ഹിന്ദിക്കാരുടെ അടുക്കളയില്‍ വെന്തുപാകമാവുകയാണ് നമ്മുടെ ചക്ക. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചക്ക പോകുന്നത് കേരളത്തില്‍നിന്നാണ്.
ചക്കകള്‍ പല അട്ടികളായി ലോറികളില്‍ അടുക്കി ഏറ്റവും മുകളില്‍ ഐസ് കട്ടകള്‍ വെക്കും. ഐസില്‍നിന്നിറങ്ങുന്ന വെള്ളം ചക്ക കേടാകാതെ സഹായിക്കും. പച്ചക്കറിയായിട്ടാണ് അവിടെ ഇത് ഉപയോഗിക്കുന്നത്.
ഓരോ വര്‍ഷവും അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഏകദേശം 50,000 ടണ്‍ എന്നാണ് കണക്ക്. ചക്കയുടെ ശരാശരി ഭാരം ഒന്നിന് 10 കി.ഗ്രാം എന്നുകൂട്ടിയാല്‍ 50 ലക്ഷം ചക്ക പുറത്തേക്ക് കൊണ്ടുപോകുന്നുവെന്ന് കണക്കാക്കാം.
ഇറച്ചിയുടെ പകരക്കാരനാണ് ഉത്തരേന്ത്യയില്‍ ചക്ക. ‘ഡമ്മി മീറ്റ്’ എന്ന് ഓമനപ്പേര്. വില കൂടുതലായതിനാല്‍ സമ്പന്നരാണ് ഇതിന്റെ ഗുണഭോക്താക്കളിലേറെയും. അതുകൊണ്ട് ധനികന്റെ സബ്ജിയായും അറിയപ്പെടുന്നു.
കേരളത്തില്‍ ഇപ്പോള്‍ ചക്ക സീസണാണ്.
പലയിടത്തും വിലപോലും വാങ്ങാതെയാണ് ചക്ക കൊടുക്കുന്നത്. ശരാശരിവില കണക്കാക്കിയാല്‍ത്തന്നെ എട്ടുരൂപയ്ക്ക് അപ്പുറമില്ല. ഇവിടെനിന്ന് മുന്നൂറോ നാനൂറോ കിലോമീറ്റര്‍ അകലെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇതെത്തിച്ചാല്‍ ഒന്നിന് മൂന്നൂറുമുതല്‍ നാനൂറുവരെ രൂപ വിലകിട്ടും. ഇവിടെ 50 ലക്ഷം ചക്കയ്ക്ക് പരമാവധി കിട്ടുക നാലുകോടി രൂപയാണ്. ഒരു ചക്കയ്ക്ക് 300 രൂപ വിലവെച്ചാല്‍പോലും ഉത്തരേന്ത്യയില്‍ ഇതിന് കിട്ടുന്നത് 150 കോടി രൂപയും. 146 കോടിയുടെ അന്തരം!
തൊട്ടടുത്ത തമിഴ്‌നാട്ടില്‍ കിലോയ്ക്ക് 25 രൂപയാണ് വില. ആ കണക്കില്‍ നോക്കിയാലും 50,000 ടണ്‍ ചക്കയ്ക്ക് 125 കോടി രൂപ കിട്ടും.വേണമെങ്കില്‍ വേരിലും കായ്ക്കാന്‍ മടിയില്ലാത്ത ചക്കയ്ക്ക്, വേണമെന്നുവെച്ചാല്‍ നമ്മുടെ നാട്ടിലും നല്ല വില കിട്ടും. എട്ടും പത്തും രൂപയല്ല, ആയിരങ്ങള്‍. ഇച്ഛാശക്തിമാത്രംമതി. ഇവിടെ പാഴാകുന്നത് 28.8 കോടി ചക്കയെന്നാണല്ലോ കണക്ക്. ഒരു ചക്കയ്ക്ക് 1000 രൂപ കിട്ടുന്നുവെന്നു കരുതുക. അങ്ങനെ കണക്കാക്കിയാല്‍ നഷ്ടമാകുന്നത് 28,800 കോടി രൂപയുടെ ചക്ക. ഇനി ചക്കയൊന്നിന് 1000 രൂപ കിട്ടുമോ എന്നാവും സംശയം. ഒരു ചക്കയില്‍നിന്ന് 3000 രൂപവരെ ഉണ്ടാക്കുന്നവര്‍ ഉണ്ട് .
Share your comments