ഉത്സവകാലം പ്രമാണിച്ച് യൂണിയന്‍ ബാങ്ക് ഭവന വായ്പ പലിശ വീണ്ടും കുറച്ചു. വിപണിയില്‍ ലഭ്യമായ ഏറ്റവും താഴ്ന്ന നിരക്കിലാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. 6.40 ശതമാനം പലിശയിലാകും ബാങ്ക് പുതിയ വായ്പകള്‍ അനുവദിക്കുക. നേരത്തേ ഇത് 6.80 ശതമാനമായിരുന്നു. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.
പുതിയ ഭവന വായ്പയെടുക്കുന്നവര്‍ക്കൊപ്പം മുമ്പു വായ്‌യെടുത്തവര്‍ക്കു പുതുക്കിയ നിരക്കിലേക്കു മാറാനും അവസരമുണ്ട്. ഉത്സവ സീസണ്‍ മികച്ച രീതിയില്‍ ഉപയോപ്പെടുത്തുകയാണു ലക്ഷ്യമെന്നു ബാങ്ക് വ്യക്തമാക്കി.
ആർക്കെല്ലാം വായ്പ ലഭ്യമാക്കാം
പുതിയ വീട് വാങ്ങുന്നതിനോ, നിര്‍മ്മിക്കുന്നതിനോ, നിലവിലെ വീടിന്റെ അറ്റകൂറ്റപ്പണികള്‍ക്കോ വായ്പ ലഭിക്കും. ഇതിനു പുറമേ മറ്റു ബാങ്കുകളില്‍നിന്നുള്ള ഭവന വായ്പ യൂണിയന്‍ ബാങ്കിലേക്കു മാറ്റുന്നതിനും സഹായം ലഭിക്കും. വായ്പയെടുക്കുന്ന വ്യക്തി ഇന്ത്യക്കാരനോ, പ്രവാസിയോ ആയിരിക്കണം. 18 മുതല്‍ 75 വയസു വരെയുള്ളവര്‍ക്കാകും വായ്പ അനുവദിക്കുക.
വ്യക്തികള്‍ക്ക് ഒറ്റയ്‌ക്കോ, കൂട്ടമായോ വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്കു പരിധിയില്ല. ഉപയോക്താവിന്റെ ആസ്തിയും തിരിച്ചടവ് ശേഷിയും കണക്കാക്കി വായ്പ ലഭിക്കും. വീടുകളുടെ പുനരുദ്ധാരണത്തിനു പരമാവധി 30 ലക്ഷം രൂപയാകും വായ്പ അനുവദിക്കുക.
തിരിച്ചടവിനു മോറട്ടോറിയം
പുതിയ വീട് നിര്‍മിക്കുകയോ വാങ്ങുകയോ ആണ് ചെയ്യുന്നതെങ്കില്‍ തിരിച്ചടവിന് 36 മാസത്തെ മൊറട്ടോറിയം ലഭിക്കും. പുനരുദ്ധാരണത്തിനാണ് വായ്പയെടുത്തതെങ്കില്‍ 12 മാസമാകും മൊറട്ടോറിയം ലഭിക്കുക. കോമ്പോസിറ്റ് ഭവന വായ്പകളുടെ കാര്യത്തില്‍ ആദ്യ ഗഡു വിതരണം ചെയ്ത തീയതി മുതല്‍ 48 മാസം വരെയാകും മൊറട്ടോറിയം കാലയളവ്. അല്ലെങ്കില്‍ സ്ഥലം വാങ്ങിയ തീയതി മുതല്‍ വികസന അതോറിറ്റി അനുവദിച്ച കാലയളവ് വരെ, ഏതാണ് മുമ്പത്തേത് അതു ബാധകമാകും. പുതിയ നിര്‍മാണങ്ങള്‍ക്കും വാങ്ങലുകള്‍ക്കും പരമാവധി 30 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. പുനരുദ്ധാരണമാണെങ്കില്‍ തിരിച്ചടവ് കാലാവധി 15 വര്‍ഷമായിരിക്കും.
ഇ.എം.ഐയിലും ഇളവുകള്‍
ഭവന വായ്പയുടെ തിരിച്ചടവുകളിലും ബാങ്ക് നിരവധി ഇളവുകള്‍ അനുവദിക്കുന്നുണ്ട്. തുല്യ മാസത്തവണകളാണ്(ഇ.എം.ഐ) മുന്നോട്ടു വയ്ക്കുന്നതെങ്കിലും ചില പ്രത്യേക സഹാചര്യങ്ങളില്‍ ഇളവുകള്‍ ലഭിക്കും. കൃഷിയിലോ അനുബന്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിരിക്കുന്ന വായ്പക്കാര്‍ക്ക്, ഇ.എം.ഐക്ക് പകരം ഇക്വേറ്റഡ് ക്വാര്‍ട്ടര്‍ലി ഇന്‍സ്റ്റാള്‍മെന്റ് (ഇ.ക്യു.ഐ) അനുവദിച്ചേക്കും.
പ്രാരംഭ മാസങ്ങളില്‍ സാധാരണ ഇ.എം.ഐയേക്കാള്‍ താഴ്ന്ന മൂല്യത്തില്‍ ഇ.എം.ഐ. സജ്ജീകരിച്ച്, ശേഷിക്കുന്ന കാലയളവിലേക്ക് ഇ.എം.ഐ. തുക ഉയര്‍ത്തികൊണ്ടുവരുന്ന സ്‌റ്റെപ്പ് അപ് തിരിച്ചടവ് രീതിയും ലഭ്യമാണ്. തുടക്കത്തില്‍ കുറഞ്ഞ ഇ.എം.ഐ. അടച്ചു തിരിച്ചടവ് കാലാവധിയുടെ അവസാനം മൊത്തം തുകയും ഒരുമിച്ചടയ്ക്കാവുന്ന ബലൂണ്‍ തിരിച്ചടവും സാധ്യമാണ്.
തിരിച്ചടവ് കാലയളവില്‍ ഒരു വലിയ തുക നിക്ഷേപിച്ച് ശേഷിക്കുന്ന കാലയളവിലെ ഇ.എം.ഐകള്‍ കുറച്ചു കൊണ്ടുവരുന്ന ബുള്ളറ്റ് പേമെന്റ് രീതിയും ഉപയോക്താക്കള്‍ക്കു സ്വീകരിക്കാം.
മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ബാങ്ക് ഔദ്യേഗിക വെബ്‌സൈറ്റില്‍ നല്‍കുയിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. ഓഫറുകളില്‍ മാറ്റം വരുത്താന്‍ ബാങ്കിന് അധികാരമുണ്ട്. അതിനാല്‍ വായ്പയെടുക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുക.
Share your comments