തിരുവനന്തപുരം: സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘അതിവേഗം നഗരവൽകരിക്കപ്പെടുന്ന കേരളത്തിൽ നവകേരള നഗരനയം രൂപവൽകരിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്,’ തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യഘട്ടമായി 60 ഇ-ബസുകളാണ് തിരുവനന്തപുരം ചാല ഗവണ്മെന്റ് മോഡൽ ബോയ്‌സ് സ്‌കൂൾ മൈതാനത്തു മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.
നവകേരള നഗരനയം നടപ്പാക്കാൻ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ധർ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവർ ഉൾപ്പെട്ടതായിരിക്കും കമ്മീഷൻ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നഗരനയത്തിന്റ മാസ്റ്റർപ്ലാൻ തയാറാക്കാൻ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടും. നഗര പുനരുജ്ജീവനം, നഗര സൗന്ദര്യവൽക്കരണം എന്നിവയ്ക്ക് 300 കോടി രൂപ പ്രാരംഭചെലവ് വരും. ഇതിന്റെ ആദ്യ ഗഡുവായ 100 കോടി രൂപ കിഫ്ബി മുഖേന നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനം മാത്രമല്ല നഗരവാസികളുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. അതിന്റെ ഭാഗമായാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. നമ്മുടെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെക്കാൾ 40 ശതമാനം താഴെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കാലത്തു വേഗതയേറിയ ഗതാഗത സംവിധാനം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. അതിനാൽ നൂതന ഗതാഗത സംവിധാനം നമുക്ക് ഒരുക്കേണ്ടതുണ്ട്. അതു പരിസ്ഥിതി സൗഹൃദമായിരിക്കുകയും വേണം.
വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണെന്നും അത്രയേറെ പേർ കേരളത്തിൽ വേഗതയേറിയ സംവിധാനം ഉപയോഗിക്കുന്നതിനാൽ സംസ്ഥാനം പൊതുവെ എങ്ങിനെ ചിന്തിക്കുന്നുവെന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 113 ഹരിത ബസുകൾ തിരുവനന്തപുരം നഗരത്തിൽ ഓടാൻ തുടങ്ങുന്നതോടെ സിറ്റി സർക്കുലർ സർവീസ് പൂർണമായും പരിസ്ഥിതി സൗഹൃദമാകും.
പരിപാടിയിൽ തദ്ദേശസ്വയംഭരണ മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിച്ചു. 113 ഇ-ബസുകൾ തലസ്ഥാന നഗരിക്കുള്ള ഓണസമ്മാനം ആണെന്ന് അദ്ദേഹം പറഞ്ഞു. 1135 കോടി രൂപയുടെ സ്മാർട്ട്സിറ്റി പദ്ധതിയിൽ 500 കോടി വീതം കേന്ദ്ര, സംസ്ഥാന സർക്കാറുകളും 135 കോടി തിരുവനന്തപുരം കോർപ്പറേഷനും ആണ് വഹിക്കുന്നത്. 104 കോടി രൂപ ചെലവിലാണ് ഇ-ബസുകൾ വാങ്ങുന്നത്. നിലവിൽ 50 ഇ-ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ. എസ്.ആർ.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള രണ്ടു സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു. ഇ-ബസ്, ഹൈബ്രിഡ് ബസ് എന്നിവയുടെ മിനിയേച്ചർ രൂപങ്ങൾ യഥാക്രമം ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്നിവർ ഏറ്റുവാങ്ങി.
ആദ്യ ഇ-ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോൽദാനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സർക്കുലർ സർവീസ് ചിഹ്നം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പ്രകാശനം ചെയ്തു. ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പ്-മാർഗദർശിയുടെ പ്രകാശനം ഡെപ്യൂട്ടി മേയർ പി. കെ രാജു നിർവഹിച്ചു. സിറ്റി സർക്കുലർ ബസുകളുടെ തൽസമയ സഞ്ചാര വിവരം അറിയാനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ നീയോ ബീറ്റാ വേർഷന്റെ പ്രകാശനവും നടന്നു. മേയർ ആര്യ രാജേന്ദ്രൻ, കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ, പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Share your comments