<
  1. News

ഡ്രാഗൺ ഫ്രൂട്ട് കൃഷിയ്ക്ക് സബ്സിഡി: ഹെക്ടറിന് 30,000 രൂപ ലഭിക്കും

സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ഇടുക്കിയിലെ ദേവികുളം ബ്ലോക്ക്‌ പരിധിയിൽ കൃഷി ചെയ്യുന്നവർക്ക് ഹെക്ടറിന് 30,000 രൂപ സബ്സിഡി ലഭിക്കും.

Darsana J

1. ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കൃഷിഭവനിൽ നിന്ന് സബ്സിഡി ലഭിക്കും. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ഇടുക്കിയിലെ ദേവികുളം ബ്ലോക്ക്‌ പരിധിയിൽ കൃഷി ചെയ്യുന്നവർക്ക് ഹെക്ടറിന് 30,000 രൂപയാണ ലഭിക്കുക. നഴ്സറികളിൽ നിന്നും ഗുണമേന്മയുള്ള ഒറിജാനോ, ഇസ്രയേൽ യെല്ലോ എന്നീ ഇനം തൈകൾ വാങ്ങി കൃഷി ചെയ്യാം. ബില്ല് കൃഷിഭവനിൽ ഹാജരാക്കണം. സ്ഥല പരിശോധന നടത്തി അർഹമായ സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ എത്തും.

ബന്ധപ്പെട്ട വാർത്തകൾ: PAN Card മാത്രം മതി, ലോൺ എടുക്കുന്നതും ഇനി അനായാസം; അറിയൂ വിശദവിവരങ്ങൾ

2. കുടുംബശ്രീ നിർണായകമായ ഒരു ചുവടുവെപ്പ്‌ കൂടി നടത്തുകയാണ്‌. തപാൽ പാഴ്സലുകൾ പൊതിയുന്ന ചുമതല ഏറ്റെടുത്ത് കുടുംബശ്രീ പ്രവർത്തകർ. പോസ്റ്റൽ വകുപ്പുമായി ചേർന്നാണ്‌ പദ്ധതി. തിരുവനന്തപുരം ജിപിഒയിൽ പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തനം ആരംഭിച്ചു. പാഴ്സൽ അയക്കേണ്ടവർക്ക്‌ പോസ്റ്റ്‌ ഓഫീസിലെ കുടുംബശ്രീ യൂണിറ്റിനെ സമീപിക്കാം. ഗുണമേന്മയുള്ള പാക്കിംഗ്‌ ഉറപ്പാക്കിയാകും സേവനം. പോസ്റ്റൽ ലൈഫ്‌ ഇൻഷുറൻസ്‌ ഏജന്റ്‌ ആയി പ്രവർത്തിക്കാനും കുടുംബശ്രീ പ്രവർത്തകർക്ക്‌ അവസരമുണ്ട്‌.  ജീവിതത്തിന്റെ എല്ലാ മേഖലയിലും സ്പർശിക്കുന്ന സേവനം ഒരുക്കുകയാണ്‌ നമ്മുടെ കുടുംബശ്രീ.

3. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ്' വിപുലമായി ആഘോഷിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാന വനം-വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാനത്ത് ഏഴ് സ്ഥലങ്ങളില്‍ സ്മൃതി വനങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി, ദേശീയോഗ്ദ്രഥന കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍, സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഗതാഗതമന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

4. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം. ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റഡി ഓഫ് ലിവര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ യങ് ഇന്‍വെസ്റ്റിഗേറ്റര്‍ അവതരണത്തില്‍ അഞ്ചില്‍ മൂന്ന് പ്രബന്ധങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ടീം നേടി. മികച്ച നേട്ടം കൈവരിച്ച ടീം അംഗങ്ങളെ ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. ആദ്യമായാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റ് ആശുപത്രികളില്‍ നിന്നും അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ചില്‍ മൂന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമായിരുന്നു. ഡോ. വിജയ് നാരായണന്‍ ഒന്നാം സ്ഥാനം നേടി. ഡോ. റൂഷിന്‍ സോളങ്കി, ഡോ. ആന്റണി ജോര്‍ജ് എന്നിവരാണ് അവാര്‍ഡ് സെക്ഷനിലേക്ക് പരിഗണിക്കപ്പെട്ട മറ്റ് രണ്ടുപേര്‍. മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് പഠനങ്ങള്‍ നടന്നത്.

5. കേരളത്തിലെ വിദ്യാഭ്യാസരംഗം പെൺകുട്ടികൾ കയ്യടക്കിയതായും ഇത് കേരളത്തിന്റെ മാത്രം സവിശേഷതയാണെന്നും സ്പീക്കർ എം.ബി രാജേഷ്. പഠന മികവില്‍ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിലെ സ്‌കൂളുകള്‍ മാതൃകയാണെന്നും സ്പീക്കർ പറഞ്ഞു. സൂര്യകാന്തി പ്രതിഭാസംഗമത്തിന്റെയും സൗഹൃദക്കൂട്ടായ്മയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളെ ആരോഗ്യ-മാനസിക-സാംസ്കാരിക വികാസത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സമഗ്രവിദ്യാഭ്യാസ സമന്വയ പദ്ധതിയായ സൂര്യകാന്തി നടപ്പിലാക്കുന്നത്.

6. ലൈഫ്‌ ഭവനപദ്ധതിയിൽ പൂർത്തിയായ വീടുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നതായി മന്ത്രി വി. അബ്ദുറഹിമാൻ. 25,000ത്തിലേറെ വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 29 ഭവന സമുച്ചയങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്‌. അടുത്ത ഘട്ടം ലൈഫ്‌ കരട്‌ പട്ടികയിലുള്ള 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും, 1,97,521 പേർ സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരുമാണ്. ഓഗസ്റ്റ്‌ 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള ജനതയുടെ ജീവിതം പുതുക്കിപ്പണിഞ്ഞുകൊണ്ട്‌ ‌ലൈഫ്‌ പദ്ധതി മുന്നോട്ട്‌ കുതിക്കുകയാണ്. മൂന്ന് ലക്ഷത്തോളം വീടുകൾ ഒരു സംസ്ഥാനത്ത്‌ ഒരുക്കിയ പദ്ധതി ലോകത്ത്‌ തന്നെ അപൂർവമാണ്‌. എല്ലാ മനുഷ്യർക്കും അടച്ചുറപ്പുള്ള വീട്‌ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക്‌ സർക്കാർ വളരെ വേഗം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

7. വാടക ആനുകൂല്യം വെട്ടിക്കുറച്ചതോടെ കേരളത്തിലെ കാർഷിക വിപണനകേന്ദ്രങ്ങളുടെ പ്രവർത്തനം ആശങ്കയിലായി. വാടകയായി സംസ്ഥാന സർക്കാർ നൽകിയിരുന്ന ധനസഹായം 50 ശതമാനമായാണ് വെട്ടിക്കുറച്ചത്. കനത്ത മഴയെ തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട കർഷകർക്ക് ഈ തീരുമാനം വൻ തിരിച്ചടിയാണ്. വിപണന കേന്ദ്രത്തിന്റെ വാടക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നൽകിയിരുന്നത്. ഇതോടെ പകുതി വാടക അതാത് കാർഷിക വിപണന കേന്ദ്രങ്ങൾ നൽകേണ്ടി വരും.

8. അക്വാപോണിക്‌സ് കൃഷിരീതിയില്‍ പരിശീലനം നൽകുന്നു. കാര്‍ഷിക സര്‍വകലാശാല, ഹൈടെക്ക് റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, ഇന്‍സ്ട്രക്ഷണല്‍ ഫാം വെളളാനിക്കരയില്‍ വെച്ച് ഓഗസ്റ്റ് 23 മുതല്‍ 25 വരെയാണ് പരിശീലനം നടക്കുക. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0487-2960079, 9037033547 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

വിവിധ തരം അക്വാപോണിക്‌സ് സിസ്റ്റം-രൂപകല്‍പ്പനകള്‍, നിര്‍മാണം, പ്രവര്‍ത്തന-ഉപയോഗ-പരിപാലന രീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ്, നിയന്ത്രണ മാര്‍ഗങ്ങൾ, വളപ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും.

9. ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ്. പെരിങ്ങോട്ടുകര താന്ന്യത്തെ വി.കെ മോഹനൻ കാർഷിക സംസ്കൃതിയുടെ മാതൃകാ കൃഷിതോട്ടത്തിലാണ് ചെണ്ടുമല്ലി വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം മുൻ കൃഷി മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ നിർവഹിച്ചു. നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ രമേഷ് കുമാർ, എലൈറ്റ് ഗ്രൂപ്പ് എം.ഡി ടി.ആർ വിജയകുമാർ, കെ.കെ വത്സരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

10. ഒമാനിലെ മുന്തിരി സീസൺ അവസാനിക്കുന്നു. മുദൈബി, സുമൈൽ, വാദി മിസ്തൽ എന്നിവിടങ്ങളിലെ മുന്തിരിത്തോട്ടങ്ങൾ ലോകമാകെ പ്രശസ്തമാണ്. 13,000 ചതുരശ്ര മീറ്റർ ഭൂമിയിൽ ചെയ്യുന്ന മുന്തിരി കൃഷിയ്ക്ക് ഒരു സീസണിൽ 14 ടൺ വിളവാണ് ലഭിക്കുന്നത്. 20,000 റിയാലാണ് മുന്തിരിയിൽനിന്ന് മാത്രമുള്ള വാർഷിക വരുമാനം. അൽ റൗദ ഗ്രാമത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മുന്തിരികൃഷി നടക്കുന്നത്. സീസൺ തീരാറായെങ്കിലും മുന്തിരിത്തോട്ടം കാണാനെത്തുന്നവർ നിരവധിയാണ്.

11. കേരളത്തിൽ തീവ്രന്യൂന മർദത്തിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ കേന്ദ്രം. എന്നാൽ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. കേരളത്തിലാകെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

English Summary: Subsidy for Dragon Fruit Cultivation: Rs 30,000 per hectare

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds