കോവിഡ് വളരെയധികം ബാധിച്ച ഒരു മേഖലയാണ് വിനോദസഞ്ചാര മേഖല. ഈ മേഖലയെ പുനരുജീവിപ്പിക്കാൻ ശ്രമിക്കുകയാണ് കേരള സർക്കാർ. ഇതിനായി ഈടും പലിശയുമൊന്നുമില്ലതെ 10,000 രൂപ വായ്‌പയാണ് വിനോദഞ്ചാര മേഖലയിലും അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്നവര്‍ക്കായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണിത്. കോവിഡില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. തിരിച്ചുവരവിനു ശ്രമിക്കുന്ന മേഖലയ്ക്കും, മേഖലയിലെ ജീവനക്കാര്‍ക്കും കരുത്തു പകരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റിവോള്‍വിങ് ഫണ്ടിന് 10 കോടി രൂപയുടെ പ്രാരംഭ മൂലധനം ഉണ്ടായിരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
വായ്പാ പദ്ധതി മേഖലയ്ക്കും ജീവനക്കാര്‍ക്കും ആശ്വാസവും ഉത്തേജനവും പകരുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ടൂറിസം ഓര്‍ഗനൈസേഷനില്‍ അംഗത്വമുള്ളവര്‍ക്കും ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ടാകും. ഉത്തരവാദിത്ത ടൂറിസം (ആര്‍.ടി) മിഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും വായ്പയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ജോലി ചെയ്യുന്നവര്‍ക്ക് സഹായം ലഭ്യമാകും. ട്രാവല്‍ ഏജന്‍സികള്‍, ടൂറിസ്റ്റ് ടാക്‌സി ഓപ്പറേറ്റര്‍മാര്‍, ഹൗസ് ബോട്ടുകളും ശിക്കാര ബോട്ട് ഓപ്പറേറ്റര്‍മാരും, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഭക്ഷണശാലകള്‍, സര്‍വീസ് ചെയ്ത വില്ലകള്‍, ടൂറിസ്റ്റ് ഫാമുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, സാഹസിക ടൂറിസം സംരംഭങ്ങള്‍, ഉത്തരവാദിത്ത ടൂറിസം ദൗത്യത്തിന് കീഴിലുള്ള മൈക്രോ യൂണിറ്റുകള്‍, പ്രകടനവും ആയോധന കലകളും, കൂടാതെ ഇന്ത്യന്‍ ടൂറിസത്തിന്റെയോ കേരള ടൂറിസത്തിന്റെയോ ലൈസന്‍സ് കൈവശമുള്ള ടൂര്‍ ഗൈഡുകള്‍ എന്നിവര്‍ക്കും വായ്പ ലഭിക്കും.
വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം ലഭിക്കും. മൊറട്ടോറിയം കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഗുണഭോക്താവ് വായ്പ തിരിച്ചടച്ചാല്‍ മതി. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെയാണ് പദ്ധതി നടപ്പാക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതിനായി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉടന്‍ സജ്ജീകരിക്കും. അപേക്ഷകള്‍ പരിശോധിക്കുന്നതിനും വായ്പ അനുവദിക്കുന്നതിനും ടൂറിസം ഡയറക്ടര്‍ ചെയര്‍മാനും ആര്‍.ടി. മിഷന്‍ കോര്‍ഡിനേറ്റര്‍ കണ്‍വീനറുമായി ഒരു പാനല്‍ രൂപീകരിച്ചു കഴിഞ്ഞു.
Share your comments