സംസ്ഥാന കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ കൂത്താളി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന കാർഷികയന്ത്ര സംരക്ഷണ കേന്ദ്രത്തിന്റെയും കാർഷിക യന്ത്ര ശേഖര ത്തിന്റെയും ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു.
കേരളത്തിലെ കാർഷിക രംഗത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾക്ക് പരിഹാര മുണ്ടാക്കുന്നതിനുള്ള ഏറ്റവും മികച്ച പരിശ്രമങ്ങൾക്കുള്ള തറക്കല്ലാണ് യന്ത്രവൽക്കരണ മിഷൻ. അത് തുടർന്നും മുന്നോട്ടു കൊണ്ടുപോവുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തപ്പെടുന്ന ഏറ്റവും മികച്ച കേന്ദ്രമായി ഇതിനെ മാറ്റുമെന്നും മലബാർ മേഖലയിലെ കാർഷിക പ്രവർത്തനങ്ങൾക്കെല്ലാം തന്നെ സഹായകമാവുന്ന തരത്തിലേക്ക് ഇതിനെ ഉയർത്തിക്കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയെ കാര്യക്ഷമമാക്കാനും ലാഭകരമാക്കാനും ഇതിലൂടെ സാധിക്കും. യന്ത്രങ്ങൾ ഉപയോഗ ശൂന്യമാവുന്ന സാഹചര്യം ഇല്ലാതാവും. കേരളത്തിലെ കാർഷിക രംഗത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിരവധി പദ്ധതികൾ നടപ്പാക്കി.
കേരളത്തിലെ കാർഷിക രംഗത്തിന്റെ മുന്നേറ്റത്തിലും പുരോഗതിയിലും യന്ത്രവൽക്കരണം അത്യന്താപേക്ഷികമായ ഘടകമായി മാറിയിട്ടുണ്ടെന്നും ഓൺലൈനായി പങ്കെടുത്ത ചടങ്ങിൽ മന്ത്രി പറഞ്ഞു.തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലറും കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ ഡയറക്ടറുമായ ഡോ ആർ ചന്ദ്രബാബു, സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ മുഖ്യനിർവ്വഹണ ഓഫീസർ ഡോ യു ജയ്കുമാരൻ, കൃഷി അഡീഷ ണൽ ഡയറക്ടർ കെ രാധാകൃഷ്ണൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ശശി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ ശശി, ചക്കിട്ടപ്പാറ വാർഡ് മെമ്പർ വിനിഷ ദിനേശൻ, ജില്ല കൃഷി ഓഫീസർ എല്‌സബത്ത് പുന്നൂസ്, കൂത്താളി കൃഷിഫാം സൂപ്രണ്ട് ഗീത ആർ ചന്ദ്രൻ, ആത്മ പ്രോജക്ട് ഡയറക്ടർ പി ആർ രമാദേവി തുടങ്ങിയവർ പങ്കെടുത്തു.
Share your comments