 
            എറണാകുളം: ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എസൻമിലോ23 ( ESSENMILO'23) ജൂൺ 7 രാവിലെ 10 ന് കടവന്ത്ര വിനായക ഓഡിറ്റോറിയത്തിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിക്കും.മില്ലറ്റ് അഥവാ ചെറുധാന്യങ്ങളുടെ അവബോധം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി മില്ലറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളുടെ പാചക മത്സരവും, പ്രദർശനവും നടത്തുന്നു.
കൊച്ചി നഗരസഭ, കുടുംബശ്രീ, കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ, ബേക്സ് അസോസിയേഷൻ, ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ, കോൺഫഡറേഷൻ ഓഫ് ആൾ കേരള കാറ്ററേഴ്സ്, എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
ആരോഗ്യകരമായ ജീവിത ശൈലിയിൽ മില്ലറ്റുകളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ വിഷയാവതരണം നടത്തും. ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര മിലറ്റ് വർഷമായി 2023നെ പ്രഖ്യാപിച്ചിരിക്കുന്നു. ഭക്ഷ്യസുരക്ഷ, പോഷക ആഹാരം, സുസ്ഥിരമായ കൃഷി എന്നിവയ്ക്കായി മില്ലറ്റുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ പ്രമേയം. 2023 ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രധാന സന്ദേശം "Food Standards Save Lives" എന്നതാണ്. ജീവൻ സംരക്ഷിക്കുന്നതിനും ഭക്ഷ്യമലിനീകരണത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനും ഭക്ഷണ മാനദണ്ഡങ്ങൾ അനിവാര്യമാണെന്ന വസ്തുതയ്ക്കാണ് ഈ ദിനത്തിൽ ഊന്നൽ നൽകുന്നത്.
ചടങ്ങിൽ ഉമാതോമസ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഹൈബി ഈഡൻ എം പി, ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷ് , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡിവിഷൻ കൗൺസിലർ ആന്റണി പൈനുതറ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും, ഭക്ഷ്യമേഖലയിലെ വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കുന്നു. പാചക മത്സരത്തിൽ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ, ബേക്സ് അസോസിയേഷൻ, കുടുംബശ്രീ, കേരള കാറ്ററിംഗ് അസോസിയേഷൻ, ഉൾപ്പടെയുള്ള വിവിധ അസോസിയേഷനുകളിൽ നിന്നും 20 ടീമുകൾ പങ്കെടുക്കുന്നു. പ്രസ്തുത മത്സരത്തിലെ വിജയികളാകുന്നവർക്ക് 1-ാം സ്ഥാനത്തിന് 10000 രൂപയും, 2-ാം സ്ഥാനത്തിന് 7000 രൂപയും, 3-ാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനതുക പ്രഖ്യാപിച്ചിരിക്കുന്നത്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments