വയനാട് ജില്ലയിൽ മുള കൃഷി പ്രചാരണവും നടീൽ പരിശീലനവും ആരംഭിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ എ. ഗീത നിർവഹിച്ചു. ലൈവ്‌ലി ഹുഡ് ആന്റ് എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി തൃക്കൈപ്പറ്റ ഉറവ് ഇൻഡിജിനസ് സയൻസ് ആൻഡ് ടെക്നോളജി സ്റ്റഡി സെന്ററും നബാർഡും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബർ വില ഇടിയുന്നു: കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ..കൂടുതൽ കൃഷിവാർത്തകൾ
ജില്ലയുടെ പരിസ്ഥിതി, കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സസ്യമാണ് മുള. ഒരു കൃഷി വിള എന്ന രീതിയിൽ മുളയ്ക്ക് ഏറെ സാധ്യതകളും അതോടൊപ്പം വെല്ലുവിളികളും ഉണ്ടെന്ന് കലക്ടർ എ. ഗീത പറഞ്ഞു. തുടർച്ചയായി കാലാവസ്ഥ മാറുന്നതിന്റെ പശ്ചാത്തലത്തിൽ മുളയുടെ പാരിസ്ഥിതിക പ്രാധാന്യം, സാധ്യതകൾ, നിർമാണ മേഖലയിലെ മുളയുടെ ഉപയോഗം എന്നിവ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മുളയുടെ ഉപയോഗം, പ്രജനന രീതി, മണ്ണുരുക്കൽ നടീൽ, ശാസ്ത്രീയ പരിചരണം വിളവെടുപ്പ് വിപണനം തുടങ്ങിയ മേഖലകളിൽ വിദഗ്ധർ ക്ലാസുകൾ നൽകും. മുള കൃഷിയിൽ താൽപര്യമുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകാം. പദ്ധതിയുടെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ ചെപ്പോട്ടുകുന്ന് നബാർഡ് നീർത്തട സംരക്ഷണ പദ്ധതി പ്രദേശത്തെ കർഷകർക്ക് മുളത്തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു.
നബാർഡ് ഡി.ഡി.എം വി. ജിഷ പദ്ധതി വിശദീകരിച്ചു. മുള കൃഷിയിൽ താൽപര്യമുള്ള, സ്വന്തമായി ഭൂമിയുള്ള 100 പേരെ തിരഞ്ഞെടുത്ത് പരിശീലവും സാങ്കേതിക സഹായവും നൽകാനാണ് തീരുമാനം. വ്യാവസായിക പ്രാധാന്യമുള്ള മുളയിനങ്ങൾ തിരഞ്ഞെടുത്ത് മുളന്തോട്ടങ്ങൾ നിർമിക്കുകയും അതുവഴി വരുമാന മാർഗം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, എ.ഡി.എം എൻ.ഐ ഷാജു, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, ഡി.ഐ.സി ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എ. സഫീന, മേപ്പാടി ആർ.എഫ്.ഒ ഹരിലാൽ, മെമ്പർമാരായ സി. ശ്രീജു, കെ. രാധാമണി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജീഷ്, ഉറവ് പ്രസിഡന്റ് ഡോ. കെ.കെ. സീതാലക്ഷ്മി, ഉറവ് ട്രസ്റ്റി ആന്റ് സി.ഇ.ഒ ടോണി പോൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Share your comments