പാഴ്ഭൂമിയിൽപോലും കൃഷിചെയ്യാവുന്ന, ഉയർന്ന വരുമാനം നൽകുന്ന തോട്ടവിള എന്നനിലയിൽ കശുമാവിന് പ്രസക്തിയേറെയാണ്.
കശുമാവുകർഷകർക്കും കൃഷി പുതുതായി തുടങ്ങുന്നവർക്കും ഗുണകരമാണ് Cashew India എന്ന മൊബൈൽ ആപ്പ്. കർണാടകയിലെ പുത്തൂരുള്ള ഐ.സി.എ.ആർ.-ഡയറക്ടറേറ്റ് ഓഫ് കാഷ്യു റിസർച്ചാണ് ആപ്പ് വികസിപ്പിച്ചത്.
പ്ലേസ്റ്റോറിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പിൽ മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്തശേഷം അതിൽ പ്രവേശിക്കാൻ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്റ്റർചെയ്യണം.
തുടർന്ന് സ്റ്റേറ്റും ഭാഷയും തിരഞ്ഞെടുക്കാം. ആപ്പിലെ ആമുഖം എന്ന വിൻഡോയിൽ കശുമാവിനെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നടീൽവസ്തുക്കൾ എന്നതിലൂടെ പ്രവേശിച്ച് കേരളത്തിലെ കശുമാവ് ഗവേഷണകേന്ദ്രങ്ങൾ ലഭ്യമാക്കുന്ന 17 ഇനം ഒട്ടുതൈകളുടെ ലഭ്യത അറിയാനും അവ മുൻകൂട്ടി ബുക്കുചെയ്യാനും കഴിയും.
കൃഷിചെയ്യൽ എന്നതിൽ ഇനങ്ങളുടെ സവിശേഷതമുതൽ കൃഷിപ്പണികളും കീടരോഗനിയന്ത്രണവും കശുമാങ്ങ സംസ്കരണവുംവരെയുള്ള ഒട്ടേറെ വിവരങ്ങൾ കൊടുത്തിട്ടുണ്ട് . കശുമാവ് ഡയറക്ടറിയിൽ ഗവേഷണസ്ഥാപങ്ങൾ, നഴ്‌സറികൾ, വികസന ഏജൻസികൾ, പുരോഗമനകർഷകർ എന്നിവരുടെ വിലാസവും ബന്ധപ്പെടാനുള്ള നമ്പറുമുണ്ട്. വിദഗ്ധരോട് സംശയം ചോദിക്കാനുള്ള സംവിധാനവും ഓൺലൈൻ ചാറ്റ്‌റൂമുമാണ് മറ്റൊരു പ്രത്യേകത. കശുമാവുമായി ബന്ധപ്പെട്ട വിജയകഥകൾ, പ്രസിദ്ധീകരണങ്ങൾ, കമ്പോളവാർത്ത, സേവനവും പരിശീലനവും സംബന്ധിച്ച വിവരങ്ങൾ എന്നിവയും ആപ്പിൽ ലഭ്യമാണ്.
കമ്പോളവാർത്ത എന്നതിൽ ഇ-മാർക്കറ്റ് എന്ന സബ് ഭാഗത്തിലൂടെ ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. പ്രയോഗികതയിലൂന്നി തയ്യാറാക്കിയ ആപ്പാണിത്.
Share your comments