താമരവിത്ത് ഭക്ഷ്യയോഗ്യമായ ഒന്നാണ്. ഉത്തരേന്ത്യൻ ഭാഗങ്ങളിൽ പൊതുവെ ഇവ സാധാരണയായി ചപ്പാത്തി, പുലാവ് എന്നിവയോടൊപ്പം കറിയായും, പായസമായും, പുഡ്ഡിംഗ് ആയും ഒക്കെ ഉപയോഗിക്കാറുണ്ട്. വളരെ പോഷക സമ്പന്നമായ താമരയുടെ വിത്തുകൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ നമ്മുടെ നാട്ടിൽ വളരെ കുറവായേ ഉണ്ടാകാറുള്ളൂ. ഇന്ന് എല്ലാ വലിയ സൂപ്പർമാർക്കറ്റുകളിലും ഇത് ലഭ്യമാണ്. താമര ചെടികൾ വളരുന്ന കുളങ്ങളിൽ നിന്നോ നദികളിൽ നിന്നോ ആണ് വിത്തുകൾ ലഭിക്കുന്നത്. പ്രോസസ്സ് ചെയ്യുന്നതിനുമുള്ള നിരവധി പ്രക്രിയകളിലൂടെ കടന്നുപോയതിനു ശേഷമാണ് ഇവ നമ്മുടെ കൈകളിലെത്തുന്നത്. ഫൂൽ മഖാന കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ്, മാത്രമല്ല പ്രോട്ടീൻ്റെ നല്ല ഉറവിടവുമാണ്. ഇവ ഗ്ലൂട്ടൻ ഫ്രീ ആയതിനാൽ ഗ്ലൂട്ടൻ അലർജിയുള്ളവർക്കും കഴിക്കാം. കലോറി കുറഞ്ഞ ഭക്ഷണമായതിനാൽ കഴിക്കുംമ്പോൾ ഭാരം കൂടുമെന്ന പ്രശ്നവും ഉണ്ടാകുന്നില്ല. ഇവയ്ക്ക് ഗ്ലൈസെമിക് സൂചിക കുറവായതിനാൽ , ഇത് പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാവുന്നതാണ്.
ആവശ്യമായ ചേരുവകൾ
താമരവിത്ത് - 100 ഗ്രാം
ബട്ടർ - ആവശ്യത്തിന്
പെരുംജീരകം - കാൽ ടീസ്സ്പൂൺ
ഗ്രാമ്പൂ- 3 എണ്ണം
പട്ട - 2 ചെറിയ കഷ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
സവാള - 2 എണ്ണം നീളത്തിലരിഞ്ഞത്
പച്ചമുളക് - 2 എണ്ണം
തക്കാളി - 1
മഞ്ഞൾ പൊടി - കാൽ ടേബിൾസ്പൂൺ
മുളക്പൊടി - 2 ടേബിൾ സ്പൂൺ
മല്ലിപൊടി - 1 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടുപ്പത്ത് പാൻ ചൂടായശേഷം ബട്ടർ ഒഴിച്ചു താമരവിത്തുകൾ ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ആയ വിത്തുകൾ മാറ്റിവെച്ച ശേഷം പാനിൽ ബട്ടർ ഒഴിച്ച് ഗ്രാമ്പൂ, പട്ട, പെരുംജീരകം എന്നിവ മേല്പറഞ്ഞ അളവിൽ വഴറ്റിയെടുക്കുക. അരിഞ്ഞു വെച്ച സവാളയിൽ പകുതി സവാള ഇതിലേക്ക് ചേർത്തുകൊടുക്കുക. പച്ചമുളക്, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് എന്നിവ യഥാക്രമം ഉള്ളിയോടൊപ്പം ചേർത്ത് ഉപ്പ് ചേർത്ത് വഴറ്റുക. ഇവയുടെ പച്ചമണം മാറിയ ശേഷം പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്. മേല്പറഞ്ഞ അളവിൽ മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപൊടി എന്നിവ ചേർക്കുക. ഈ സമയത്ത് ഇതിലേക്ക് അരിഞ്ഞു വെച്ച ഒരു തക്കാളി ചേർത്ത് വഴറ്റിക്കൊടുക്കുക. ഇവയെല്ലാം നന്നായി വാടി കഴിഞ്ഞ ശേഷം പാനിൽ നിന്നും മാറ്റി ചൂട് മാറിയ ശേഷം നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. മറ്റൊരു പാനിൽ ബട്ടറിൽ ബാക്കി സവാളയും ചേർത്ത് വഴറ്റിയ ശേഷം അരച്ച് വെച്ച പേസ്റ്റ് ചേർക്കാം. ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം ഫ്രൈ ചെയ്ത താമര വിത്തുകൾ കൂടി ചേർക്കാവുന്നതാണ്. ഇവ അടച്ചുവെച്ച് തിളപ്പിച്ച ശേഷം മല്ലിയില തൂകി വിളമ്പാം.
Share your comments