പൊതുവേ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും അടുത്താഴ്ച കേരളത്തിൽ. ചൂട് ഏറി വരുന്നതിനാൽ ആരോഗ്യസംരക്ഷണത്തിൽ ജാഗ്രത പാലിക്കണം.രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കാം.
ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്.
ജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ കിണറുകളിലും ടാപ്പുകളിലും ലഭിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.
ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളം കുടിക്കുക. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങളും, പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.ശരീരം മുഴുവന്‍ മറയുന്ന തരത്തിലുള്ള ഇളം നിറമുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെയില്‍ നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് തടയാന്‍ വെയിലത്ത് കുടയോ തൊപ്പിയോ ഉപയോഗിക്കാവുന്നതാണ്.വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഇരുത്തിയിട്ട് പോകുന്നത് ഒഴിവാക്കണം.ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പാനീയങ്ങള്‍ തയ്യാറാക്കുന്നതിന് തിളപ്പിച്ചാറിയതോ ശരിയായി ഫില്‍റ്റര്‍ ചെയ്തതോ ആയ വെള്ളം മാത്രം ഉപയോഗിക്കണം. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പാക്കണം.
വളരെ ഉയര്‍ന്ന ശരീരോഷ്മാവ്, വറ്റിവരണ്ട ചുവന്ന ശരീരം, ശക്തമായ തലവേദന, തലക്കറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, എന്നിവ സൂര്യാഘാതം ഏറ്റതിന്റെ ലക്ഷണങ്ങളാണ്. ഇവ അനുഭവപ്പെട്ടാല്‍ വെയിലത്തുനിന്നു മാറി വിശ്രമിക്കുകയും നന്നായി വെള്ളം കുടിക്കുകയും ചെയ്യണം. ദീര്‍ഘമായി ശ്വസിക്കുക. കൂടുതല്‍ ഭാഗത്ത് സൂര്യാതപം ഏറ്റതായി തോന്നുകയോ, അസ്വസ്ഥതകള്‍ നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ വിദഗ്ധ ചികിത്സ തേടണം.
Share your comments