മലപ്പുറം: മൂല്യവർധിത മേഖലയിലെ ആയിരം കൃഷിക്കൂട്ടങ്ങളുടെയും സേവന മേഖലയിലെ 200 യന്ത്രവത്കൃത കൃഷിക്കൂട്ടങ്ങളുടെയും പ്രവർത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 16ന് പെരിന്തൽമണ്ണയിൽ നിർവഹിക്കും. ഷിഫ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ എയിംസ് പോർട്ടൽ വഴിയുള്ള കൃഷിക്കൂട്ടങ്ങളുടെ പഞ്ചായത്ത് തല രജിസ്‌ട്രേഷൻ പൂർത്തീകരണത്തിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും.
പരിപാടിയുടെ നടത്തിപ്പിനായി കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യരക്ഷാധികാരിയും നജീബ് കാന്തപുരം എം.എൽ.എ ചെയർമാനും പ്രിൻസിപ്പൽ കൃഷി ഓഫീസർ സിജി ആന്റണി കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: Banana farming: മൂല്യവർധിത ഉൽപന്നങ്ങളിലൂടെ ലാഭം കൊയ്യാം, വാഴകൃഷി ബെസ്റ്റാണ്!
പെരിന്തൽമണ്ണയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി അഗ്രികൾച്ചർ ഓഫീസർ എസ് ബീന പദ്ധതി വിശദീകരിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷൻ അംഗം വി രമേശൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കാർഷികോല്പാദനം, മൂല്യ വർധന, സേവനമേഖല എന്നിവയെ പരസ്പരം യോജിപ്പിക്കുക എന്നതാണ് കൃഷിക്കൂട്ടങ്ങളിലൂടെ കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. കാർഷിക മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കാൻ കൃഷിക്കൂട്ടങ്ങളുടെ പ്രവർത്തനം വഴിയൊരുക്കും.
Share your comments