അവിയൽ മലയാളിയുടെ ക്ലാസിക് പാരമ്പര്യവിഭവമാണ്. സാധാരണയായി വെള്ളരിക്ക,കുമ്പളങ്ങ, പടവലങ്ങ, മുരിങ്ങയ്ക്ക, ചേന, നേന്ത്രക്കായ്, വഴുതനങ്ങ, മാങ്ങ എന്നീ പച്ചക്കറികൾ കൊണ്ടാണ് അവിയൽ ഉണ്ടാക്കുന്നത്. അച്ചിങ്ങ, ചക്കക്കുരു, കാരറ്റ്, കോവയ്ക്ക തുടങ്ങി മറ്റു പച്ചക്കറികളും സൗകര്യം പോലെ ചേർക്കാറുണ്ട്.
എന്നാൽ വെട്ടിക്കൂട്ട് അവിയൽ വ്യത്യസ്തവും രുചിയിൽ വേറിട്ടു നിൽക്കുന്നതുമാണ്. എൻ്റെ ചെറുപ്പകാലത്തെ ഇഷ്ടവിഭവമായിരുന്നു അത്. സാധാരണ അവിയലിനെ "ആഢ്യൻ" എന്നു വിളിക്കാമെങ്കിൽ വെട്ടിക്കൂട്ട് അവിയലിനെ "കീഴാളൻ" എന്നു വിളിക്കുന്നതിൽ തെറ്റില്ല. കാരണം ഇതിൽ കമ്പോളത്തിൽ നിന്ന് നാം വാങ്ങുന്ന പച്ചക്കറികളല്ല നമ്മുടെ തൊടിയിലും പറമ്പിലും വളരുന്ന പച്ചക്കറികളാണ് ചേർക്കുന്നത്.
കുമ്പളയ്ക്കും വെള്ളരിക്കയ്ക്കും പകരമായി പച്ച കപ്പളങ്ങ (പപ്പായ) മുരിങ്ങയ്ക്കയ്ക്ക് പകരമായി ചീരത്തണ്ട് (തായ് വേര് ഉൾപ്പെടെ), ചേനയ്ക്ക് പകരമായി ചക്കക്കുരു, വഴുതനങ്ങയ്ക്ക് പകരമായി ചേമ്പിൻതാൾ, ഏത്തയ്ക്കയ്ക്ക് പകരമായി കണ്ണൻകായോ മറ്റേതെങ്കിലും ചെറിയ ഇനം വാഴക്കായോ ആകാം. വാളമരപ്പയർ, കോവയ്ക്ക, നിത്യവഴുതനക്കായ്, തുടങ്ങിയവയാണ് മറ്റു പ്രധാന പച്ചക്കറികൾ. പുളിയ്ക്ക് മാങ്ങയോ അതില്ലെങ്കിൽ പകരം അമ്പഴങ്ങയോ ഇരുമ്പൻ പുളിയോ ആകാം. ചക്കയുടെ കാലമാണെങ്കിൽ ചക്കച്ചുളയോ ചക്കമടലോ ചേർക്കാം. ചീരയിലയും ഇടാവുന്നതാണ്. കടയിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ ഒന്നുമരുത്.
എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.
പത്തുപതിനഞ്ചു പേർക്ക് വിളമ്പാവുന്ന രീതിയിൽ ഇവിടെ പറയാം.
വാഴക്കായ് - 150 ഗ്രാം
കപ്പളങ്ങ - 750 കിലോ
ചീരത്തണ്ട് - 300 ഗ്രാം
പച്ചമുളക് - 50 ഗ്രാം
ചേമ്പിൻ താൾ - 250 ഗ്രാം
ചക്കക്കുരു - 300 ഗ്രാം
കോവയ്ക്ക - 250 ഗ്രാം
വാളവരപ്പയർ - 250 ഗ്രാം
നിത്യവഴുതന - 250 ഗ്രാം
(ഇവയുടെ അനുപാതത്തിൽ കൃത്യത നോക്കേണ്ടതില്ല. ചിലത് കിട്ടാനില്ല എങ്കിൽ ഉള്ളതു വച്ചും ചെയ്യാം)
മാങ്ങ - ഒന്ന്
തേങ്ങ - 2
വെളിച്ചെണ്ണ - 100 ഗ്രാം
ജീരകം, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്
ചെയ്യുന്ന വിധം:
കഷണങ്ങൾ നീളത്തിൽ അരിഞ്ഞ് പച്ചമുളക് കീറി മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് ഇവ ചേർത്ത് വെള്ളം ചേർക്കാതെ ചെറുതീയിൽ വാഴയിലയിട്ട് മൂടി വേവിക്കുക. ആവി കയറി കഴിഞ്ഞാൽ വാഴയില മാറ്റി നടുഭാഗം വകഞ്ഞ് 50 ഗ്രാം വെളിച്ചെണ്ണ ഒഴിക്കുക. കഷണങ്ങളിൽ ചക്കക്കുരു വേവായി കഴിഞ്ഞാൽ മാങ്ങാ ചേർത്ത് 50 ഗ്രാം വെളിച്ചെണ്ണ കൂടി ഒഴിച്ച് കറിവേപ്പിലയും അരപ്പും ചേർത്താൽ ഉടൻ വാങ്ങുക. വെട്ടിക്കൂട്ട് അവിയൽ റെഡി. ചോറിനല്ലാതെ വെറുതെ അവിയൽ മാത്രമായും കഴിക്കാൻ നല്ലതാണ്.
Share your comments