 
            ബുധനാഴ്ച (ജൂൺ ഏഴ് ) വരെ കേരള തീരത്തും വെള്ളിയാഴ്ച (ജൂൺ 9) വരെ കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ കേരള, കർണാടക, ലക്ഷ്ദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
ജൂൺ ഏഴ്, എട്ട്, ഒൻപത് തിയതികളിൽ മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള തെക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും തെക്കൻ മഹാരാഷ്ട്ര , ഗോവ തീരം, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള തിയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
അറബിക്കടലിൽ ന്യൂനമർദ്ദം; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കൻ അറബികടലിൽ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യുനമർദ്ദം, മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കാം.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റോടുകൂടിയ മഴയ്ക്കും ബുധനാഴ്ച (ജൂൺ 7) മുതൽ വെള്ളിയാഴ്ച (ജൂൺ 9) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments