കോഴിക്കോട്: കുട്ടികൾക്ക് ഏറ്റവും മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. നടക്കാവ് ഗവ. മോഡൽ പ്രീ പ്രൈമറി സ്‌കൂളിൽ ജി.ഐ.ടി.ഇ (വുമൺ)യിൽ മാതൃക പ്രീ പ്രൈമറി 'വർണ്ണക്കൂടാരം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രാദേശിക അന്വേഷണങ്ങളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി കേരളീയ മാതൃക സൃഷ്ടിക്കാൻ നമുക്ക് സാധിക്കണം. ഓരോ കാലത്തോടും സംവദിക്കാൻ സാധിക്കും വിധം നമ്മുടെ തലമുറയെ വളർത്തിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് വിദ്യാഭ്യാസ രംഗത്ത് ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയിലൂടെ 11 ലക്ഷം രൂപ ചെലവിലാണ് നടക്കാവ് ഗവ. മോഡൽ പ്രീ പ്രൈമറി സ്‌കൂൾ ജി.ഐ.ടി.ഇ (വുമൺ)യിൽ മാതൃക പ്രീ പ്രൈമറി വർണ്ണക്കൂടാരം ഒരുക്കിയത്. കുരുന്നുകൾക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകർഷകവുമാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം.
ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദ്യാഭ്യാസ വായ്പ്പകള്‍ തരുന്ന ബാങ്കുകൾ ഏതൊക്കെയാണ്?
എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം പദ്ധതി വിശദീകരണം നടത്തി. കൗൺസിലർ അൽഫോൻസ മാത്യു, എ.ഇ.ഒ ജയകൃഷ്ണൻ എം, ഡി.പി.ഒ യമുന എസ്, പ്രിൻസിപ്പൽ ജ്യോതി ഇ.എം, ബി.പി.സി ഹരീഷ്, പി.ടി.എ പ്രസിഡന്റ് സിഞ്ചിത്ത് എസ്, എസ്.എം.സി ചെയർമാൻ വിജയൻ സി, മുൻ പി.ടി.എ പ്രസിഡന്റ് നാരായണൻ, മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി, സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഷഹനാസ് പി.വി സ്വാഗതവും പ്രീ പ്രൈമറി അധ്യാപിക റസിയ തെങ്ങിലാൻ നന്ദിയും പറഞ്ഞു.
Share your comments