<
  1. News

രാജ്യത്ത് ഗോതമ്പിന്റെ മൊത്തവില കുറഞ്ഞു..കൂടുതൽ വാർത്തകൾ

കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലം രാജ്യത്ത് ഗോതമ്പിന്റെ മൊത്തവില 10 ശതമാനം കുറഞ്ഞു

Darsana J

1. രാജ്യത്ത് ഗോതമ്പിന്റെ മൊത്തവില 10 ശതമാനം കുറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലം മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിൽ 2,950 രൂപയായിരുന്ന ഗോതമ്പിന്റെ മൊത്തവില ഇപ്പോൾ 2,655 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഗോതമ്പിന്റെയും ആട്ടയുടെയും വില 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ടത്. വില കുറയ്ക്കുന്നതിന്റെ ഭാഗമായി 30 ലക്ഷം ടൺ ഗോതമ്പ് സർക്കാർ പൊതുവിപണിയിൽ വിൽക്കും. ഗോതമ്പിന് പുറമേ, ആട്ടയുടെ ചില്ലറ വിൽപ്പനയും വരും ദിവസങ്ങളിൽ കുറയുമെന്നാണ് സൂചന. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന്റെ ഇ-ലേലത്തിലൂടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്റ്റോക്കിൽ നിന്നുള്ള ഗോതമ്പ് വിൽപ്പന ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടി..കൂടുതൽ വാർത്തകൾ

2. വാഴപ്പഴത്തിൽ നിന്നും ഷാംപൂ നിർമിച്ച് പാറശ്ശാല ബനാന എക്സ്പോർട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ സംഘടിപ്പിച്ച മേളയിലാണ് ബനാന ഷാംപൂ, സോപ്പ് എന്നിവ പ്രദർശിപ്പിച്ചത്. 4 കിലോ വാഴപ്പഴത്തിൽ നിന്നും 100 ഷാംപൂ ബോട്ടിലുകൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് കമ്പനി സിഇഒ എസ് എസ് സജീഷ് കുമാർ പറഞ്ഞു. ഡോ. നീതു മോഹൻന്റെ അഗാ നാച്ചുറൽസ് എന്ന കമ്പനിയുമായി കൂടിച്ചേർന്നാണ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. കദളിക എന്ന ബ്രാൻഡിലാണ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്.

3. കേരള സംസ്ഥാന കടാശ്വാസ കമ്മീഷൻ മുഖേന കാർഷിക വായ്പകൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് അപേക്ഷിക്കാം. 2023 ജൂൺ 30 വരെ കേരള സംസ്ഥാന കടാശ്വാസ കമ്മീഷനിൽ കർഷകർക്ക് അപേക്ഷ നൽകാം. കർഷകർ സഹകരണ ബാങ്കുകളിൽ നിന്നോ, സംഘങ്ങളിൽ നിന്നോ എടുത്ത വായ്പകൾക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ കടാശ്വാസം അനുവദിക്കുന്നുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.

4. മാവേലിക്കരയിൽ കാർഷികോത്സവവും പുഷ്പമേളയും സംഘടിപ്പിക്കുന്നു. സൊസൈറ്റി ഫോര്‍ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 2 മുതല്‍ 5 വരെ മാവേലിക്കര കൊടിക്കല്‍ ഗാര്‍ഡന്‍സിലാണ് മേള സംഘടിപ്പിക്കുക. വൈവിധ്യമാർന്ന വിത്തുകള്‍, അലങ്കാര സസ്യങ്ങള്‍, ഔഷധ സസ്യങ്ങള്‍, ആധുനിക ഉപകരണങ്ങള്‍, ഓര്‍ഗാനിക് മരുന്നുകള്‍ എന്നിവ മേളയിൽ ലഭ്യമാക്കും. വ്യവസായം, വനം, ഫിഷറീസ്, സെന്‍ട്രല്‍ ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പാലോട് എന്നിവയുടെ സ്റ്റാളുകൾ മേളയിൽ അണിനിരക്കും.

5. സംസ്ഥാന ക്ഷീരസംഗമം പടവ് 2023ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. 'ആഘോഷം പാലിലൂടെ' എന്ന തീമിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 5ന് മുമ്പ് റീൽസും, അപ്‌ലോഡ് ചെയ്ത ഇൻസ്റ്റാഗ്രാം ലിങ്കും padavureel2023@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്ക്കണം. ഫെബ്രുവരി 10 മുതൽ 15 വരെ തൃശൂർ മണ്ണുത്തിയിൽ വച്ചാണ് ക്ഷീരസംഗമം നടക്കുന്നത്.

6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പാലക്കാട് മാരായമംഗലം സ്ക്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. നെല്ലായ പഞ്ചായത്തും കൃഷി വകുപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജേഷ് കൃഷ്ണപടി നിർവഹിച്ചു. 50 ചട്ടികളും പച്ചക്കറിതൈകളും ജലസേചനത്തിനായി ഡ്രിപ് ഇറിഗേഷൻ സൗകര്യവും സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.

7. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബത്തേരി സർവജന ഹൈസ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷണ രീതി വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

8. ക​ശു​വ​ണ്ടി​യു​ടെ വി​ല​യി​ടി​വിൽ പ്രതിസന്ധിയിലായി കേരളത്തിലെ ക​ർ​ഷ​കർ. ഉ​ൽപ്പാ​ദ​ന സീ​സ​ൺ തു​ട​ങ്ങി ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും തറവില ലഭിക്കാത്തത് കർഷകരെ വലയ്ക്കുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കി​ലോ​ക്ക് 120 രൂ​പ ല​ഭി​ച്ചിരുന്ന കശുവണ്ടിയ്ക്ക് ഇത്തവണ 100 രൂ​പ​യാ​ണ് വി​ല. വി​ല ഇനിയും കു​റ​യാ​ൻ സാ​ധ്യ​ത​യുണ്ടെന്ന് വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. ത​റ​വി​ല നി​ശ്ച​യി​ക്കാ​തെ ക​ശു​വ​ണ്ടി സം​ഭ​രി​ക്കു​മെ​ന്നാണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പനം.

9. സംസ്ഥാന കൃഷി വകുപ്പിന്റെ കൃഷിദർശൻ അവാർഡ് ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി. ബാങ്കിന്റെ നേതൃത്വത്തിൽ ട്രാവൻകൂർ സ്‌പിന്നിങ് മില്ലിലെ രണ്ട് ഹെക്‌ടറിൽ നടത്തുന്ന സംയോജിത കൃഷിത്തോട്ടവും, കാർഷിക മേഖലയിലെ മറ്റ് പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകിയത്. തിരുവനന്തപുരം നെടുമങ്ങാട് സംഘടിപ്പിച്ച കൃഷിദർശൻ സമാപന സമ്മേളനത്തിൽ മന്ത്രി പി പ്രസാദാണ് അവാർഡ് നൽകിയത്.

10. കൃഷി ഉപേക്ഷിക്കാനൊരുങ്ങി കുട്ടനാട്ടിലെ കർഷകർ. സംഭരിച്ച നെല്ലിന്റെ വില സർക്കാർ നൽകാത്ത സാഹചര്യത്തിൽ 800ഓളം കർഷകരാണ് കൃഷി ഉപേക്ഷിക്കുന്നത്. അഞ്ച് പാടശേഖരങ്ങളിൽ ഇനിമുതൽ കൃഷി ഇറക്കേണ്ടെന്നാണ് കർഷകരുടെ തീരുമാനം. കൂടാതെ ഉയര്‍ന്ന ഉല്‍പ്പാദന ചെലവും തൊഴില്‍ കൂലിയും കർഷകരെ വലയ്ക്കുന്ന മറ്റ് കാരണങ്ങളാണ്.

11. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്നും സബ്സിഡി സാധനങ്ങൾ വാങ്ങാൻ ബാർകോഡ് സ്കാൻ നിർബന്ധമാക്കി. ഇനിമുതൽ റേഷൻ കാർഡ് നമ്പറിന് പകരം ബില്ല് അടിക്കാൻ ബാർകോഡ് സ്കാൻ ചെയ്യും. റേഷൻ കാർഡ് നമ്പർ എന്റർ ചെയ്തു സബ്സിഡി ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ചു പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ നമ്പർ എന്റർ ചെയ്യുമ്പോഴുള്ള തെറ്റുകൾ കുറയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

12. നൂതന ഭൂജല ഡാറ്റാ ഉപയോഗവും ഉപഭോക്താക്കളും വിഷയത്തിൽ തൃശൂരിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ ഭൂജല വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുടിവെള്ള പദ്ധതികൾക്കായി കുഴൽക്കിണറുകളെ ഒഴിവാക്കി മഴവെള്ള സംഭരണികളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത ശില്പശാല മുന്നോട്ടുവച്ചു. സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റും ജില്ലാ ഭൂജല വകുപ്പ് ഓഫീസറുമായ ഡോ.എൻ സന്തോഷ് വിഷയാവതരണം നടത്തി.

13. ബസ‌്മതി അരിയ്ക്ക് ഗുണനിലവാര മാനദണ്ഡം നിശ്ചയിച്ച് ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഓഗസ്റ്റ് ഒന്നുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ബ്രൗൺ, മില്ലഡ്, മിൽഡ് ബ്രൗൺ, മിൽഡ് പാർബോയിൽഡ് ബസ‌്മതി തുടങ്ങിയ ഇനങ്ങൾക്ക് മാനദണ്ഡം ബാധകമാണ്. അരിയുടെ ശരാശരി വലിപ്പം, പാചകത്തിന് ശേഷമുള്ള വലിപ്പം, ഈർപ്പത്തിന്റെ പരിധി,​ യൂറിക് ആസിഡ് തുടങ്ങിയവ പരിശോധിച്ച് ഗുണനിലവാരം കണക്കാക്കും.

14. ഓറഞ്ച് വിളവെടുപ്പ് ആസ്വദിക്കാന്‍ സൗദി അറേബ്യയിലെ ഹരീഖിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വിളവെടുപ്പ് പൂർത്തിയായിട്ടും ചെടികളിൽ നിറയെ ഓറഞ്ച് വിളഞ്ഞ് നിൽക്കുന്നത് സഞ്ചാരികൾക്ക് കൗതുകമാണ്. ഓറഞ്ചിന് പുറമെ ഈത്തപ്പഴം, അത്തിപ്പഴം, തക്കാളി, മുരിങ്ങ, ചെറുനാരങ്ങ, മുന്തിരി, തുളസി, യൂക്കാലിപ്‌സ് എന്നിവയും ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. തികച്ചും ജൈവ രീതിയിൽ ഉൽപാദിപ്പിക്കുന്ന ഹരീഖിലെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

15. കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി മൂലമാണ് മഴ ശക്തമാകുന്നത്. ഫെബ്രുവരി രണ്ടാം തിയതി വരെ തെക്കൻ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് സൂചന. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: The wholesale price of wheat in India has decreased

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds