കത്തുകൾക്കും മണി ഓർഡറുകൾക്കും മാത്രമല്ല പോസ്റ്റ് ഓഫീസ് സേവനങ്ങൾ. വിദേശ പണം ഇടപാടുകൾക്കും സ്ഥിര നിക്ഷേപങ്ങൾക്കുമായി നിരവധി സൗകര്യങ്ങൾ പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നു. അന്തർദേശീയ തലത്തിൽ പോലും മണി ട്രാൻസ്ഫര്‍ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും ലഭ്യമാകുന്നുണ്ട്.
ഇതിന് പുറമെ, ഇ-കൊമേഴ്സ് സേവനങ്ങളും ബാങ്കിങ് സേവനങ്ങളും റീട്ടെയ്ൽ സേവനങ്ങളുമെല്ലാം രാജ്യത്തെ ഏതൊരു പോസ്റ്റ് ഓഫീസിൽ നിന്നും നിങ്ങൾക്കും ലഭിക്കും. എന്നാൽ, പോസ്റ്റ് ഓഫീസുകളുടെ ഇത്തരം സേവനങ്ങളെ കുറിച്ച് പലരും അറിയാതെ പോകുന്നു. ഉപഭോക്താക്കൾക്കായി പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്ന നിരവധി സേവനങ്ങളെയും ഒപ്പം പുതിയ സേവനങ്ങളെയും കുറിച്ച് അറിയാം.
പോസ്റ്റ് ഓഫീസിൽ നിന്നുള്ള പ്രധാന സേവനങ്ങൾ
കത്തുകളും സന്ദേശങ്ങളും കൈമാറിയിരുന്ന പരമ്പരാഗത സേവനങ്ങൾ പ്രാദേശികമായും വിദേശരാജ്യങ്ങളിലേക്കും പോസ്റ്റ് ഓഫീസ് മുഖാന്തിരം എത്തിക്കുന്നു. കൂടാതെ, വിദേശത്തേക്ക് പണമയക്കുന്നതിനുള്ള സേവനങ്ങൾ, പലിശ നിരക്ക് ഉയർന്ന ഇൻഷുറൻസ് പദ്ധതികൾ, ബാങ്കിങ് സേവനങ്ങൾ എന്നിവയും ഇവിടെ നിന്ന് ലഭിക്കുന്നു.
ഗ്രാമീണ മേഖലയിൽ പ്രത്യേക പ്രീമിയം അടങ്ങുന്ന ഇൻഷുറൻസ് പദ്ധതിയും ഉറപ്പാക്കുന്നു. ആധാർ അപ്‌ഡേഷൻ, പാസ്‌പോർട്ട് സേവനങ്ങൾ, ഇന്ത്യ പോസ്റ്റ് പാസഞ്ചർ റിസർവേഷൻ എന്നിവയും പോസ്റ്റ് ഓഫീസ് സേവനങ്ങളിൽ ഉൾപ്പെടുന്നു.
പെൻഷൻ, ഇ-പേയ്‌മെന്റുകൾ, ഇ-ഐപിഒ, ഡയറക്ട് പോസ്റ്റ് , ബിസിനസ് പോസ്റ്റ്, ലോജിസ്റ്റിക് പോസ്റ്റ, കൂടാതെ വീട്ടുപടിക്കൽ എത്തിക്കുന്ന സേവനങ്ങളും ഇവിടെ നിന്നും പ്രദാനം ചെയ്യുന്നു.
ബാങ്കിങ് സേവനങ്ങൾ
ഏതൊരു സർക്കാർ- സ്വകാര്യ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന പണമിടപാടുകൾ പോലെ സുരക്ഷിതവും സുതാര്യവുമായ സേവനങ്ങൾ പോസ്റ്റ് ഓഫീസിലൂടെയും ലഭിക്കുന്നു. തപാൽ ബാങ്കിങ് എന്ന സംവിധാനമാണ് ഇതിനായി പ്രയോജനപ്പെടുത്തേണ്ടത്.
ദീർഘകാല നിക്ഷേപങ്ങൾക്കായാലും പണം നിക്ഷേപിക്കാനും പണം ട്രാൻസ്ഫറിനുമെല്ലാം ഇതിലൂടെ സാധിക്കും.
കൂടാതെ, അനവധി പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളും ഇവിടെ നിന്ന് ലഭ്യമാകും. ജനസുരക്ഷ സ്കീം, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സേവനങ്ങൾ, നെറ്റ് ബാങ്കിങ് സേവനങ്ങൾ, മണി ഓർഡർ എന്നിവയും ഇടപാടുകാർക്കായി പോസ്റ്റ് ഓഫീസ് വഴി തുറന്നിടുന്നു.
വിദേശ പണം ഇടപാടുകൾ
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കാനായാലും രാജ്യത്തുള്ളവർക്ക് വിദേശത്തേക്ക് പണം അയക്കുന്നതിനായാലുമുള്ള സംവിധാനം പോസ്റ്റ് ഓഫീസുകളിലുണ്ട്. നമ്മുടെ രാജ്യത്തുള്ള എൻആർഐ ആശ്രിത കുടുംബങ്ങൾ, വിനോദസഞ്ചാരികൾ, ഇന്ത്യയിൽ പഠിക്കുന്ന വിദേശികളായ വിദ്യാർഥികൾ എന്നിവർക്കായി അന്താരാഷ്ട്ര പണമിടപാടിനുള്ള സൗകര്യവുമുണ്ട്. ഇന്ത്യയിൽ സന്ദർശകരായുള്ള വിദേശികൾക്കും, കുടുംബാംഗങ്ങൾക്ക് പണം അയക്കാനുമാണ് ഈ സംവിധാനമുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: ചുരുങ്ങിയ സമയം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതികൾ
വെസ്റ്റേൺ യൂണിയൻ ഫിനാൻഷ്യൽ സർവീസസുമായി സഹകരിച്ചാണ് ഇന്റർനാഷണൽ മണി ട്രാൻസ്ഫർ സേവനം തപാൽ വകുപ്പ് ഉറപ്പാക്കുന്നത്.
Share your comments