രോഗത്തിന്റെ ആരംഭ ദശയിൽ, അതായത് കൂമ്പിനടുത്തുള്ള ഓലകളുടെ അഗ്രം ഉണങ്ങുമ്പോൾ തന്നെ തിരിച്ചറിയുകയാണെങ്കിൽ ഉണങ്ങിയ ഭാഗം വെട്ടി മാറ്റിയതിനു ശേഷം താഴെ പറയുന്ന കുമിൾ നാശിനി പ്രയോഗം നടത്തുക. എന്നാൽ രോഗം മൂർഛിച്ച് ഓലക്കാലിന്റെ അറ്റം കരിഞ്ഞു നിൽക്കുന്ന തെങ്ങുകളിൽ നാമ്പോലയുടേയും അതിനോടു ചേർന്ന ഒന്ന് രണ്ട് ഓലകളുടേയും ചീഞ്ഞ ഭാഗങ്ങൾ മുറിച്ചു മാറ്റിയതിനു ശേഷം വേണം കുമിൾ നാശിനി പ്രയോഗം നടത്താൻ.
ഹെക്സാകോണാസോൾ - 5 EC എന്ന രാസ കുമിൾനാശിനി ഈ രോഗം വരുത്തുന്ന കുമിളിനെ നശിപ്പിക്കാൻ ഏറെ ഫലപ്രദമാണ്. ഒരു ലിറ്റർ വെള്ളത്തിൽ 6.5 മി.ലി. എന്ന തോതിൽ കലക്കി നാമ്പോലയ്ക്കു ചുറ്റുമായി തളിക്കണം. ഒരു തെങ്ങിൽ തളിക്കാനായി 300 മി.ലി. വെള്ളത്തിൽ ലയിപ്പിച്ച കുമിൾ നാശിനി മതിയാകും. കൂടാതെ ഈ രോഗം വരുത്തുന്ന കുമിളിനെ നശിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയ ഉപയോഗിച്ചുള്ള ജൈവ കീടനിയന്ത്രണരീതിയും ഫലപ്രദമാണ്.
സ്യൂഡോ മോണാസ് ഫ്ളൂറസൻസ്, ബാസില്ലസ്, സബിലസ് എന്നീ എതിർ ബാക്ടീരിയകളെ ഇതിനായി ഉപയോഗിക്കണം. ടാൽകം മാധ്യമത്തിൽ തയ്യാറാക്കിയ ഇവയുടെ കൾച്ചറുകൾ 50 ഗ്രാം വീതം ഒരുമിച്ചോ വെവ്വേറയോ അരലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി നാമ്പോലയ്ക്ക് ചുറ്റുമുള്ള ഓലക്കവിളുകളിൽ വീഴത്തക്കവിധം ഒഴിച്ചു കൊടുക്കണം. മുകളിൽ വിവരിച്ച നിയന്ത്രണ മാർഗ്ഗങ്ങൾ വർഷത്തിൽ ചുരുങ്ങിയത് രണ്ടു പ്രാവശ്യം നടത്തേണ്ടതാണ്.
ജൈവ കൃഷി ചെയ്യുന്ന കർഷകർ രാസ കീടനാശിനിക്കു പകരം നാമ്പോലയിൽ തളിക്കാനായി 1 ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാവുന്നതാണ്. കൂടാതെ മുകളിൽ വിവരിച്ച ജൈവീക നിയന്ത്രണ രീതിയും അവലംബിക്കാവുന്നതാണ്. ബാസില്ലസ് എന്ന എതിർ ബാക്ടീരിയ അടങ്ങിയ കൾച്ചർ ജൈവ കൃഷിയിൽ തളിക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്.
മുകളിൽ വിവരിച്ച രോഗ പരിപാലന മുറകൾ അവലംബിച്ച് ഓലചീയൽ വളരെ ഫലപ്രദമായി നിയന്ത്രിക്കേണ്ടത് നമ്മുടെ തെങ്ങുകളിലെ കായ്ഫലം കൂടുന്നതിന് വളരെ പ്രാധാന്യമർഹിക്കുന്നു. കുമിൾ നാശിനിളും ജൈവിക മിശ്രിതങ്ങളും തളിക്കുന്നതിനു മുമ്പായി ചീഞ്ഞ കരിഞ്ഞ ഓലകൾ വെട്ടി മാറ്റി തീയിട്ടു നശിപ്പിക്കുന്നത് രോഗ വ്യാപനം തടയാൻ സഹായിക്കും. ഒരു പ്രദേശത്തെ കർഷകർ കൂട്ടായി മരുന്നുതളി പ്രയോഗം നടത്തുന്നതായിരിക്കും രോഗം നിയന്ത്രിക്കാൻ ഏറെ ഉചിതം.
ഇതിനോടൊപ്പം തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനു ശിപാർശ ചെയ്തിട്ടുള്ള വളം ചേർക്കൽ പ്രത്യേകിച്ച് കുമ്മായം, ജൈവവളങ്ങൾ, ബോറാക്സ് തുടങ്ങിയവ നല്കുക കൂടി ചെയ്താൽ രോഗം ബാധിച്ച തെങ്ങിൽ നിന്നും വർഷം ശരാശരി 60 ഉം അതിലധികവും നാളികേരം ഉൽപദിപ്പിക്കാൻ കഴിയും. മുകളിൽ പറഞ്ഞ നിയന്ത്രണമാർഗ്ഗങ്ങൾ വർഷത്തിൽ 2 പ്രാവശ്യം നടത്തണ്ടതാണ്.
കൂടാതെ ശരിയായ വളപ്രയോഗത്തിലൂടെ മണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്തേണ്ടതുമുണ്ട്. പരമാവധി ജൈവവളങ്ങൾ ചേർത്തു കൊടുക്കുന്നതിനു പുറമേ മണ്ണു പരിശോധനയിലൂടെ സൂക്ഷ്മമൂലകങ്ങളായ ബോറോണിന്റെ അഭാവം ഉണ്ടെങ്കിൽ അതും വളപ്രയോഗത്തിലൂടെ നികത്തേണ്ടതാണ്. ഓലചീയൽ
രോഗം കൂടി വരുന്ന മിക്കവാറും തെങ്ങുകളിൽ ബോറോണിന്റെ അഭാവം കണ്ടുവരുന്നുണ്ട്.
കായ്ക്കുന്ന തെങ്ങുകൾക്ക് ജൈവവളത്തോടൊപ്പം 250 ഗ്രാം എന്ന തോതിൽ ബോറാക്സ് 2 പ്രാവശ്യം നൽകിയാൽ തെങ്ങിന്റെ സാധാരണ വളർച്ച നിലനിർത്തുവാനും ഓലചീയൽ രോഗത്തെ ചെറുക്കാനും സാധിക്കും. തെങ്ങിന്റെ കായ്ഫലം കൂടുകയും ചെയ്യും. സൂക്ഷ്മ മൂലകങ്ങളുടെ അഭാവം കൊണ്ട് ഉൽപാദനം കുറയുന്നതു തടയാൻ മണ്ണു പരിശോധനയിലൂടെ ഈ മൂലകങ്ങൾ അടങ്ങിയ വളങ്ങൾ ഉപയോഗിക്കാൻ ജൈവ കൃഷിയിലും, അനുമതി നൽകിയിട്ടുണ്ട്.
Share your comments