തൃശ്ശൂർ: ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് ജൂബിലി ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മതന്യൂനപക്ഷ വിഭാഗങ്ങളെ പരസ്യമായി ആക്രമിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആ അവസ്ഥ കേരളത്തിലില്ല. അതിനെ ചെറുത്തു നില്‍ക്കുന്ന സംസ്‌കാരമാണ് കേരളത്തിന്റേത്. പൗരത്വ ബില്ലിനെ ഏകകണ്ഠമായി എതിര്‍ത്ത ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നത് അതിന് ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വീണ്ടും കേരള മോഡല്‍ മാതൃക തീര്‍ക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനത്തിലൂടെ സാധ്യമായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് കാര്യക്ഷമമായി ഇടപെടാനും അവരുടെ നീതി നിഷേധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ഇതിലൂടെ കഴിഞ്ഞു. ന്യൂനപക്ഷ കമ്മീഷനെ സമീപിക്കേണ്ട രീതിയെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലാ സെമിനാറില്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ.എ റഷീദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എം.സി റെജില്‍, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്‍, സംഘാടകസമിതി ചെയര്‍മാന്‍ എ.എം ഹാരിസ്, കണ്‍വീനര്‍ ഫാ. നൗജിന്‍ വിതയത്തില്‍, റോണി അഗസ്റ്റ്യന്‍, സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നമിത റോസ് സി.എം.സി തുടങ്ങിയവര്‍ പങ്കെടുത്തു.
നോളജ് മിഷന്‍ റീജിയണല്‍ പ്രോജക്ട് മാനേജര്‍ എം.എ സുമി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി. റോസ, സൈഫുദ്ദീന്‍ ഹാജി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നയിച്ചു.
Share your comments