<
  1. Travel

തിരുവന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു

വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Saranya Sasidharan
Thiruvananthapuram district's first floating bridge opened at Varkala
Thiruvananthapuram district's first floating bridge opened at Varkala

വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്ളോട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ ആശ്വയിക്കുന്ന മലയാളികൾക്ക് സ്വന്തം നാട്ടിൽ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വാട്ടർ സ്‌പോർട്‌സ് സാധാരണക്കാർക്കും പ്രാപ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഇത്തരം പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിലൂടെ കേരളത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും തൊഴിൽ സാധ്യതകളും വർധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വർക്കലയിൽ ടൂറിസം വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ 2024ൽ നടപ്പാക്കും. വർക്കലയെ ഇന്റർനാഷണൽ ഡെസ്റ്റിനേഷനാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും വർക്കലയുടെ ടൂറിസം വികസനത്തിന്റെ കരുത്താണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് എന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും വർക്കല മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്.

100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിനുള്ളത്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമായി കാഴ്ചകൾ ആസ്വദിക്കാൻ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഒരേസമയം മുന്നൂറ് ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി പാലത്തിനുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനം ഉണ്ടാകും. 1,400 ഓളം ഉന്നത നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്ത് ഉറപ്പിച്ചാണ് കടലിൽ പൊങ്ങിക്കിടക്കുന്ന പാലം നിർമിച്ചത്. വാട്ടർ സ്‌പോർട്‌സിന്റെ ഭാഗമായി ബനാന ബോട്ട്, ജെറ്റ്‌സ്‌കി, സ്പീഡ് ബോട്ട്, ജെറ്റ് അറ്റാക്ക്, എ.റ്റി.വി എന്നിവയും വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. 120 രൂപയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവേശനത്തിനുള്ള നിരക്ക്. 20 മിനിറ്റ് പാലത്തിൽ ചെലവഴിക്കാം.

വി.ജോയി എം.എൽ.എ അധ്യക്ഷനായിരുന്നു. വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാജീവ് ജി എൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.റ്റി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ എന്നിവരും പങ്കെടുത്തു.

English Summary: Thiruvananthapuram district's first floating bridge opened at Varkala

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds