തിരുവനന്തപുരം: ദേശീയ കാർഷിക ഗവേഷണ കൗൺസിലിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐസിഎആർ-സിടിസിആർഐയിൽ) കിഴങ്ങുവിള ദിനം ആഘോഷിച്ചു.
സംസ്ഥാന കൃഷി വകുപ്പ് മുൻ മന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ തൃക്കാർത്തിക ദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ണിൽ നിന്നും കൃഷിയിൽ നിന്നുമുള്ള അകൽച്ചയാണ് മനുഷ്യരാശി നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. കിഴങ്ങുവിളകളുടെ മൂല്യവർധനയുടെ ആവശ്യകതയും, ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനായ ആനന്ദിന് സമാനമായി അനുയോജ്യമായ വിപണന സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് കിഴങ്ങുവിള കർഷകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൊതുജനങ്ങൾക്കും ഗവേഷകർക്കും ഉണ്ടെന്നും ശ്രീ. മുല്ലക്കര രത്നാകരൻ പറഞ്ഞു.
ചടങ്ങിൽ ഐ എസ് ആർ സി വൈസ് പ്രസിഡന്റ് ഡോ. ജെ. ശ്രീകുമാർ, ഐ സി എ ആർ-സി ടി സി ആർ ഐ ഡയറക്ടർ ഡോ.എം.എൻ. ഷീല തുടങ്ങിയവർ സന്നിഹിതരായിരുന്നു. തമിഴ്നാട് തെങ്കാശിയിൽ നിന്നുള്ള കൂർക്ക കർഷകൻ ശ്രീ പളനിയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളും പത്തനംതിട്ട പറക്കോട് നിന്നുള്ള 50 കർഷകരും പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സിന്റേയും ഐസിഎആർ-സിടിസിആർഐയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ദിനാഘോഷം.
Share your comments