അമിത ഭാരം നിയന്ത്രിക്കുന്നതിനും ചിട്ടയായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുന്നതിനും നമ്മെ ഒരുപാട് സഹായിക്കുന്ന ഒന്നാണ് സാലഡുകളുടെ ഉപയോഗം. ഞൊടിയിടയിൽ തയ്യാറാക്കാവുന്ന ഇവ ആരോഗ്യ ദായകവും രുചികരവുമാണ്. ഇത് കഴിക്കുന്നതിലൂടെ പെട്ടെന്ന് വിശപ്പ് ശമിപ്പിക്കാൻ കാരണമാവുന്നതിനാലാണ് അമിതഭാരം നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കുന്നത്. വീട്ടിൽ തന്നെ കുറഞ്ഞ ചേരുവകളുപയോഗിച്ചു കൊണ്ട് ഇത് തയ്യാറാക്കിയെടുക്കാവുന്നതാണ്. അവൊക്കാഡോ ഉപയോഗിച്ച് നമ്മുക് വീട്ടിൽ ഒരു സാലഡ് ഉണ്ടാക്കിയെടുത്താലോ? അവോക്കാഡോയിൽ വൈവിധ്യമാർന്ന പോഷകങ്ങൾ ഒരുപാട് അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഇത് നാരുകളാൽ സമ്പന്നവുമാണ്. ഉണ്ടാക്കാൻ 5 മിനിറ്റ് മാത്രമെടുക്കുന്ന ഒരു അവൊക്കാഡോ സാലഡിൻ്റെ റെസിപ്പി പരിചയപ്പെട്ടാലോ?
ആവശ്യമായ ചേരുവകൾ
അവൊക്കാഡോ- 1 (നന്നായി മൂത്തത്)
സവാള-(ഇടത്തരം വലുപ്പത്തിൽ ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്)
തക്കാളി- 1( ചെറുതായി അരിഞ്ഞത്)
കക്കിരി- 1 (ചെറുതായി അരിഞ്ഞത്)
മല്ലിയില-( ആവശ്യത്തിന്)
നാരങ്ങാനീര്-(1 ടേബിൾസ്പൂൺ)
കുരുമുളക്പൊടി-( ആവശ്യത്തിന്)
ഉപ്പ്-( ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
നന്നായി മൂത്ത ഒരു അവൊക്കാഡോ ഇടത്തരം വലുപ്പത്തിൽ അരിഞ്ഞെടുക്കുക. മുകളിൽ സൂചിപ്പിച്ച വിധത്തിൽ അരിഞ്ഞെടുത്ത ഉള്ളി, തക്കാളി, കക്കിരി,എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ഇവയിലേക്ക് നാരങ്ങാ നീരും കുരുമുളക്പൊടിയും ഉപ്പും വിതറിയ ശേഷം മല്ലിയില തൂകി വിളമ്പാം.
മുളപ്പിച്ച ചെറുപയർ സാലഡ്
മുളപ്പിച്ച ചെറുപയർ- 1 കപ്പ്
സവാള- 1 (ഇടത്തരം വലുപ്പത്തിൽ ചെറുതായി അരിഞ്ഞത്)
തക്കാളി-1 ( ചെറുതായി അരിഞ്ഞത്)
സാലഡ് കുക്കുമ്പർ- 1 (ചെറുതായി അരിഞ്ഞത്)
മല്ലിയില-(ആവശ്യത്തിന്)
കുരുമുളക്- (ആവശ്യത്തിന്)
നാരങ്ങാ നീര്- ( 1 ടേബിൾ സ്പൂൺ)
ഉപ്പ്- ( ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
മുകളിൽ സൂചിപ്പിച്ച അളവിൽ ആവശ്യാനുസരണം വേവിച്ചതോ അല്ലാത്തതോ ആയ മുളപ്പിച്ച ചെറുപയർ ഒരു ബൗളിൽ എടുക്കുക. തക്കാളി, ഉള്ളി, സാലഡ് കുക്കുമ്പർ , എന്നിവ പറഞ്ഞിരിക്കുന്ന അളവിൽ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുരുമുളക് നാരങ്ങാ നീര്, ഉപ്പ് , ,മല്ലിയില എന്നിവയും ചേർത്ത് നന്നായി ഇളക്കി വിളമ്പാം.
Share your comments