തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി വേലൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കഠിനധ്വാനത്തിൽ ഒരുങ്ങിയത് മൂന്ന് ഫാം പോണ്ടുകൾ. ജലദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൽ മൂന്ന് ഫാം പോണ്ടുകൾ യാഥാർത്ഥ്യമാക്കിയത്. ജലസംരക്ഷണത്തോടൊപ്പം മണ്ണ് സംരക്ഷണം, മത്സ്യകൃഷി പ്രോത്സാഹനം എന്നിവയാണ് ഫാം പോണ്ടുകളിലൂടെ ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യകൃഷി അടുക്കളകുളങ്ങളിൽ
എട്ട് മീറ്റർ നീളവും നാലര മീറ്റർ വീതിയും മൂന്ന് മീറ്റർ ആഴവുമുള്ള ഫാം പോണ്ടുകൾ കാഴ്ചയിലും മനോഹരമാണ്. പതിനഞ്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ 435 ദിവസത്തെ കഠിനപ്രയത്നമാണ് ഇത് യാഥാർഥ്യമാക്കിയത്. പഞ്ചായത്തിലെ പതിനാറാം വാർഡിൽ രണ്ട് ഫാം പോണ്ടുകളും അഞ്ചാം വാർഡിൽ ഒരു ഫാം പോണ്ടുമാണ് ഒരുക്കിയിട്ടുള്ളത്. 1.32 ലക്ഷം രൂപ വീതമാണ് ഓരോ ഫാം പോണ്ടുകൾക്കും വേണ്ടി വിനിയോഗിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥലപരിമിതിയുള്ളവർക്ക് ബയോഫ്‌ളോക് മത്സ്യകൃഷി
മത്സ്യകൃഷി വഴി സ്വന്തമായി വരുമാനം കണ്ടെത്താനും സ്വയംപര്യാപ്തത കൈവരിക്കാനും കഴിയുമെന്നും ഇത്തരം വികസന പദ്ധതികൾക്ക് പഞ്ചായത്ത് ഊന്നൽ നൽകുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി പറഞ്ഞു. വേനൽക്കാലത്തെ ജലക്ഷാമത്തിനും ആശ്വാസമാകാൻ ഫാം പോണ്ടുകൾക്കാകും.
ഫാം പോണ്ടുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കർമ്മല ജോൺസൺ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ദിലീപ്കുമാർ, വാർഡ് മെമ്പർ പി എ സുബ്രഹ്മണ്യൻ, അസിസ്റ്റന്റ് സെക്രട്ടറി കെ കെ രാധാകൃഷ്ണൻ, ബിഡിഒ കെ എം വിനീത്, വിഇഒ പി സി രശ്മി, എൻആർഇജി എഞ്ചിനീയർ സുരഭി വിനോദ്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
Share your comments