വാട്സാപ്പ് അവരുടെ സർവീസ് ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തിയ വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.
പുതിയ ചട്ടങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുമ്പോൾ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ -- അതായത് നിങ്ങൾ വാട്സ്ആപ് മുഖേന മറ്റുള്ളവരോട് എങ്ങിനെയൊക്കെ ഇടപഴകുന്നു, എന്തൊക്കെ സാധനങ്ങൾ വാങ്ങുന്നു, നിങ്ങളുടെ ഫോൺ നമ്പർ -- മുതലായ വിവരങ്ങൾ വാട്സ്ആപ് വാണിജ്യാവശ്യങ്ങൾക്കായി അവരുടെ പാർട്ണർ ആയ മറ്റു കമ്പനികളുമായി പങ്കുവെക്കും (കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും താഴെ കാണുക).
അടുത്ത മാസം മുതൽ പുതിയ ചട്ടങ്ങൾ നിലവിൽ വരികയാണ്. ഇതനുസരിച്ച് പല യൂസേഴ്‌സും ടെലെഗ്രാമിലേക്കോ സിഗ്നൽ ആപ്പിലേക്കോ മാറിക്കൊണ്ടിരിക്കുകയാണ്.
പക്ഷെ പലർക്കും ടെലെഗ്രാമും സിഗ്നലും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് അറിവില്ല. അതാണ് ഈ പോസ്റ്റിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നത്.
കമ്പനി vs ട്രസ്റ്റ്
ആദ്യത്തെ വ്യത്യാസം ടെലിഗ്രാം വാട്സാപ്പ് പോലെ തന്നെ ഒരു കമ്പനിയുടെ ഉത്പന്നം ആണ്. ലാഭം ഉണ്ടാക്കുക എന്നത് തന്നെ ആണ് അവരുടെയും ലക്‌ഷ്യം.
സിഗ്നൽ എന്നത് കമ്പനി ഉത്പന്നം അല്ല.
സിഗ്നൽ ഫൗണ്ടേഷൻ എന്ന സംഘടന ആണ് സിഗ്നൽ എന്ന ആപ്പിന്റെ ഉത്പാദനം ഇപ്പോൾ നിയന്ത്രിക്കുന്നത്.
ഇതൊരു നോൺ പ്രോഫിറ് സംഘടന ആണ്. അതായത് ലാഭം ഉണ്ടാക്കൽ അല്ല ലക്‌ഷ്യം.
ഫൗണ്ടേഷൻ നടക്കുന്നത് ഓരോരുത്തരും സ്വമേധയാ നൽകുന്ന സംഭവകളിൽകൂടെ ആണ്. ഇനി അഥവാ അവർ മറ്റേതെങ്കിലും രീതിയിൽ പോലും വരുമാനം കണ്ടെത്തിയാൽ പോലും അതിൽനിന്ന് ലഭിക്കുന്ന ലാഭം ഒരിക്കലും ഫൗണ്ടേഷൻ്റെ ട്രസ്റ്റികൾക്ക് പങ്കുവച്ച് എടുക്കാൻ കഴിയില്ല. അത് ആ സംഘടനയിൽ തന്നെ ഭാവിയിലേക്ക് ആയി നീക്കിവെക്കണം.
വാട്സാപ്പിനെ കാശുകൊടുത്തു സുക്കർബർഗ് വാങ്ങിയ പോലെ ചിലപ്പോൾ ടെലെഗ്രാമിനെയും വാങ്ങാം, പക്ഷെ സിഗ്നൽ ഫൗണ്ടേഷൻ എന്ന ട്രസ്റ്റിനെ വാങ്ങാൻ കഴിയില്ല.
ട്രസ്റ്റിന്റെ ലക്ഷ്യങ്ങളിൽ ഏറ്റവും പരമപ്രധാനമായി പറഞ്ഞിട്ടുള്ളത് "തികച്ചും സ്വകാര്യതയുള്ള രീതിയിൽ ആളുകളെ ആശയവിനിമയം നടത്താൻ സഹായിക്കുക" എന്നതാണ്.
ഓപ്പൺസോഴ്സ്
സിഗ്നൽ ഒരു ഓപ്പൺ സോഴ്സ് ഉത്പന്നം ആണ്.
അതായത് അതിൻ്റെ ആന്തരിക പ്രവർത്തനങ്ങൾ നമുക്ക് മനസ്സിലാകത്തക്ക രീതിയിൽ അതിൻ്റെ മുഴുവൻ കോഡും സിഗ്നൽ ഫൗണ്ടേഷൻ സ്വന്തം വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ടെലെഗ്രാമോ വാട്സാപ്പോ ഇങ്ങിനെ ചെയ്യുന്നില്ല, അതുകൊണ്ട് തന്നെ അവയുടെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ കഴിയില്ല.
മാത്രമല്ല, സിഗ്നലിന്റെ കോഡ് ഉപയോഗിച്ച് ആർക്ക് വേണമെങ്കിലും അതുപോലുള്ള അപ്പ്ലികേഷനുകൾ ഉണ്ടാക്കി മാർക്കറ്റിൽ ഇറക്കാൻ ഫൗണ്ടേഷൻ അനുവദിക്കുന്നുണ്ട് (GPLv3 License).
നാളെ ഫൗണ്ടേഷൻ ഇല്ലെങ്കിൽ പോലും ഈ അപ്ലിക്കേഷൻ മറ്റൊരു കമ്പനിക്കോ സംഘടനക്കോ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായകരമാകും.
എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ
ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ സിഗ്നൽ ആപ്പ് എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ നടപ്പാക്കുന്നു. അതായത് നിങ്ങൾ ടൈപ്പ് ചെയ്യുന്ന മെസേജുകളും നിങ്ങൾ സൃഷ്ടിക്കുന്ന വീഡിയോ തരംഗങ്ങളും അതുപോലെ തന്നെ നെറ്റിലൂടെ വിടുകയല്ല ചെയ്യുന്നത്.
പകരം അതിനെ ആദ്യം കോഡ് ഭാഷയിൽ ആക്കിയിട്ടാണ് നിങ്ങൾ ഉദ്ദേശിക്കുന്ന ആൾക്ക് അയക്കുന്നത്..
ഇടക്ക് വച്ച് ആ സന്ദേശം സിഗ്നൽ ഫൗണ്ടേഷന്റെ കംപ്യൂട്ടറുകളിലോ സെർവറുകളിലോ ടച് ചെയ്യുന്നില്ല, അതുകൊണ്ട് തന്നെ അവർക്ക് പോലും ആ സന്ദേശം വായിക്കാനോ കാണാനോ കഴിയില്ല.
ഇനി ഈ സന്ദേശം നിങ്ങളുടെ ഓഫീസ് നെറ്റ്‌വർക് നടത്തുന്ന IT അട്മിന്സിനോ നിങ്ങളുടെ ഇന്റർനെറ്റ് സേവനദാതാവിനോ വായിക്കാൻ കഴിയില്ല, കാരണം അത് പൂർണമായും കോഡ് ഭാഷയിൽ (ENCRYPTED) ആണ്. അത് നിങ്ങൾ ഉദ്ദേശിച്ച ആൾക്ക് മാത്രമേ തുറക്കാനാകൂ.
ടെലെഗ്രാം ഇങ്ങിനെ അല്ല പ്രവർത്തിക്കുന്നത്. സാധാരണ ഗതിയിൽ അത് സന്ദേശങ്ങൾ എൻക്രിപ്ട് ചെയ്യില്ല. വേണമെങ്കിൽ ONE TO ONE (വ്യക്തിപരമായ) ചാറ്റുകൾ എൻക്രിപ്ട് ചെയ്യാം. പക്ഷെ അതിന് നിങ്ങൾ ആ ചാറ്റിനെ സീക്രെട് ചാറ്റ് ആക്കി മാറ്റേണ്ടതുണ്ട്.
ഇനി സീക്രട് ആക്കി മാറ്റിയാലും അവ തുറക്കാനുള്ള കീ കമ്പനിയുടെ സെർവറിൽ ഉണ്ടായിരിക്കും.
സിഗ്നലിൽ അങ്ങിനെ അല്ല -- അയക്കുന്ന ആളിൽനിന്ന് സന്ദേശം നേരെ പോകുന്നത് കേൾക്കുന്ന ആളിലേക്കാണ്, ഇടയിൽ കമ്പനി സർവർ ഇല്ല.
പോരാത്തതിന് ടെലിഗ്രാം സീക്രട് സന്ദേശങ്ങൾ എൻക്രിപ്ട് ചെയ്യാൻ ഉപയോഗിക്കുന്ന ടെക്‌നോളജി എന്താണ് എന്ന് അവർ വിശദീകരിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ആ എൻക്രിപ്‌ഷൻ എത്രകണ്ട് ശക്തമാണ് എന്ന് പറയുക ബുദ്ധിമുട്ടാണ്. ബലഹീനമായ എൻക്രിപ്‌ഷൻ ആണെങ്കിൽ കോഡ് പൊട്ടിക്കാൻ ഒരു പക്ഷെ മറ്റുള്ളവർക്ക് കഴിഞ്ഞേക്കും. ഗ്രൂപ്പ് ചാറ്റുകൾ പൊതുവെ എൻക്രിപ്റ്റഡ് അല്ല.
പോരാത്തതിന് ടെലിഗ്രാമിൽ സീക്രട് ചാറ്റ് അല്ലാത്ത എല്ലാ ചാറ്റുകളുടെയും ഒരു കോപ്പി കമ്പനി സ്വന്തം സെർവറിൽ സൂക്ഷിച്ച് വക്കുന്നു. സിഗ്നലിയിൽ അങ്ങിനെ ഒരു സംവിധാനം ഇല്ല. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ ഫോണിൽ തന്നെ സൂക്ഷിക്കണം. ഫോൺ നഷ്ടപ്പെട്ടാൽ പഴയ മെസേജുകൾ നിങ്ങൾക്ക് കമ്പനി സർവറിൽനിന്ന് ഡൗൺലോഡ് ചെയ്യാനൊന്നും പറ്റില്ല, കാരണം ഇത് ഒരു ONE TO ONE സംവിധാനം ആണ്.
മറ്റൊരു വ്യത്യാസം ടെലെഗ്രാമിൽ ഇപ്പോൾ വീഡിയോ കോളിംഗ് ഇല്ല എന്നതാണ്. സിഗ്നലിൽ നിങ്ങൾക്ക് ഫോണില്നിന്നോ കംപ്യൂട്ടറിൽനിന്നോ കോളോ വീഡിയോ കൊളോ നടത്താവുന്നതാണ്
Share your comments