തിരുവനന്തപുരം: രാജ്യത്തെ ഓരോ കുടുംബത്തിനും ഭവനം, ആഹാരം, ജലം, പാചക വാതക കണക്ഷൻ, ആരോഗ്യ പരിരക്ഷ തുടങ്ങിയവ ഉറപ്പാക്കുകയാണ് കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ മുരുഗൻ പറഞ്ഞു. വികസിത് ഭാരത് സങ്കൽപ്പ യാത്രയുടെ നഗര പര്യടനത്തിന്റെ ഭാഗമായി കോട്ടയം ചിൽഡ്രൻസ് ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് 33% സംവരണം നരേന്ദ്ര മോദി ഗവൺമെന്റ് പ്രാവർത്തികമാക്കി. സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ ഭാരതം മറ്റ് രാജ്യങ്ങൾക്ക് വഴി കാട്ടിയാകുന്നതിന് വനിതകൾ, ദളിതർ, യുവാക്കൾ, കർഷകർ എന്നീ നാല് ശക്തികൾ സജ്ജമാകണമെന്നും ശ്രീ എൽ മുരുഗൻ ആഹ്വാനം ചെയ്തു.
എസ്ബിഐ റിജിയണൽ മനേജർ ഡോ. അനിത, എസ്ബിഐ ചീഫ് മാനേജർ ശ്രീ രാഹുൽ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, ഡയറക്ടർ ശ്രീമതി വി.പാർവ്വതി, നബാർഡ് എ ജിഎം ശ്രീ റജി വർഗീസ്, തപാൽ വകുപ്പ് സീനിയർ സൂപ്രണ്ട് ശ്രീ രാഹുൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ കേന്ദ്ര പദ്ധതികളുടെ സമ്മതപത്ര വിതരണവും, സെമിനാറുകളും, കേന്ദ്രസർക്കാർ വകുപ്പുകളുടെ സേവനങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. മേരി കഹാനി മേരി സുബാനി പരിപാടിയുടെ ഭാഗമായി ഗുണഭോക്താക്കൾ അനുഭവങ്ങൾ പങ്കുവെച്ചു.
കോട്ടയം നാഗമ്പടം വൈപ്രറ്റ് സ്റ്റാന്റിനടുത്ത് സംഘടിപ്പിച്ച വികസിത് ഭാരത് സങ്കൽപ്പ യാത്ര പരിപാടിയും കേന്ദ്ര സഹമന്ത്രി ഡോ.എൽ മുരുഗൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾക്ക് സംരംഭം ആരംഭിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് 100% ഗ്യാരന്റി നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2014-ൽ 400 സ്റ്റാർട്ടപ്പ് കമ്പനികൾ മാത്രം ഉണ്ടായിരുന്ന ഇന്ത്യയിൽ നിലവിൽ ഒരു ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവയുടെ സി ഇ ഒ മാരെല്ലാം മുപ്പത് വയസിൽ താഴെയുള്ളവരാണെന്നും ശ്രീ എൽ മുരുഗൻ പറഞ്ഞു. ചടങ്ങിൽ സങ്കൽപ്പ് പ്രതിഞ്ജയും എടുത്തു.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവൺമെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ നടക്കുന്നത്.
Share your comments