വന്യമൃഗങ്ങളെ നേരിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്താമെന്ന് നിർദേശം. പ്രാദേശിക വികസനത്തിൽ ഗ്രാമപ്പഞ്ചായത്തുകൾ വഹിക്കുന്ന പങ്കിന്റെ അടിസ്ഥാനത്തിൽ വന്യമൃഗശല്യം പരിഹരിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്തുകളെ അധികാരപ്പെടുത്താൻ വന്യജീവി സംരക്ഷണ നിയമത്തിലെ (1972) സെക്ഷൻ 11 (ഒന്ന്) (ബി) പ്രകാരം സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടായിരിക്കുമെന്നാണ് നിർദേശം.
2021 ജനുവരി അഞ്ചിന് നടന്ന കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിന്റെ 60-ാം യോഗത്തിലാണ് വന്യമൃഗശല്യം നേരിടാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകുന്ന തീരുമാനമെടുത്തത്. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമുള്ള ഈ അധികാരം പഞ്ചായത്ത് ഭരണസമിതികൾക്ക് ലഭിച്ചാൽ വന്യജീവി സംരക്ഷണനിയമത്തിലെ രണ്ട്, മൂന്ന്, നാല് പട്ടികകളിലുള്ള മൃഗങ്ങളെ നിയന്ത്രിക്കാൻ പഞ്ചായത്തുകൾക്ക് സാഹചര്യമൊരുങ്ങും.
കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയിൽ, മാൻ തുടങ്ങിയ മൃഗങ്ങളാണ് ഈ പട്ടികയിലുള്ളത്. വന്യമൃഗങ്ങൾമൂലം ആളുകൾക്ക് പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്താൽ 24 മണിക്കൂറിനകം ആശ്വാസധനം നൽകണമെന്നും നിർദേശമുണ്ട്.
Share your comments