പാലക്കാട്: മില്ലറ്റ് കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കേരള ട്രൈബല്‍ പ്ലസില്‍ 10 ലക്ഷം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്ക് 100 ദിവസത്തെ അധിക തൊഴില്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരള ട്രൈബല്‍ പ്ലസ്. അഗളി കില ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മന്ത്രിയുടെ വാക്കുകൾ..
ഇത് തൊഴിലാളികള്‍ക്കും കര്‍ഷകനും ഗുണകരമാകും. വൈദ്യുതി എത്താത്ത പ്രദേശത്തെ വീടുകളിലേക്ക് സോളാര്‍ പദ്ധതിയിലൂടെ വൈദ്യുതി എത്തിക്കും. ആദിവാസികള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിന് അനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത്. കര്‍ഷകര്‍ക്ക് സോളാര്‍ വൈദ്യുതി പമ്പ് അനുവദിക്കും. അങ്കണവാടികളിലേക്ക് ആവശ്യമായ സോളാര്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കും.
കൂടുതൽ വാർത്തകൾ: Chicken Price; ചൂട് കനക്കുന്നു, കോഴിയിറച്ചി വില മേലോട്ട്..
സ്വയം സഹായ സംഘങ്ങള്‍ക്കുള്ള 50 വര്‍ക്ക് ഷെഡുകളുടെ നിര്‍മാണ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും, സംഘങ്ങളെ സഹായിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്കുള്ള വര്‍ക്ക്‌ഷെഡുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കിയതിന്റെ താക്കോല്‍ദാനവും നടന്നു. 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായമുള്ള 3 തൊഴിലാളികളെ ആദരിച്ചു.
അട്ടപ്പാടിയില്‍ നാഷണല്‍ മില്ലറ്റ് കോണ്‍ക്ലേവ്
അട്ടപ്പാടിയില്‍ നാഷണല്‍ മില്ലറ്റ് കോണ്‍ക്ലേവ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അഗളി ക്യാമ്പ് സെന്ററില്‍ മൂന്ന് ദിവസങ്ങളിലാണ് കോണ്‍ക്ലേവിന് നടക്കുന്നത്. പോഷകമൂല്യമുള്ള ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്ത് നല്‍കുന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണനമൂല്യം ലഭ്യമാകുന്നതിനാവശ്യമായ സാഹചര്യവും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭ്യമാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകണം. ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് കൃഷിയിലൂടെ അവരുടെ വരുമാനം വര്‍ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വേദിയില്‍ ഗായികയും ദേശീയ അവാര്‍ഡ് ജേതാവുമായ നഞ്ചിയമ്മയെ കുടുംബശ്രീ ആദരിച്ചു. കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കിയ മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതി സൃഷ്ടിച്ച മാറ്റങ്ങള്‍ സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകയും അധ്യാപികയുമായ ഡോ. എസ് ശാന്തി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്‍.ആര്‍.എല്‍എം ഡെപ്യൂട്ടി ഡയറക്ടര്‍ രമണ്‍ വാദ്ധ്വയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
Share your comments