാപ്പണിയും റബർ വെട്ടി പാലെടുക്കലും, കൃഷികൾക്ക് തടമെടുക്കലും എന്നു വേണ്ട കവുങ്ങിൽ കയറി അടക്ക പറിക്കുന്നത് വരെ ശ്രീധരൻ ഒറ്റക്കാണ്. കൂടാതെ ബുധൻ ശനി ദിവസങ്ങളില് കോട്ടൂര്‍ ചന്തയില്‍ കൊണ്ടു പോയി കാര്‍ഷികവിഭവങ്ങള്‍ വിൽക്കുന്നതും ശ്രീധരൻ തനിയെയാണ്. കൃഷി സ്ഥലത്തിന് ചുറ്റും വേലികൾ സ്ഥാപിച്ചതും ശ്രീധരൻ ഒറ്റക്കായിരുന്നു.
തന്നെക്കുറിച്ച് അറിയാത്തതു കൊണ്ടാവും ഇതു വരെ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ശ്രീധരൻ പറയുന്നു. എന്നാൽ ദൂരദർശനിൽ തന്നെക്കുറിച്ച് വാർത്ത വരികയും തുടർന്ന് കൃഷിമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റോടും കൂടി തന്നെ അഭിനന്ദിക്കാനും കൃഷി കാണാനും നിരവധി പേർ എത്തുന്നതിന്‍റെ സന്തോഷത്തിലാണ് ഇപ്പോൾ ശ്രീധരനുള്ളത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ബാങ്കിൻ്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജായ' kanjikuzhy Scb എന്നതിലൂടെയാണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്
Share your comments