കരപ്പുറത്ത് കവിതയുടെ വിത്തുപാകിയ ഒരു കാർഷികമേളയാണ് കരപ്പുറം കാർഷികമേള എന്ന് വയലാർ ശരത്ചന്ദ്ര വർമ്മ പറഞ്ഞു. പഴയകാല കരപ്പുറത്തെ കൂടുതൽ അറിയുവാനും ചേർത്തലയുടെ ചരിത്രം പുതിയ ഒരു അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ കരപ്പുറം കാർഷികമേള പ്രദർശനം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
കരപ്പുറം കാർഷിക കാഴ്ചകളുടെ ഭാഗമായി സെന്റ് മൈക്കിൾസ് കോളേജ് പ്രദർശന നഗരിയിലെ പ്രധാനവേദിയിൽ കരപ്പുറത്തിന്റെ കാർഷിക സംസ്കൃതി എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകനായ സാജു ചേലങ്ങാടും സുസ്ഥിരവികസനത്തിന് സംയോജിത കൃഷി എന്ന വിഷയത്തിൽ അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ പത്മകുമാർ കെജി യും സെമിനാറുകൾ അവതരിപ്പിച്ചു. ചേർത്തല മുനിസിപ്പാലിറ്റി കൗൺസിലർ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി പണിക്കർ, പ്രിൻസിപ്പൽ ജില്ലാ കൃഷി ഓഫീസർ ഇൻ ചാർജ് ഷീന റ്റി. സി,സംസ്ഥാന കാർഷിക വില നിർണയ ബോർഡ് ചെയർമാൻ ഡോ പി രാജശേഖരൻ,സെമിനാർ കോഡിനേറ്റർ സ്മിത, റിട്ട ഡിജിപി ഹോർമിസ് തരകൻ എന്നിവർ പങ്കെടുത്തു.
ഉച്ചക്ക് പെൻസിൽ ഡ്രോയിങ് മത്സരവും വൈകിട്ട് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ കലാകാരന്മാർ വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു. തുടർന്ന് സംഘടിപ്പിച്ച ഇന്ത്യൻ പീപ്പിൾ തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ)യുടെ നാടൻ പാട്ട് നാട്ടരങ്ങ് പരിപാടിയുടെ മാറ്റ് വർധിപ്പിച്ചു.
സ്മാം പദ്ധതിയുടെ സ്റ്റാളിൽ ദിവസേന നടത്തുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ബ്രഷ് കട്ടർ കലവൂർ കുന്നമംഗലത്ത് അനിൽ കൃഷ്ണൻ സ്വന്തമാക്കി. രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം പടിപ്പുരക്കൽ അൻവിത്, വടക്കചേരി ജോയൽ എന്നിവരും നേടി. എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് സന്ദർശകരിൽ നിന്നും തെരഞ്ഞെടുക്കുന്ന വിജയികൾക്ക് വിവിധ കാർഷിക യന്ത്രങ്ങൾ സമ്മാനമായി നൽകും. അവസാന ദിവസത്തിൽ ബമ്പർ സമ്മാനവും ഉണ്ടാകും.
Share your comments