അകത്തളച്ചെടികളുടെ അഴക് വർദ്ധിക്കുന്നത് അവ നട്ടിരിക്കുന്ന ചട്ടിയുടെ കൂടി ഭംഗി കണക്കിലെടുത്താണ്.
ഭംഗിയുള്ള ചട്ടികളിലെ ചെടികൾ കാണാൻ ഭംഗിയായിരിക്കും. എന്നാൽ, മോശം ചട്ടികളിൽ എത്ര നല്ല ചെടി നട്ടുവളർത്തിയാലും അഭംഗി ആകുകയും ചെയ്യും.
ഇന്നു വിപണിയിൽ ഒട്ടേറെ പുതുമയുള്ള ഇൻഡോർ ഗാർഡൻ പോട്ടുകൾ ലഭ്യമാണ്. പ്ലാസ്റ്റിക്, റബർ, സിമന്റ്, സെറാമിക്, സ്ഫടികം എന്നിങ്ങനെ ഏതു തരത്തിലുള്ളതും ലഭിക്കും. എന്നാൽ, ഓരോന്നിന്റെയും തരവും വലുപ്പവും ഭംഗിയും ആകൃതിയുമെല്ലാം അനുസരിച്ച് വലിയ വല നൽകേണ്ടിയും വരാം. വലിയ വില കൊടുത്തുവാങ്ങാതെ, ചുരുങ്ങിയ ചെലവിൽ അകത്തളച്ചെടികൾക്കായുള്ള പോട്ടുകൾ തനിയെ നിർമിക്കാവുന്നതേയുള്ളൂ.
നിർമിക്കാൻ ഉദ്ദേശിക്കുന്ന ചട്ടിയുടെ വലുപ്പം അനുസരിച്ച് അച്ച് തിരഞ്ഞെടുക്കാം. ഇൻഡോർ പ്ലാന്റുകൾ ആയതിനാൽ ചെറിയ ചട്ടികൾ മതിയാകും. അതുകൊണ്ടുതന്നെ രണ്ടു വ്യത്യസ്ത വലുപ്പത്തിലുള്ള ചെറിയ പ്ലാന്റിങ് പോട്ടുകൾ തന്നെ അച്ചിനായി തിരഞ്ഞെടുക്കാവുന്നതാണ്. ഒന്ന് മറ്റൊന്നിൽ ഇറങ്ങിയിരിക്കുന്നതും രണ്ടു ചട്ടികൾക്കിടയിൽ അത്യാവശ്യം അകലം ഉണ്ടായിരിക്കുന്നതും ആവണം.
രണ്ടു അച്ചുകൾ തമ്മിലുള്ള അകലം ക്രമീകരിക്കുന്നതിനായി ഉള്ളിൽ ഒരു ചെറിയ തെർമോക്കോൾ കഷണം വയ്ക്കാം. അധികജലം പുറത്തേക്കു പോകാനുള്ള ദ്വാരവും ഇതിലൂടെ ലഭിക്കും.
അകത്തളങ്ങളിലേക്ക് വൈറ്റ് സിമന്റ് ഉപയോഗിച്ചുള്ള ചട്ടികളാണ് കൂടുതൽ അഭികാമ്യം. വൈറ്റ് സിമന്റ് കിലോ 30 രൂപയോളം വിലയേ വരൂ. വെള്ളവും വൈറ്റ് സിമന്റും കൂട്ടിക്കലർത്തി അച്ചിലേക്കൊഴിച്ച് സെറ്റ് ചെയ്യാൻ അനുവദിക്കാം. 24 മണിക്കൂറിനുശേഷം അച്ചിൽനിന്ന് വൈറ്റ് സിമന്റ് ചട്ടി വേർപെടുത്തി എടുക്കാവുന്നതാണ്. പെയിന്റ് അടിച്ചെടുത്താൽ ഭംഗിയേറും. പ്രൈമർ അടിച്ചതിനുശേഷം പുറമേ പെയിന്റ് അടിക്കുന്നതാണ് നല്ലത്.
Share your comments