വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജലവിഭവ വകുപ്പ് കുടിവെള്ള സംരക്ഷണ പദ്ധതി നടപ്പാക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് ജലസ്രോതസുകളുടെ സംരക്ഷണമാണ്.ആദ്യഘട്ടത്തില്‍ ജലത്തിൻ്റെ ദുരുപയോഗം ഒഴിവാക്കുകയും മലിനപ്പെടുത്തുന്നത് തടയുകയും ചെയ്യുന്നതിന് വിപുലമായ ബോധവത്കരണ പരിപാടികളാണ് നടപ്പാക്കുക.
ജലദൗര്‍ലഭ്യത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. വേനല്‍ക്കാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രാദേശിക വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെട്ട കമ്മിറ്റികള്‍ രൂപീകരിക്കും. ബോധവത്കരണത്തിന്റെ ഭാഗമായി ജലം സംരക്ഷിക്കുന്നത് സംബന്ധിച്ച് ലഘുലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്യും. വിവിധയിടങ്ങളില്‍ ശില്‍പശാലകളും സംഘടിപ്പിക്കും.മഴവെള്ള സംഭരണികള്‍ ഒരുക്കുകയും പുതിയതായി കിണറുകളും കുളങ്ങളും നിര്‍മിക്കുകയും ചെയ്യും.
ജലം ലഭ്യമായ ക്വാറികളിലെ വെള്ളം ഉപയോഗയോഗ്യമാക്കും.ഡാമുകളില്‍ നിന്ന് ജലവിതരണം നടക്കേണ്ട കനാലുകള്‍ വൃത്തിയാക്കും. കുടിവെള്ള സ്രോതസുകളെ ഉപ്പുവെള്ളം, മലിന വസ്തുക്കള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കും. ഉപ്പുവെള്ളം കയറാനിടയുള്ള നദികളില്‍ കുടിവെള്ള സ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കും. പ്രത്യേക പദ്ധതികള്‍ ആവശ്യമായ സ്ഥലങ്ങളില്‍ വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കും.ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സമിതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കും. റവന്യു, ആരോഗ്യം വകുപ്പുകളും ഹരിത കേരള മിഷനുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക.
Share your comments