പത്തനംതിട്ട: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഇനി രാത്രി സമയങ്ങളില്‍ അടക്കം വീട്ടുമുറ്റത്ത് മൃഗഡോക്ടറുടെ സേവനം ലഭിക്കും. ഇതിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ അനുവദിച്ച വാഹനങ്ങള്‍ ഒരാഴ്ചയ്ക്കകം എത്തുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പന്തളം സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്ന ജില്ലാക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും ക്ഷീര വികസന വകുപ്പാണ് വഹിക്കുന്നത്.
കര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സേവനം ലഭിക്കും. അതോടൊപ്പം ഓരോ ജില്ലയ്ക്കും ഒരെണ്ണം എന്ന കണക്കില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൃഗ ആംബുലന്‍സ് അനുവദിക്കുന്നതിന് 13 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പശുക്കളെ ഉയര്‍ത്തുന്നതിനുള്ള സംവിധാനം, എക്സ്-റേ, സ്‌കാനിങ്, അടിയന്തരഘട്ടങ്ങളില്‍ ഓപ്പറേഷന്‍ ചെയ്യുന്നതിനുള്ള സംവിധാനം, മരുന്നുകള്‍, ബീജം എന്നിവ പെട്ടെന്ന് എത്തിക്കുവാന്‍ ഉള്ള സംവിധാനം തുടങ്ങിയവ വാഹനത്തില്‍ ഉണ്ട്. എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ക്ക് ഇതിനോടകം തന്നെ വാഹനം അനുവദിച്ചിട്ടുണ്ട്.
പശുക്കള്‍ പ്രസവിക്കുമ്പോള്‍ കാളകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറച്ച് പശുക്കള്‍ തന്നെ ഉണ്ടാകുന്ന രീതിയിലുള്ള ബീജം കര്‍ഷകരുടെ ആവശ്യാനുസരണം നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞതായും മന്ത്രി പറഞ്ഞു. എല്ലാവര്‍ഷവും 10 ക്ഷീര ഗ്രാമപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഈ വര്‍ഷം അത് 20 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഓരോ പഞ്ചായത്തിനും വേണ്ടി 50 ലക്ഷം രൂപ ചിലവാകുന്ന ഈ പദ്ധതിയില്‍ ക്ഷീര വികസന വകുപ്പും പഞ്ചായത്തും ചേര്‍ന്ന് തുക പങ്കുവെച്ച് എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രോജക്ട് തയാറാക്കി കഴിഞ്ഞിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഗിർ പശുക്കളെ വളർത്തിയാലുണ്ടാകുന്ന നേട്ടങ്ങൾ; അവയുടെ തൊഴുത്തു നിർമ്മാണം, ഭക്ഷണ രീതി എന്നിവയെക്കുറിച്ച്
സംസ്ഥാനത്ത് പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് കര്‍ഷകര്‍ക്ക് പരമാവധി വിഹിതം ലഭിക്കുന്ന രീതിയിലാണ്. കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ദ്ധനവ് അനുസരിച്ച് പരമാവധി സബ്സിഡി അനുവദിക്കുന്നുണ്ട്. ഇന്ത്യയില്‍ പാല്‍ ഉല്‍പാദന ക്ഷമതയില്‍ കേരളം രണ്ടാം സ്ഥാനത്തുണ്ടെന്നും ക്ഷീര കര്‍ഷകര്‍ക്കായി കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിദരിദ്ര വിഭാഗത്തിലുള്ളവര്‍ക്ക് പശുവിനെ വളര്‍ത്തി ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി ചിലവാകുന്ന തുകയുടെ തൊണ്ണൂറു ശതമാനവും സബ്സിഡിയായി അനുവദിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ജി. വിനോദ് കുമാര്‍, ലിറ്റി ബിനോയി, വി.ടി. ബിനോയി എന്നീ ക്ഷീരകര്‍ഷകരെ മന്ത്രി സമ്മേളനത്തില്‍ ആദരിച്ചു.
ക്ഷീരവികസന മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്ന സഞ്ചരിക്കുന്ന വെറ്ററിനറി ഹോസ്പിറ്റല്‍ എടുത്തുപറയേണ്ടതാണെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂരില്‍ കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ക്ഷീര ഗ്രാമം പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രൊഫ. കെ. കൃഷ്ണപിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, തിരുവനന്തപുരം മേഖല യൂണിയന്‍ മെമ്പര്‍ മുണ്ടപ്പള്ളി തോമസ്, പന്തളം നഗരസഭ കൗണ്‍സിലര്‍ ലസിത ടീച്ചര്‍, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സില്‍വി മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ, അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനിത, അടൂര്‍ ക്ഷീരവികസന ഓഫീസര്‍ കെ. പ്രദീപ്കുമാര്‍, ക്ഷീര സംഘങ്ങളുടെ പ്രസിഡന്റുമാരായ സി.വി. ഗോപാലകൃഷ്ണന്‍ നായര്‍, ജേക്കബ് എബ്രഹാം, തോമസ് പി എബ്രഹാം, അഡ്വ. ബാലകൃഷ്ണക്കുറുപ്പ്, ജിജു ഉമ്മന്‍, സെക്രട്ടറിമാരായ സി.ആര്‍. ദിന്‍രാജ്, കെ. സുരേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന സെമിനാറില്‍ ഡോ. മാത്യു തങ്കച്ചന്‍, എസ്.എസ്. ആനന്ദ് കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
Share your comments