ഉപഭോഗ സംസ്ഥാനമായ കേരളം പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമായി ഭൂരിഭാഗവും ആശ്രയിക്കുന്നത് തമിഴ്നാട്, കർണാടക പോലുള്ള സംസ്ഥാനങ്ങളെയാണ്. കേരളത്തിന്റെ ഉത്സവകാലങ്ങളായ ഓണത്തിനും വിഷുവിനുമെല്ലാം വമ്പിച്ച ആദായം കൊയ്യുന്നതും ഈ സംസ്ഥാനങ്ങൾ തന്നെയാണ്.
അതായത്, തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തുമ്പോൾ, ഈ വിഭവങ്ങൾ അവിടത്തെ കർഷകരിൽ നിന്ന് വാങ്ങി കേരളത്തിന് കൈമാറുന്ന ഇടനിലക്കാരും, ഇവരിൽ നിന്ന് വിപണിയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരുമാണ് ഇതിന്റെ സിംഹഭാഗവും ലാഭം നേടുന്നത്.
എന്നാൽ കർഷകനും വാങ്ങുന്നവനും ഗുണകരമായ രീതിയിൽ, പച്ചക്കറി വില നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ നിന്നും വിവിധ ഇനം പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന സംസ്ഥാനത്ത് എത്തിക്കുന്നതിന് വ്യാഴാഴ്ച നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ ധാരണയായെന്ന് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു.
ഡിസംബർ എട്ട് ബുധനാഴ്ച, ഇത് സംബന്ധിച്ച ഒരു ധാരണപത്രം ഇരു വകുപ്പുകളും ഒപ്പിടുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തെങ്കാശിയിലെ 6 കർഷകോൽപാദക സംഘങ്ങളിൽ നിന്നും പച്ചക്കറികൾ ശേഖരിക്കുന്നതിന് തീരുമാനമായെന്ന് കേരളത്തിലെയും തെങ്കാശിയിലെയും ഉന്നതതല ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. ഇതുവഴി കർഷകരിൽ നിന്ന് കർഷകോൽപാദക സംഘങ്ങൾ പച്ചക്കറികൾ ശേഖരിച്ച് ഹോർട്ടികോർപ്പിന് കൈമാറുന്നു. ഈ ഉൽപ്പന്നങ്ങൾ ന്യായ വിലയ്ക്ക് ഗുണഭോക്താക്കൾക്ക് വിപണിയിൽ നിന്നും വാങ്ങാം.
തമിഴ്നാട് കൃഷിവകുപ്പ് ദിവസേന നിശ്ചയിക്കുന്ന മാർക്കറ്റ് വില അനുസരിച്ചായിരിക്കും കർഷകരിൽ നിന്ന് അവരുടെ വിളകൾ ശേഖരിക്കുന്നത്.
പച്ചക്കറി വിലക്കയറ്റത്തിൽ നിന്നും കേരളത്തിന് ഇത് ആശ്വാസമാണെന്നതിന് ഉപരി, തെങ്കാശിയിലെ കർഷകർക്കും ഇത് ഗുണപ്രദമാണ്. കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉൽപന്നങ്ങൾ പ്രത്യേകം ഗ്രേഡിങ്ങും പാക്കിങ്ങും നടത്തിയായിരിക്കും ഉൽപ്പാദക സംഘങ്ങൾ ഹോർട്ടികോർപ്പിന് കൈമാറുന്നത്.
സവാള, ചെറിയ ഉള്ളി, നാരങ്ങ, ശീതകാല പച്ചക്കറികൾ, വെണ്ടയ്ക്ക, അമരയ്ക്ക, വെള്ളരി വർഗ വിളകൾ, പയർ വർഗങ്ങൾ, പഴവർഗങ്ങൾ എന്നിവ സംഘങ്ങളിലെ കർഷകർ കൃഷി ചെയ്യുന്നുണ്ടെന്ന് തെങ്കാശിയിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഇവ കേരളത്തിന്റെ വിപണിയിലേക്ക് ഹോർട്ടികോർപ്പ് മുഖേന എത്തുമ്പോൾ ഇരുകൂട്ടർക്കും ലാഭകരമാണെന്നതും ഈ സേവനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഉൽപന്നങ്ങൾ കർഷകോൽപാദക സംഘങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കർഷകർ വഹിക്കണം. ഇതിന് പരിഹാരമായി ഹോർട്ടികോർപ് കുറഞ്ഞത് അഞ്ച് ശതമാനം ആനുകൂല്യങ്ങൾ കർഷകർക്കും, രണ്ട് ശതമാനം സംഘങ്ങൾക്കും കൈമാറേണ്ടതായുണ്ട്.
വ്യാഴാഴ്ച തെങ്കാശി ജില്ലയിലെ കൃഷി ജോയിന്റ് ഡയറക്ടറുടെ ഓഫിസിൽ വച്ചായിരുന്നു ചർച്ച നടന്നത്. ഹോർട്ടികോർപ്പ് എംഡി ജെ.സജീവ് നേതൃത്വം നൽകിയ ചർച്ചയിൽ, കൃഷി അഡീഷണൽ ഡയറക്ടർ ശിവരാമകൃഷ്ണൻ, ഹോർട്ടികോർപ്പ് റീജനൽ മാനേജർ പ്രദീപ് എന്നിവരും തെങ്കാശിയിൽ നിന്നും ഡപ്യൂട്ടി ഡയറക്ടർ ഓഫ് മാർക്കറ്റിങ്, ഡപ്യൂട്ടി ഡയറക്ടർ ഓഫ് ഹോർട്ടി കൾച്ചർ, ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പുകൾ എന്നിവരും 6 കർഷക ഉൽപാദന സംഘങ്ങളുടെ സിഇഒമാരും കർഷക പ്രതിനിധികളും പങ്കെടുത്തു.
Share your comments