ഒരു കുല മുന്തിരിയുടെ വില 7 ലക്ഷം രൂപ! അവിശ്വനീയം! ജപ്പാനിലെ ഒരു റൂബി റോമൻ (Rubi Roman) മുന്തിരിയുടെ വില 35000 രൂപയാണ്. 2019 ൽ ജപ്പാനിൽ വെച്ച് നടന്ന ഒരു ലേലത്തിൽ റോൾസ് റോയ്സ് ഓഫ് ഗ്രേപ്സ് (Rolls Royce of Grapes) എന്നു കൂടി അറിയപ്പെടുന്ന ഈ മുന്തിരി, ഒരു കുലയ്ക്ക് 7,55,000 രൂപ എന്ന റെക്കോർഡ് വിലയ്ക്കാണ് വിൽക്കപ്പെട്ടത്.
റൂബി റോമൻ മുന്തിരിയുടെ പ്രത്യേകത എന്താണ്?
കുറഞ്ഞ അസിഡിറ്റിയ്ക്കും 18 ശതമാനത്തിലധികം പഞ്ചസാരയ്ക്കും പേരുകേട്ട ഈ മുന്തിരിപ്പഴത്തിൽ ധാരാളം ജ്യൂസ് അടങ്ങിയിരിക്കുന്നു. ഈ ഇനത്തിന്റെ ഓരോ മുന്തിരിപ്പഴവും ടെന്നീസ് ബോളിൻറെ വലുപ്പമുള്ളതും കുറഞ്ഞത് 30 ഗ്രാം ഭാരമുള്ളതുമാണ്. ഓരോ കുലയ്ക്കും 700 ഗ്രാം ഭാരം വരും.
വിലപിടിച്ച സമ്മാനമായും, ബിസിനസ്സ് പ്രൊമോഷണൽ ആവശ്യങ്ങൾക്കായും വാങ്ങിക്കുന്ന ഈ മുന്തിരിയ്ക്ക് പേരുകേട്ടതാണ് ജപ്പാൻ. രുചികരവും സുഗന്ധമുള്ളതും കാണാൻ മനോഹരവുമായ ഈ പഴങ്ങൾ ഉൽപ്പാദിപ്പിക്കാൻ കർഷകർക്കിടയിൽ കടുത്ത മത്സരമുണ്ട്. വാങ്ങുന്നതിനും ഉൽപാദിപ്പിക്കുന്നതിനുമുള്ള മത്സരം ഈ പഴങ്ങളെ ലോകത്തിലെ ഏറ്റവും വിലയേറിയ പഴങ്ങളാക്കി മാറ്റിയിരിക്കുന്നു.
റൂബി റോമൻ മുന്തിരി ജപ്പാനിലെ ഇഷികാവ എന്ന സ്ഥലത്താണ് വളർത്തുന്നത്. 2008 ൽ ഇത് പുതിയ പ്രീമിയം ഗുണനിലവാരമുള്ള പഴങ്ങളായാണ് വിപണിയിൽ എത്തിച്ചത്. ഓരോ മുന്തിരിപ്പഴവും അതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി നന്നായി പരിശോധിക്കപ്പെടുകയും സർട്ടിഫിക്കേഷൻ മുദ്ര നൽകുകയും ചെയ്യുന്നു. വളരെ വിചിത്രവും അപൂർവവുമായ ഈ പഴങ്ങൾ പരിമിതമായ അളവിലാണ് വളർത്തുന്നത്. അതായത് 2400 കുലകൾ മാത്രമാണ് ജപ്പാനിൽ വളർത്തുന്നത്.
ഹയാകുരാക്കുസോ (Hyakurakuso ) എന്ന കമ്പനി, ഒരു മൊത്തക്കച്ചവടക്കാരൻ വഴി നിരവധി മുന്തിരിപ്പഴം കനസാവയിലെ സെൻട്രൽ മാർക്കറ്റിൽ നടന്ന ഒരു ലേലത്തിൽ വാങ്ങിയിരുന്നു. ഏറ്റവും കൂടുതൽ വിലയും പ്രചാരവും ഈ മുന്തിരിക്ക് ലഭിച്ച വിൽപ്പനയായിരുന്നു അത്.
ഡിമാൻഡ് ഉയർന്ന നിലയിൽ നിലനിർത്താൻ വളരെ കുറച്ച് മാത്രമേ ഈ മുന്തിരി ഉൽപാദിപ്പിക്കപ്പെടുന്നുള്ളൂ.
Share your comments