1. രാജ്യത്തെ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ LPG സിലിണ്ടറുകളുടെ വിലയിൽ 115 രൂപ 50 പൈസ കുറച്ചു. ആഗോള വിപണിയിൽ എണ്ണവില (Oil price) കുറഞ്ഞതിനെ തുടർന്നാണ് എണ്ണക്കമ്പനികൾ (Oil companies) വില കുറച്ചത്. പുതുക്കിയ നിരക്കനുസരിച്ച്, ഡൽഹിയിൽ 1859 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് 1744 രൂപയായി. കൊൽക്കത്തയിൽ 1846 രൂപ, മുംബൈയിൽ 1696 രൂപ, ചെന്നൈയിൽ 1893 രൂപ, കൊച്ചിയിൽ 1863 രൂപ എന്നിങ്ങനെയാണ് സിലിണ്ടറിന്റെ വില. 2022 ജൂണിന് ശേഷം ഏഴാം തവണയാണ് Commercial LPG സിലിണ്ടറുകളുടെ വില കുറയുന്നത്. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ബന്ധപ്പെട്ട വാർത്തകൾ: Ration Card: വിലക്കയറ്റ നിയന്ത്രണം; കേരളത്തിൽ ഇന്നുമുതൽ സ്പെഷൽ അരി വിതരണം..കൃഷിവാർത്തകളിലേക്ക്
2. ഒറ്റമൂട്ടിൽ നിന്ന് 45 കിലോഗ്രാം കപ്പ വിളവെടുത്ത് കോഴിക്കോട് സ്വദേശി ഫൈസൽ. ചെറുവണ്ണൂരിലെ ഫൈസലിന്റെ കൃഷിയിടത്തിൽ ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. ഒരു കപ്പയുടെ മാത്രം തൂക്കം 20 കിലോയാണ്. തരിശായി കിടന്ന ഭൂമിയെ കൃഷിയോഗ്യമാക്കി സമ്മിശ്ര കൃഷി ചെയ്ത് വിജയം കണ്ടെത്തിയ കർഷകൻ കൂടിയാണ് ഫൈസൽ. ഫൈസലിന്റെ കോഴിഫാമിൽ നിന്ന് ലഭിക്കുന്ന വളം മാത്രമാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. കൂടാതെ വാഴ, ചേന, കൂർക്ക, ചേമ്പ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
3. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ കരനെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. തീരദേശ മേഖലയിൽ കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ഹരിതതീരം' പദ്ധതിയുടെ ഭാഗമായി ഗ്ലോറിയ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടന്നത്. ആലപ്പുഴ എം.പി എ.എം ആരിഫ് പരിപാടിയിൽ മുഖ്യാതിഥിയായി.
4. തഞ്ചാവൂരിലെ കാർഷിക മേഖലയുടെ പുത്തൻ സാങ്കേതികവിദ്യകൾ മനസിലാക്കാൻ മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രതിനിധികൾ തമിഴ്നാട്ടിലേക്ക്. തഞ്ചാവൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ടെക്നോളജി, എംപ്ലോയ്മെന്റ് ആൻഡ് മാനേജ്മെന്റ്, തിരുച്ചിറപ്പള്ളി വാഴ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തുക. ഉഴവൂർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകൾ, മറ്റ് പഞ്ചായത്തുകൾ, നബാർഡ് തുടങ്ങിയവയുടെ സഹകരണത്തോടെ കാർഷിക മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് കമ്പനിയുടെ ലക്ഷ്യം. സാങ്കേതികവിദ്യ, കൃഷി, ഉൽപാദനം, വിപണനം തുടങ്ങിയ മേഖലകളിലെ പുരോഗമനം ലക്ഷ്യമിട്ട് മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയും എംജി സർവകലാശാലയും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
5. വയനാട് ജില്ലയിൽ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന അരിവണ്ടി നിരത്തിലിറങ്ങി. കല്‍പ്പറ്റ നഗരസഭ മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ എം.കെ ഷിബു വൈത്തിരി താലൂക്കിലെ മൊബൈല്‍ അരി വണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെവിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ അരിവണ്ടികൾ പ്രവർത്തനം തുടങ്ങിയത്. ജയ, കുറുവ, മട്ട , പച്ചരി തുടങ്ങി ആകെ 10 കിലോ അരി ഓരോ റേഷന്‍ കാര്‍ഡുടമകള്‍ക്കും വാങ്ങാം. നാളെയും മറ്റന്നാളും മാനന്തവാടിയിലാണ് അരിവണ്ടി എത്തുക.
6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചിറ്റൂര്‍-തത്തമംഗലം നഗരസഭയിൽ പച്ചക്കറി കൃഷിയ്ക്ക് തുടക്കം. നഗരസഭയിലെ വിവിധ വാര്‍ഡുകളിലായി രണ്ടര ഏക്കറിലാണ് കൃഷി ചെയ്യുന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എല്‍ കവിത പച്ചക്കറി കൃഷി ഉദ്ഘാടനം നിർവഹിച്ചു. ജനുവരി മാസത്തോടെ വിളവെടുപ്പ് നടത്താനാണ് തീരുമാനം. മൂന്ന് വര്‍ഷത്തിനുള്ളില്‍ നഗരസഭക്കാവശ്യമായ പച്ചക്കറികള്‍ സ്വയം ഉൽപാദിപ്പിക്കുക, എല്ലാ വാര്‍ഡിലും കൃഷിയ്ക്ക് സ്ഥലം കണ്ടെത്തുക, കൃഷിക്കാവശ്യമായ വിത്തുകള്‍ സ്പോണ്‍സര്‍ഷിപ്പ് മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് നഗരസഭയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് കൃഷി ഭരണസമിതി അധികൃതര്‍ അറിയിച്ചു.
7. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ കർഷകരെ ആദരിക്കുന്നു. മികച്ച കർഷകൻ, കർഷക, കുട്ടികർഷകൻ, നവീന കൃഷി രീതി അവലംബിക്കുന്ന കർഷകൻ, ഐഎഫ്എസ് ജൈവ പ്ലോട്ടുകൾ, ഹരിത സ്‌കൂൾ, കാർഷിക കർമ്മ സേനാംഗം, മാധ്യമ റിപ്പോർട്ടർ എന്നിവരെയാണ് ആദരിക്കുന്നത്. ഈ മാസം 24, 25, 26 തീയതികളിലാണ് മലപ്പുറത്ത് കൃഷിദർശൻ പരിപാടി നടക്കുക. പേര് നിർദേശിക്കാൻ താൽപര്യമുള്ളവർ അതാത് കൃഷിഭവനുകളിൽ നവംബർ 10നകം അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് 0497 2706154 എന്ന നമ്പറിൽ ബന്ധപ്പെടാം.
8. മത്സ്യഫെഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി 197 അപേക്ഷകർക്ക് 1.23 കോടി രൂപ ഇളവ് നൽകിയതായി പി.പി ചിത്തരജ്ഞൻ എം.എൽ.എ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യബന്ധന ഉപകരണ വായ്പ ഇനത്തിൽ 2020 മാർച്ച് 31ന് മുമ്പ് വായ്പ കാലാവധി കഴിഞ്ഞ കുടിശികയുള്ള അംഗങ്ങളുടെ അപേക്ഷയാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ വായ്പ കുടിശികയുള്ള 197 പേരുടെ പലിശ, പിഴപലിശ എന്നിവയാണ് ഒഴിവാക്കിയത്.
9. ഇടുക്കി ജില്ലയിൽ ശുദ്ധജല മത്സ്യകൃഷി വ്യാപനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. ജില്ലയിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുക, ഉൽപാദനത്തിന് ആനുപാതികമായി മത്സ്യകർഷകർക്ക് വില ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ആദായ വിലയിൽ മത്സ്യം വിപണനം ചെയ്യാൻ കഴിയുന്നില്ലെന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മീൻ വളർത്തൽ ശാസ്ത്രീയമാക്കാനും ന്യായ വില ഉറപ്പാക്കാനുമുള്ള പദ്ധതികൾ ഫിഷറീസ് വകുപ്പ് ആവിഷ്കരിക്കുന്നത്.
10. ഒമാനിൽ ഈത്തപ്പഴ ഉത്സവത്തിന് തുടക്കം. കൃഷി-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേള ഈ മാസം ഏഴിന് അവസാനിക്കും. വിവിധയിനം ഈത്തപ്പഴങ്ങൾ, ഈത്തപ്പഴ ഉൽപന്നങ്ങൾ എന്നിവയുടെ ഉൽപാദനത്തിലും, വിൽപനയിലും ഏർപ്പെട്ടിരിക്കുന്ന നിക്ഷേപകരുടെയും സംരംഭകരുടെയും 90ഓളം സ്റ്റാളുകൾ മേളയിലുണ്ട്. അതേസമയം, 2020ൽ 3,66,383 ടണ്ണായിരുന്ന രാജ്യത്തെ ഈത്തപ്പഴ ഉൽപാദനം 2021 ആയപ്പോൾ 3,74,341 ടണ്ണായി ഉയർന്നു.
11. കേരളത്തിൽ അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തമിഴ്നാടിനും സമീപ പ്രദേശത്തിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments