1. News

വെറ്റില കൃഷി - കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം

കേരളം പൊതുവെ വെറ്റിലക്കൃഷിക്ക് അനുയോജ്യമാണ്. നല്ല വളക്കൂറും നീര്‍വാഴ്ചയുമുള്ള മണ്ണാണ് നല്ലത്. ഭാഗികമായി തണല്‍ ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ നമ്മുടെ തെങ്ങിന്‍തോപ്പുകളും കമുകിന്‍തോട്ടങ്ങളും ഇവയുടെ കൃഷിക്ക് നല്ലതാണ്.

Arun T

കേരളം പൊതുവെ വെറ്റിലക്കൃഷിക്ക് അനുയോജ്യമാണ്. നല്ല വളക്കൂറും നീര്‍വാഴ്ചയുമുള്ള മണ്ണാണ് നല്ലത്. ഭാഗികമായി തണല്‍ ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ നമ്മുടെ തെങ്ങിന്‍തോപ്പുകളും കമുകിന്‍തോട്ടങ്ങളും ഇവയുടെ കൃഷിക്ക് നല്ലതാണ്. 

തുളസി, അരിക്കൊടി, കല്‍ക്കൊടി, വെണ്‍മണി, കരീലാഞ്ചി, ചെലന്തികര്‍പ്പൂരം, അമരവിള, കൊറ്റക്കൊടിനാടന്‍, പെരുങ്കൊടി എന്നിവയാണ് പ്രധാന ഇനങ്ങള്‍. പ്രദേശങ്ങള്‍ക്കനുസരിച്ച് ഇനങ്ങളോടുള്ള താത്പര്യവും വ്യത്യാസപ്പെട്ടിരിക്കും. മേയ് - ജൂണ്‍ മാസത്തില്‍ കൃഷിയാരംഭിക്കുന്ന ഇടവക്കൊടിയും ആഗസ്റ്റ് - സെപ്റ്റംബറില്‍ കൃഷിയാരംഭിക്കുന്ന തുലാക്കൊടിയുമാണ് വിള സീസണുകള്‍. 

കുഞ്ഞിക്കൊടിയും മുത്താച്ചിക്കൊടിയും

പ്രായമനുസരിച്ച് വെറ്റിലക്കൊടികൾ നാല് തരത്തിലുണ്ട്.

• തണ്ട് നട്ട് അഞ്ചാറുമാസം പ്രായമായത് കുഞ്ഞിക്കൊടി

• ആറുമാസം മുതൽ രണ്ടുകൊല്ലം വരെയുള്ളത് ഇളംകൊടി

•രണ്ടു മുതൽ മൂന്നരക്കൊല്ലം വരെ പ്രായമുള്ളത് മുതുകൊടി

•അതിനു മുകളിലോട്ട് പ്രായമുള്ളത് മുത്താച്ചിക്കൊടി.

•ഇതിൽ ഇളം കൊടിയിലാണ് വലിയ വെറ്റിലകൾ കാണുക. മുത്താച്ചിക്കൊടിയിലെ വെറ്റിലകൾ വളരെ ചെറുതായിരിക്കും.

കൃഷി ഇങ്ങനെ

നല്ല വെയിലുണ്ടാകണം. ഉയർന്ന കരപ്പാടങ്ങളിലും താഴ്ന്ന സ്ഥലങ്ങളിലും വളർത്താം. കവുങ്ങിൻതോപ്പുകളിലും തെങ്ങിൻ തോപ്പുകളിലും ഇടവിളയായാണ് സാധാരണ വളർത്താറുള്ളത്. നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിൽ വെറ്റില നന്നായി വളരും. ചെമ്മൺ പ്രദേശങ്ങളിലും വെറ്റില നന്നാവും. സാധാരണ രണ്ട് പ്രധാന കൃഷിക്കാലങ്ങളാണ് വെറ്റിലയ്ക്ക് അനുയോജ്യം. മേയ്, ജൂൺ മാസങ്ങളിൽ കൃഷിയിറക്കുന്ന ഇടവക്കൊടിയും ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കൃഷിയിറക്കുന്ന തുലാക്കൊടിയും. മാസത്തിൽ രണ്ടുതവണ വളം ചെയ്യണം. ജൈവവളമാണ് നല്ലത്.

ആവശ്യത്തിന് തണലുള്ള സ്ഥലം കണ്ടെത്തി 75 സെന്റീമീറ്റര്‍ വീതിയിലും ആഴത്തിലും കിളച്ച് പരുവപ്പെടുത്തണം. ഇതില്‍ നന്നായി ഉണങ്ങിപ്പൊടിച്ച ചാണകവും പച്ചിലവളവും ചാരം എന്നിവ ചേര്‍ത്തിളക്കിയെടുക്കണം. വെറ്റിലയ്ക്ക് ജൈവവളം നല്ല അളവില്‍ നല്‍കേണ്ടതുണ്ട്. ഇവയുടെ വേരുപടലത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക് ഇത് അത്യന്താപേഷിതമാണ്. ഇങ്ങനെ പരുവപ്പെടുത്തിയ തടത്തിലാണ് വെറ്റില വള്ളികള്‍ നടേണ്ടതാണ്.

രണ്ടുമൂന്നു വര്‍ഷം പ്രായമുള്ളതും കീട - രോഗ ബാധയേല്‍ക്കാത്തതുമായ വെറ്റിലക്കൊടിയുടെ തലപ്പ് ഒരു മീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത് നടീലിനായി ഉപയോഗിക്കാം. രണ്ട് മുട്ട് മണ്ണിനടിയില്‍ ഒരു മുട്ട് മണ്ണിനു മേല്‍ഭാഗത്തോട് ചേര്‍ന്ന് എന്ന തരത്തിലാവണം നടേണ്ടത്. മണ്ണ് നന്നായി അമര്‍ത്തിക്കൊടുക്കുകയും വേണം. തെങ്ങോല, കമുകോല എന്നിവകൊണ്ട് തണല്‍ നല്‍കാം. നന്നായി നനയ്‌ക്കേണ്ടതുണ്ട്. രാവിലെയും വൈകുന്നേരവുമാണ് ജലസേചനത്തിന് നന്ന്. അമിത നന ഒഴിവാക്കണം. 

ഒരു മാസത്തിനുള്ളില്‍ വള്ളികള്‍ മുളച്ചു തുടങ്ങും. ഇതിനിടയില്‍ പന്തല്‍ നിര്‍മാണം തുടങ്ങിയിരിക്കണം. പന്തലിന് താങ്ങുകാലുകളായി കിളിഞ്ഞില്‍, പഞ്ഞിമരം, തഴപ്പായ ചെടിയുടെ മുട്ടുകള്‍ എന്നിവ ഉപയോഗിക്കാം. ഇവയെ മുളക്കീറുകളും കയറുകളും ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച് വേണ്ട ഉറപ്പുവരുത്തണം. ഈ പന്തലിലേക്ക് വള്ളികളെ പടര്‍ത്തി കൊടുക്കണം. 

ഉണക്കയില പൊടിഞ്ഞത്, ചാരം, ചാണക സ്ലറി എന്നിവ ഇടവിളകളനുസരിച്ച് തടത്തില്‍ നല്‍കണം. കൊന്നയില, മാവില തുടങ്ങിയവ നല്‍കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും. 

മൂന്നാം മാസം മുതല്‍ വിളവെടുത്തു തുടങ്ങാം. ആറാം മാസം മുതല്‍ ശരിയായ വിളവ് ലഭിച്ചു തുടങ്ങും. എട്ടു ദിവസത്തിലൊരിക്കല്‍ വിളവെടുക്കുന്നതാണ് നല്ലത്. ശരിയായ കണ്ണി പൊട്ടിയില്ലെങ്കില്‍ വള്ളി ഇടയ്ക്ക് ഇറക്കി പതിയ്‌ക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ മൂന്നു മീറ്ററിനു മേല്‍ വളര്‍ന്നുകഴിഞ്ഞാല്‍ വളര്‍ച്ച മന്ദഗതിയിലാകാറുണ്ട്. ഇത് പരിഹരിക്കാനും വള്ളി ഇറക്കി പതിച്ചെടുക്കണം. ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളാണ് ഇതിന് അനുയോജ്യം. 

നീരൂറ്റിക്കുടിക്കുന്ന ചെറുപ്രാണികള്‍, ശല്‍ക്ക കീടങ്ങള്‍ തുടങ്ങിയവ വെറ്റിലയെ ആക്രമിക്കാറുണ്ട്. ഔഷധം, മുറുക്കാന്‍ എന്നീ ആവശ്യങ്ങള്‍ക്കായി വെറ്റില ഉപയോഗിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ ഒഴിവാക്കേണ്ടതുണ്ട്.

മീനെണ്ണ, സോപ്പുമിശ്രിതം, ഇതര ജൈവകീടനാശിനികള്‍ എന്നിവയുപയോഗിച്ച് കീടങ്ങളെ പ്രതിരോധിക്കാം. ബാക്ടീരിയ ബാധമൂലമുള്ള ഇലപ്പുള്ളി രോഗങ്ങള്‍ക്കെതിരേ 1 ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം സ്‌പ്രേ ശരിയായി പ്രതിരോധിക്കാവുന്നതാണ്. 

കോട്ടയം ജില്ലയില്‍ വാഴൂര്‍ ഇളപ്പുങ്കല്‍ തെക്കേമുറിയില്‍ ടി.ടി. വര്‍ഗീസ് ചെറുപ്പകാലം മുതല്‍ വെറ്റിലക്കൃഷി നടത്തിവരുന്നുണ്ട്. മികച്ച ജൈവ കര്‍ഷകനായ വര്‍ഗീസ് ഇതര ഭക്ഷ്യവിളകള്‍ക്കൊപ്പമാണ് ഇരുപത് സെന്റില്‍ കുറയാത്ത ഇടം വെറ്റിലക്കൊടിയ്ക്കും നല്‍കിവരുന്നത്. ശാസത്രീയ - പാരമ്പര്യ കൃഷിമുറകള്‍ സംയോജിപ്പിച്ചാണ് കൃഷി. രാസവളം പൂര്‍ണമായും ഒഴിവാക്കും. തോട്ടത്തിലെ വൃത്തി പരമപ്രധാനം. വെറ്റിലക്കൃഷി 'സത്യമുള്ള കൃഷിയെന്നാണ്' വര്‍ഗീസ് പറയുന്നത്. തോട്ടത്തിന്റെ വൃത്തിക്കൊപ്പം വ്യക്തിശുചിത്വവും പാലിച്ചുകൊണ്ടു മാത്രമേ കൃഷിപ്പണികള്‍ക്കിറങ്ങാവൂ എന്നും വര്‍ഗീസ് പറഞ്ഞുവെച്ചു. 


എട്ടു ദിവസത്തിലൊരിക്കല്‍ വിളവെടുക്കാം. പാമ്പാടി, കോട്ടയം ചന്തകള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. വലുപ്പം, ആകൃതി, വൃത്തി എന്നിവയുടെ അടിസ്ഥാനത്തില്‍ 30 വെറ്റകളെ കെട്ടുകളാക്കി വൃത്തിയുള്ള വാഴനാരില്‍ കെട്ടിയൊരുക്കുന്നു. വെള്ളം നനച്ച് പച്ചവാഴയിലയില്‍ എട്ടുദിവസം വരെ സൂക്ഷിക്കാനാകും.

ഇപ്പോൾ 10 ദിവസം കൂടുമ്പോൾ വെറ്റില നുള്ളുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. ഒരുമാസം 90 കെട്ട് വെറ്റിലവരെ ലഭിക്കും. 80 രൂപയാണ് കെട്ടിന് കിട്ടുക. ചെറിയ വെറ്റിലയ്ക്ക് 45 രൂപവരെ ലഭിക്കും

ക്ഷമയും സഹനശേഷിയുമുള്ള കര്‍ഷകര്‍ക്ക് ധൈര്യപൂര്‍വം തെരഞ്ഞെടുക്കാവുന്ന പരിശുദ്ധ വിളയാണ് വെറ്റിലയെന്ന് തെക്കേമുറിയില്‍ വര്‍ഗീസ് എന്ന അന്‍പത്തേഴുകാരന്‍ പറയുന്നു. തീര്‍ച്ചയായും വിശ്വസിക്കാം - നാല്പ്പത് വര്‍ഷത്തെ അനുഭവപാരമ്പര്യം ഈ മാതൃകാകര്‍ഷകന് ഇക്കാര്യത്തിലുണ്ട്. വെറ്റിലക്കൃഷിയെക്കുറിച്ച് കൂടുതലായറിയുവാന്‍ ദയവായി വിളിക്കുക.

വര്‍ഗീസ് ഫോണ്‍: 9400658122

വെറ്റില കൃഷിയിലൂടെ സ്ഥിരവരുമാനം

വെറ്റില മാഹാത്മ്യം

English Summary: vettila farming vargese kjarsep2120

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds