നിളയുടെ തണലിൽ മനോഹാരിതയുടെ സമൃദ്ധി ആവോളം പകർന്ന് കിട്ടിയ പെരുമ്പലം എന്ന കാർഷിക ഗ്രാമം
പാലക്കാട് ജില്ലയിലെ ആനക്കര കൃഷിഭവൻ പ്രദേശത്തെ പെരുമ്പലം എന്ന കാർഷിക ഗ്രാമത്തിന് കൃഷിയൊഴിഞ്ഞ നേരമില്ല
നെല്ലും, തെങ്ങും, നേന്ത്രവാഴയും, പച്ചക്കറി കൃഷികളുമൊക്കെയായ് സജീവമായ കാർഷിക ഗ്രാമം.
പച്ചപ്പ് നിറഞ്ഞ കാർഷിക വൈവിധ്യവഴികളിൽ ഇവിടം ആസ്വാദിക്കുന്ന സമൃദ്ധകാലം വേനൽ ചൂടിലെ പച്ചക്കറി കാലമാണ്.
മുണ്ടകൻ വിളയൊഴിഞ്ഞ നെൽപാടങ്ങൾ പച്ചക്കറി കൃഷിയുടെ പച്ചപ്പിനായ് വഴിമാറുന്നതോടെ,കുട്ടികൾ മുതൽ തൊണ്ണൂറ് കഴിഞ്ഞ വൃദ്ധർ വരെ ഈ കാർഷിക സ്പന്ദന സംസ്ക്കാരത്തിന്റെ കണ്ണികളാകുന്നുണ്ട്. വേനൽക്കാലത്ത് ഒരു പച്ചക്കറി വിത്തെങ്കിലും കുത്തിയിടാത്ത വീടോ, ഗ്രാമിണനോ പെരുമ്പലത്തുണ്ടാകില്ല. അതാണ് ഇവിടത്തെ വേറിട്ട കാർഷിക സവിശേഷതയും.
കർഷകർ ഒറ്റക്കും, കൂട്ടായും നടത്തുന്ന പച്ചക്കറി കൃഷികൾ, മത്തനും, വെള്ളരിയും, കുമ്പളവും, പയറും, പാവലും, പടവലവുമൊക്കെ ഇവിടത്തെ വയലുകളിൽ നൂറ്മേനി വിളവാണ് കർഷകർക്ക് പകർന്ന് നല്കുന്നത്.
പച്ചക്കറി തോട്ടത്തിനോട് ചേർന്ന റോഡിനിരുവശവും നിശ്ചിത അകലത്തിലിരുന്ന് ഉല്പാദിക്കുന്ന പച്ചക്കറികൾ ഇടത്തട്ടുക്കാരെ പരമാവധി ഒഴിവാക്കി കൊണ്ട്, കർഷകർ തന്നെ കച്ചവടക്കാരാകുന്ന വലിയൊരു വിപണന പ്രത്യേകതയും ഇവിടെയുണ്ട്. ന്യായവിലക്കാണ് ഇവർ പച്ചക്കറികൾ നേരിട്ട് വിൽക്കുന്നത്.
പ്രദേശം കടന്നു പോകുന്ന യാത്രക്കാർ റോഡിനിരുവശവും നിറഞ്ഞ് നിൽക്കുന്ന വിഷം തളിക്കാത്ത പച്ചക്കറി തോട്ടങ്ങൾ നേരിൽ കണ്ട് മനസ്സ് നിറഞ്ഞ് പച്ചക്കറികൾ വാങ്ങമെന്ന വലിയൊരു മെച്ചവുമുണ്ട്.
പച്ചക്കറി ഉല്പാദനവും, നേരിട്ടുള്ള വിപണനവുമെന്ന തലമുറകൾ പകർന്ന കാർഷിക പാരമ്പര്യം കാലങ്ങളായ് പെരുമ്പലത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസാണ്.
ഇടക്കാലങ്ങളിൽ ഇവിടങ്ങളിലെ ചിലർ പ്രവാസികളായ് മാറുന്നുണ്ടെങ്കിലും ഏതാനും വർഷങ്ങൾക്കകം തിരിച്ചെത്തി പൂർവ്വ കാർഷിക പ്രവർത്തനങ്ങളിലേക്ക് തന്നെ കർമ്മനിരതമാകുന്നതാണ് പതിവ് ശൈലി,
കർഷക കൂട്ടായ്മയായ നിള യുടെ പ്രസിഡണ്ട് രവിന്ദ്രനും കുറച്ചു കാലം പ്രവാസിയായിരുന്നു.
പ്രദേശത്തിന്റെ കാർഷിക താല്പര്യങ്ങൾ തിരിച്ചറിഞ്ഞ, ആനക്കര കൃഷിഭവന്റെ പദ്ധതി ഇടപെടലുകളും. ഗ്രാമപഞ്ചായത്തിന്റെ കരുതലും ഇവിടെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
കൃഷി വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രകാരം രൂപീകൃതമായ പച്ചക്കറി കർഷകരുടെ കൂട്ടായ്മയായ നിള എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ ഇവിടെ വിജയകരമായാണ് പ്രവർത്തിക്കുന്നത്.
പ്രദേശത്തിന്റെ നിഷ്കളങ്ക കാർഷിക താല്പര്യങ്ങളെ ഇനിയും കരുതലോടേയും, ജാഗ്രതയോടേയും കാത്ത് പോരണം. ഇവിടത്തെ ദേശസ്പന്ദനം മറ്റ് ദേശങ്ങളിലേക്കും വ്യാപരിക്കണം.
ആയതിന് വഴിവെളിച്ചം വീശുന്ന കെടാവിളക്കുകൾ നിരന്തരം, നവതലമുറകളിലേക്ക് പകരുന്നതിനുള്ള ഇടപെടലുകൾ, തീർച്ചയായും! കാലഘട്ടങ്ങൾ ആവശ്യപ്പെടുന്ന കാലവും വിദൂരമല്ല.
റിപ്പോർട്ടർ:
ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്
കൃഷിഭവൻ,
ആനക്കര
Share your comments