കൊല്ലം: തീരമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരസദസ്സ് പരിപാടിയുടെ ഭാഗമായി ജില്ലയിൽ 33,26,375 രൂപ ധനസഹായം നൽകി. ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി തുടങ്ങി അഞ്ചു തീരദേശമണ്ഡലങ്ങളിലാണ് തീരസദസ്സ് നടന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ അതത് മണ്ഡലങ്ങളിലെ എം.എൽ.എമാരും ജനപ്രതിനിധികളും പങ്കെടുത്തു. ജില്ലയിലാകെ 1618 അപേക്ഷകളാണ് ലഭിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്
കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്- 648 എണ്ണം. 17,85,000 രൂപ ധനസഹായം നൽകി. വിവാഹ ധനസഹായമായി 33 ഗുണഭോക്താക്കൾക്ക് 3,30,000 രൂപയും മരണാനന്തര ധനസഹായമായി അഞ്ച് പേർക്ക് 11,30,000 രൂപയും മത്സ്യതൊഴിലാളി മൂന്ന് ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 2,25,000 രൂപയും ഉൾപ്പെടെയാണ് 1785000 രൂപയുടെ ധനസഹായം.
ചാത്തന്നൂര്‍ മണ്ഡലത്തിൽ ഒരു മത്സ്യത്തൊഴിലാളി ഗ്രൂപ്പിന് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 25,000 രൂപയും വിവാഹ ധനസഹായമായി അഞ്ചു പേര്‍ക്ക് 50,000 രൂപയും ഉൾപ്പെടെ 75,000 രൂപയുടെ ധനസഹായം വിതരണം ചെയ്തു. 67 അപേക്ഷകളാണ് ലഭിച്ചത്.
ഇരവിപുരം മണ്ഡലത്തിൽ വിവാഹ ധനസഹായമായി ആറു ഗുണഭോക്താക്കൾക്ക് 60,000 രൂപയും ആശ്രിത ധനസഹായമായി രണ്ട് ഗുണഭോക്താക്കൾക്ക് 30,000 രൂപയും നാല് മത്സ്യതൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 1,65,000 രൂപയും ഉൾപ്പെടെ 2,50,000 രൂപയുടെ ധനസഹായം നൽകി.
കൊല്ലം മണ്ഡലത്തിൽ വിവാഹ ധനസഹായമായി 14 ഗുണഭോക്താക്കൾക്ക് 1,40,000 രൂപയും ആറു സാഫ് വനിത മത്സ്യതൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി നാല് ലക്ഷം രൂപയും ഉൾപ്പെടെ 5,40,000 രൂപയുടെ ധനസഹായമാണ് മന്ത്രി അനുവദിച്ചത്. ചവറ മണ്ഡലത്തില്‍ വിവാഹ ധനസഹായമായി 32 ഗുണഭോക്താക്കൾക്ക് 3,20,000 രൂപയും ആറു സാഫ് വനിത മത്സ്യതൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 3,51,375 രൂപയും ഉൾപ്പെടെ 6,71,375 രൂപയുടെ ധനസഹായം നൽകി.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 4.57 കോടി ചെലവഴിച്ച് ഫിഷറീസ് വകുപ്പ്
ഭവന സംബന്ധമായ പരാതികൾ, ലൈഫ് മിഷൻ, വീടിന്റെ ഉടമസ്ഥാവകാശം, പുനർഗേഹം, പുനരുദ്ധാരണം, കെഎംഎഫ്ആർ ആക്ട് സംബന്ധമായ പരാതികൾ, വിവിധ ധനസഹായ പദ്ധതികൾ, റേഷൻകാർഡ്, പട്ടയം, റീസർവേ, ഇൻഷുറൻസ്, കടാശ്വാസം, മത്സ്യബന്ധന ഉപകരണങ്ങൾ, മണ്ണെണ്ണ പെർമിറ്റ്, മത്സ്യഫെഡ് സൊസൈറ്റി അഫിലിയേഷൻ വൈദ്യുതി, കുടിവെള്ള കണക്ഷൻ, റോഡ് ടാറിംഗ് തുടങ്ങിയ വിഷയങ്ങളാണ് തീരസദസിൽ മന്ത്രി സജി ചെറിയാന്റെ പരിഗണനയ്‌ക്കെത്തിയത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീരസദസിൽ തന്നെ നടപടി എടുക്കുകയും മറ്റ് അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.
ഓൺലൈൻ മുഖേന ലഭിച്ച പരാതികള്‍ക്ക് പുറമെ നാനൂറോളം പരാതികള്‍ വിവിധ മണ്ഡലങ്ങളിലെ തീര സദസ്സ് വേദിയില്‍ വച്ച് നേരിട്ടും മന്ത്രി പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചു. അവയും തുടര്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥർക്ക് കൈമാറി. സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 23ന് നെയ്യാറ്റിൻകരയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരസദസ്സ് ഉദ്ഘാടനം ചെയ്തത്.
Share your comments