തിരുവനന്തപുരം: ആലപ്പുഴയിലെ കയർ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനോടുബന്ധിച്ച് കലവൂർ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന ആലപ്പുഴ ജില്ലയിലെ ആദ്യ പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കയർ വ്യവസായവുമായി ബന്ധപ്പെട്ട് യോഗത്തിലുയർന്ന ആശങ്കകളോട് മുഖ്യമന്ത്രി പ്രതികരിച്ചു. ഉല്പന്ന വൈവിധ്യവത്കരണമാണ് കയർ മേഖലയ്ക്കാവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഉത്പാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായെല്ലാം ചർച്ച നടത്തി ആവശ്യമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കയർ വ്യവസായ സംരക്ഷണത്തിനായി രൂപീകരിച്ച കയർ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് കയർ മേഖലയിലെ 50 തൊഴിലാളികൾക്ക് പരിശീലനം നൽകി. ഇവർക്ക് 600 രൂപ സ്റ്റൈപ്പെൻറ്റും നൽകിയിരുന്നു. കെട്ടിക്കിടന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞു. കയർ ഫെഡിന്റെ 22 ഗോഡൗണുകളിൽ 11 ഗോഡൗണുകളിലെ ഉത്പന്നങ്ങൾ വിറ്റഴിച്ചു. ചകിരിയുടെയും കയറിന്റെയും ഗുണമേന്മ വർധിപ്പിക്കാനുതകുന്ന പദ്ധതിയും നടപ്പാക്കി വരികയാണ്. ഇതിനായി തൊഴിലാളികളുമായി ചർച്ച നടത്താനും മാറ്റങ്ങൾ കൊണ്ടുവരാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകൾക്ക് കയർ മേഖലയിലും എല്ലാ തൊഴിൽ മേഖലകളിലും എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ കഴിയണമെന്നാണ് സർക്കാർ നിലപാട്.
കയർ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. കയർ വ്യവസായത്തെ സംരക്ഷിക്കാൻ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചു. അതിന്റെ മാറ്റവും ഈ മേഖലയിൽ പ്രകടമായി. കയർ തൊഴിലുമായി ബന്ധപ്പെട്ട് വല്ലാതെ അസ്വസ്ഥമായ അന്തരീക്ഷമായിരുന്നു 2016 ന് മുൻപുണ്ടായിരുന്നത്. പ്രക്ഷോഭങ്ങളും അതിന്റെ ഭാഗമായി ഉണ്ടായി. ഇവ പരിഹരിക്കാനുള്ള സർക്കാർ ഇടപെടൽ വലിയ മാറ്റങ്ങളുണ്ടാക്കി.വിലപ്പെട്ട നിർദേശങ്ങളാണ് യോഗത്തിലുയർന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർദേശങ്ങൾ എല്ലാം ഗൗരവമായി സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, വിപ്ലവ ഗായിക പി.കെ. മേദിനി, ഫാ. നെൽസൺ തൈപ്പറമ്പിൽ, ട്രാവൻകൂർ മാറ്റ് ആന്റ് മാറ്റിംഗ് കമ്പനി പ്രതിനിധി പ്രസാദ്, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വിസി പി.കെ. മൈക്കിൾ തരകൻ, ആലപ്പുഴ മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച്. അബ്ദുൾ നാസർ തങ്ങൾ, കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ, എ.എം. ആരിഫ് എം.പി., എം.എൽ.എമാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ് തുടങ്ങിയവർ പങ്കെടുത്തു. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലെ ക്ഷണിക്കപ്പട്ട 300 അതിഥികളാണ് യോഗത്തിൽ പങ്കെടുത്തത്. ജില്ലാ കളക്ടർ ജോൺ സാമുവൽ സ്വാഗതം പറഞ്ഞു.
Share your comments