ചേർപ്പ് - അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധികളിലെ പാട ശേഖരങ്ങളിൽ വൈറസ് ബാധയേറ്റ് കൃഷി നശിച്ചത് സംബന്ധിച്ച് കൃഷിമന്ത്രി പി പ്രസാദ്, റവന്യൂമന്ത്രി കെ രാജൻ എന്നിവരെ നേരിൽ കണ്ട് ചർച്ച നടത്തി എംഎൽഎ സി സി മുകുന്ദൻ. കർഷകർക്ക് ആവശ്യമായ ധനസഹായം നൽകണമെന്നും മറ്റ് കൃഷി സ്ഥലങ്ങളിലേക്ക് രോഗ പകർച്ച തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
വൈറസ് ബാധയേറ്റ കൃഷിസ്ഥലങ്ങൾ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും കർഷക സംഘടനാ പ്രതിനിധികളുമൊത്ത് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ചാഴൂർ പഞ്ചായത്തിലെ പൊറുത്തൂർ, ആലപ്പാട് എന്നിവിടങ്ങളിലും പാറളം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം - ആലപ്പാട് പടവുകളിലുമായി 400 ഏക്കർ വിളഞ്ഞ് നിൽക്കുന്ന കൃഷിയാണ് നാശത്തിലെത്തിയിട്ടുള്ളത്. പൊറുത്തൂർ, ആലപ്പാട് പടവിലെ ഭൂരിപക്ഷം കർഷകരും കൃഷി നാശത്തിന്റെ ആശങ്കയിലാണ്. പള്ളിപ്പുറം- ആലപ്പാട് കോൾ കർഷക സഹകരണ സംഘത്തിലെ 500 ഏക്കർ സ്ഥലത്തെ നെൽകൃഷിയിൽ 300 ഏക്കറിലും വൈറസ് ബാധയാൽ കൃഷിനാശമുണ്ടായിട്ടുണ്ട്
മണ്ണുത്തി കാർഷിക സർവകലാശാല വികസിപ്പിച്ച വിത്തിനങ്ങൾ വാങ്ങാം
കൊക്കോ കൃഷി: കേരള കാര്‍ഷിക സര്‍വകലാശാല - മോണ്‍ഡെലസ് കമ്പനി കരാര്‍ പുതുക്കുന്നു
കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കാർഷിക സർവകലാശാല അധികൃതരും ദിവസങ്ങൾക്ക് മുൻപ് തന്നെ സ്ഥല സന്ദർശനം നടത്തി നാശനഷ്ടം വന്ന ചെടികളും മറ്റും സാമ്പിൾ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളതാണ്. അതിന്റെ പരിശോധനാഫലമനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ അറിയിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഇന്ദുലാൽ, പാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, വൈസ് പ്രസിഡന്റ് സിബി സുരേഷ്, പഞ്ചായത്ത് അംഗം സുബിത സുഭാഷ്, പള്ളിപ്പുറം -ആലപ്പാട് കോൾ ഫാമിങ് സൊസൈറ്റി സെക്രട്ടറി കെ എസ് ബോസ്, ഭരണസമിതി അംഗം രവി എം സി തുടങ്ങിയവരും സന്നിഹിതരായി.
Share your comments