വിലമതിക്കാം ജലത്തെ എന്ന സന്ദേശം പകർന്നുകൊണ്ട് മാർച്ച് 22ന് ജലദിനമായി ലോകമെങ്ങും വിവിധപരിപാടികളോടെ ആചരിക്കും. നനവുള്ള ഭൂമിയിലേ നിനവുകൾ സഫലമാകൂ. വിശാലസംസ്കൃതികളും വികസനഭൂമികയുമെല്ലാം പടർന്നേറിയത് ജലമെന്ന അമൃതം പാനംചെയ്താണ്.
അല്പമാത്രമായെങ്കിലും അവശേഷിക്കുന്ന നദീതീരങ്ങളും ജലാശയക്കരകളും കണ്ണിനും കരളിനും സാന്ത്വനസാമീപ്യങ്ങളാണിന്നും. മണ്ണും മനസ്സും ആർദ്രമായിരിക്കാൻ ലോക ജലദിനത്തിൽ നമുക്ക് കൈകോർക്കാം. ഒരു തുള്ളിവെള്ളം പോലും പാഴാക്കാതിരിക്കാൻ നമുക്ക് ബോധപൂർവ്വം എന്നും
പരിശ്രമിക്കാം.
ഡോ. അഖില എസ്. നായർ രചിച്ച പരിസ്ഥിതി ലേഖനസമാഹാരം ഹരിതരേഖ പുസ്തകരൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് ജലദിനം സാർത്ഥകമാക്കുകയാണ് സിസ്സ. ഏവർക്കും സുഗ്രാഹ്യമാകുംവിധം വൈവിധ്യമാർന്ന പാരിസ്ഥിതിക, ജൈവവൈവിധ്യവിഷയങ്ങളെ മലയാളത്തിൽ മനോഹരമായി അവതരിപ്പിക്കുന്ന 26 ലേഖനങ്ങളാണ് ഹരിതരേഖ.
ജലദിനമായ മാർച്ച് 22 തിങ്കൾ വൈകിട്ട് 5 മണിക്ക് പൂജപ്പുര മാജിക് അക്കാദമി വണ്ടർവേൾഡ് ആഡിറ്റോറിയത്തിൽ പ്രിയമാന്ത്രികനും പ്രചോദകനുമായ ശ്രീ. ഗോപിനാഥ് മുതുകാട് പുസ്തകത്തിന്റെ ആദ്യപ്രതി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ശ്രീമതി റെനി ആർ. പിള്ളയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം നിർവ്വഹിക്കും. സമാദരണീയനായ ഡോ. സി.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിക്കും. സാക്ഷ്യം വഹിക്കാൻ ഏവരേയും സാദരം ക്ഷണിക്കുന്നു.
Share your comments