കേരളത്തിന്റെ ഉൽപ്പാദനോന്മുഖവും വികസനോന്മുഖവുമായ മുന്നേറ്റത്തിൽ തൊഴിൽ സഭ വലിയ പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന കേരള സർക്കാറിന്റെ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭ. തൊഴിൽ നൽകുന്നതിനുള്ള ഏറ്റവും പ്രധാന പദ്ധതിക്കാണ് ഇന്ന് തുടക്കമാവുന്നത്.
തൊഴിലവസരം വർധിപ്പിക്കുന്നതിനുള്ള ജനകീയ പദ്ധതി എന്ന നിലയിലുള്ളതാണ് തൊഴിൽ സഭയെന്ന ആശയം. പുതിയ ഒരു കേരള മാതൃകയാണ് തൊഴിൽ സഭ മുന്നോട്ടുവെക്കുന്നത്. തൊഴിൽ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരുകൾ പിൻമാറണമെന്ന കാഴ്ചപ്പാട് രാജ്യത്ത് ശക്തമാകുന്ന സാഹചര്യമാണ്.
ഇതിന്റെ ദുരനുഭവങ്ങൾ പലതും നമ്മൾ കണ്ടതാണ്. എന്നാൽ കേരളത്തിന്റേത് ബദൽ ഇടപെടലാണ്. തൊഴിൽ അന്വേഷകരേയും സംരംഭകരേയും ഒന്നിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം.
മാനവവിഭവശേഷിയും നൈപുണ്യവികസനവും മെച്ചപ്പെടുത്തുകയും വ്യവസായിക സംരംഭകത്വത്തെ പരിപോഷിപ്പിക്കുകയുമാണ് തൊഴിൽ സഭയുടെ ലക്ഷ്യം. അതത് പ്രദേശങ്ങൾക്ക് അനുയോജ്യമായ സംരംഭങ്ങൾ ആരംഭിക്കുക, അതിനനുയോജ്യമായ തൊഴിൽ സേനയെ ഉപയോഗപ്പെടുത്തുക എന്നതും ലക്ഷ്യമിടുന്നു. ഡിജിറ്റൽ വ്യവസായ രംഗത്തുണ്ടായ മാറ്റം പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ 20 ലക്ഷം അഭ്യസ്തവിദ്യർക്ക് ഡിജിറ്റൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വർക്ക് നിയർ ഹോം വർക്ക് സ്റ്റേഷനുകൾ ഒരുക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിക്കഴിഞ്ഞു. ഇതിന് 5,000 ചതുരശ്ര അടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കിയാൽ വർക്ക് സ്റ്റേഷൻ ഒരുക്കുന്നതിനുള്ള ചെലവ് സർക്കാർ നൽകും. ഇത്തരമൊരു സംവിധാനത്തിനാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിൽ അനുമതി നൽകി.
ദേശീയ അന്തർദേശീയ തൊഴിലുകൾ ലഭ്യമാക്കാൻ കഴിയുന്നുവെന്നതാണ് ഇത്തരം സംരംഭങ്ങളുടെ മെച്ചമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികൾ ജനങ്ങളിലെത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. തൊഴിൽ സഭയ്ക്കെത്തുന്നവരിൽ ഒരു വിധ അസംതൃപ്തിയും ഉണ്ടാകാതിരിക്കാനുള്ള കരുതലും തദ്ദേശ സ്ഥാപനങ്ങൾ പുലർത്തണം.
തൊഴിൽ സംരംഭകരുടെയും ദായകരുടെയും തൊഴിൽ ക്ലബ്ബുകൾ രൂപീകരിക്കണം. ജനങ്ങളുടെ മറ്റാവശ്യങ്ങൾക്ക് കൊടുക്കുന്ന അതേ പ്രാധാന്യം തൊഴിൽ സഭയ്ക്കും നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകണം-മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. ജനകീയ ഇടപെടലിന്റെ പുതിയ മാതൃകയാണ് തൊഴിൽ സഭയിലൂടെ കേരളം മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശിക സംരംഭകത്വം വർധിപ്പിച്ച് തൊഴിൽ സാധ്യകൾ കൂട്ടി വരുമാനം വർദ്ധിപ്പിക്കാനുള്ള ബദൽ ഇടപെടലാണ് തൊഴിൽ സഭയെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഡോ. വി ശിവദാസൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമെൻ കേരള ചെയർമാൻ എം കൃഷ്ണദാസ്, സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ ജിജു പി അലക്സ്, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയരക്ടർ ജാഫർ മാലിക്, ഐകെഎം എക്സിക്യുട്ടീവ് ഡയരക്ടർ ഡോ സന്തോഷ് ബാബു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവൻ, അംഗങ്ങളായ എ ദീപ്തി, വി.കെ സുമേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്കായിട്ടുള്ള നബാർഡിൻറെ വിവിധ പദ്ധതികൾ
Share your comments