ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങളോട് വിട പറയാം. ഇനി പ്രകൃതിദത്ത പരിസ്ഥിതി സൗഹൃദ പാത്രങ്ങളിൽ ഭക്ഷണം വിളമ്പാം.
നെല്ലിൽ നിന്നും അരി സംസ്‌കരിക്കുമ്പോൾ ലഭിക്കുന്ന ഉമിയും തവിടും ഉപയോഗിച്ചാണ് പുതിയ പാത്രനിർമാണം. പാപ്പനംകോട്ടെ കേന്ദ്ര ഗവേഷണസ്ഥാപനമായ സി.എസ്.ഐ.ആർ. - നിസ്റ്റിലാണ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി) ഇതിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ഇങ്ങനെ പ്ലേറ്റുകളും കട്ട്‌ലറികളും കപ്പുകളും നിർമിക്കാം. പാത്രത്തിന്റെ ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ചാൽ തൊണ്ണൂറ് ദിവസത്തിനകം മണ്ണിൽ ലയിക്കും. തവിടിൽ നിർമിക്കുന്നതായതിനാൽ ഉപയോഗം കഴിഞ്ഞ് പാത്രങ്ങൾ കന്നുകാലികൾക്ക് തീറ്റയായും ഉപയോഗിക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ പറഞ്ഞു.
കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ പ്രതിദിനം 400 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടായെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്ഥിതിവിവര കണക്കുകൾ.
ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിന് ബദലായുള്ള വസ്തുക്കൾക്ക് ആവശ്യക്കാരേറിയതും അതിന്റെ ഗവേഷണങ്ങളും നടത്തിയതെന്ന് നിസ്റ്റിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ഇത്തരത്തിൽ നിർമിക്കുന്ന പാത്രങ്ങൾക്കും കപ്പുകൾക്കും ആറുമാസം വരെ ഉപയോഗിക്കാവുന്നതിനുള്ള കാലാവധിയും നൂറ് ഡിഗ്രി ചൂട് വരെ താങ്ങാൻ കഴിയുന്നതുമാണ്.
കഴിഞ്ഞയാഴ്ച രണ്ട് കമ്പനികൾക്ക് ഇതിന്റെ സാങ്കേതികവിദ്യ നിസ്റ്റ് ഡയറക്ടർ ഡോ. എ. അജയഘോഷിന്റെ സാന്നിധ്യത്തിൽ കൈമാറിയിരുന്നു. സാങ്കേതികവിദ്യ ആവശ്യമുള്ള പുതു സംരംഭകരേയും വ്യവസായ സ്ഥാപനങ്ങളേയും നിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട്.
Share your comments