<
  1. Environment and Lifestyle

തണുപ്പിന് പറ്റിയതാണ് ഈ ഫലങ്ങൾ

ഫൈബര്‍ ഉയര്‍ന്ന അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങൾ ശൈത്യകാലത്ത് കഴിയ്ക്കുന്നത് പതിവാക്കുക. ഇത്തരത്തിൽ ശീതകാല ആഹാരത്തിലേക്ക് ഉൾപ്പെടുത്താവുന്ന പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Anju M U
fruits
ശൈത്യകാലത്ത് കഴിയ്ക്കാവുന്ന പഴങ്ങൾ

കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണക്രമത്തിലും മാറ്റം വരുത്താൻ ഇതുവരെയും മലയാളി പൂർണമായും ശീലിച്ചിട്ടില്ല. ഓരോ സീസണിലും ശരീരത്തിന് പോഷകങ്ങള്‍ ഉറപ്പാക്കുന്ന ആഹാരം ഏതൊക്കെയെന്ന് മനസിലാക്കി അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അതിനായി ഓരോ സീസണിലും നമ്മുടെ ഭക്ഷണശീലം ക്രമപ്പെടുത്തേണ്ടതുണ്ട്. മഴക്കാലത്ത് നമ്മൾ ഒഴിവാക്കുന്നതും അത്യാവശ്യമായി കഴിയ്ക്കുന്നതുമായ ആഹാരങ്ങളെ പോലെ ശൈത്യകാലത്തും എന്തൊക്കെ കഴിയ്ക്കണമെന്നതിൽ നന്നായി കരുതൽ നൽകണം.

ഫൈബര്‍ ഉയര്‍ന്ന അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങൾ ശൈത്യകാലത്ത് കഴിയ്ക്കുന്നത് പതിവാക്കുക. ഇത്തരത്തിൽ ശീതകാല ആഹാരത്തിലേക്ക് ഉൾപ്പെടുത്താവുന്ന പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഓറഞ്ചും നാരങ്ങയും

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങള്‍ ശൈത്യകാലത്ത് അനിവാര്യമായ ഫലങ്ങളാണ്. ഈ സീസണിൽ ശരീരത്തിന് ആവശ്യമായ ഊർജം നൽകാൻ ഇവയ്ക്ക് സാധിക്കുന്നു. നാരുകള്‍, വിറ്റാമിന്‍ എ, ബി 1, പാന്റോതെനിക് ആസിഡ്, കാത്സ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

കൂടാതെ, വിറ്റാമിന്‍ സി യുടെ കലവറ കൂടിയാണ് ഓറഞ്ച്.  രക്തസമ്മർദം നിയന്ത്രിക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സിട്രസ് പഴങ്ങൾ ഫലപ്രദമാണ്.

കൈതച്ചക്ക

നമ്മുടെ തൊടിയിലും മറ്റ് നട്ടുവളർത്തി, സുലഭമായി വിളവെടുക്കാവുന്ന പഴമാണ് കൈതച്ചക്ക അഥവാ പൈനാപ്പിൾ. രുചിയിലും ഗുണത്തിലും പ്രാധാന്യം അർഹിക്കുന്ന ഈ പഴത്തിൽ വിറ്റാമിന്‍ സി, ഇ, എ, കെ, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ബീറ്റ കരോട്ടിന്‍ എന്നിങ്ങനെ നിരവധി പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ, ധാരാളം നാരുകളും ആന്റി ഓക്‌സിഡന്റുകളും കൈതച്ചക്കയിലുണ്ട്.

ശൈത്യകാലത്ത് പൊതുവേ മിക്കവരിലും കണ്ടുവരുന്ന സന്ധിവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കൈതച്ചക്ക മികച്ച ഉപാധിയാണ്. ഇതിലെ ബ്രോമെലെയ്ന്‍ വേദന സംഹാരിയാണ്. കൂടാതെ, രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും കണ്ണുകളുടെയും ചർമത്തിന്റെയും സംരക്ഷണത്തിനും കൈതച്ചക്ക ഉത്തമമാണ്.

പപ്പായ

ദഹനം, മോണരോഗങ്ങള്‍, പ്രതിരോധശേഷി, ഹൃദയാരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്ന ഫലമാണ് പപ്പായ. പച്ചയ്ക്ക് കഴിച്ചാൽ ദഹനപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഒട്ടനവധി അസ്വസ്ഥതകൾക്ക് ഇത് ഗുണം ചെയ്യും. പപ്പായ പഴമായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നത് പോലെ ശൈത്യകാലത്ത് സൗന്ദര്യ വർധക വസ്തുവായും ഇത് പ്രയോജനപ്പെടുന്നു.

പപ്പായയിലെ വിറ്റമിന്‍ ഇ, വിറ്റമിന്‍ സി എന്നീ ഘടകങ്ങള്‍ വയറിനകത്തെ മാലിന്യങ്ങൾ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇതിലെ ഫൈബറിന്റ സാന്നിധ്യം ദഹനത്തെ സഹായിക്കുന്നു. കരോട്ടിന്‍, ഫ്ളേവനോയ്ഡ്, വൈറ്റമിന്‍ സി, ബി, ഫൈബര്‍, മഗ്‌നീഷ്യം എന്നിവയാൽ സമ്പന്നമായ പപ്പായ ശൈത്യകാലത്ത് ശാരീരിക ആരോഗ്യത്തിന് ഉത്തമമാണ്.

സീതപ്പഴം

ശൈത്യകാലത്ത് വിളയുന്ന പഴമാണ് സീതപ്പഴം അഥവാ ആത്തച്ചക്ക. തണുപ്പ് കാലത്ത് കഴിയ്ക്കാനും അതുവഴി ആരോഗ്യത്തിന് മികച്ച ഗുണം ചെയ്യാനും ആത്തച്ചക്ക ഉപകരിക്കുന്നു. വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ ഈ ഫലത്തിൽ വിറ്റാമിന്‍ ബി 6, ആന്റി ഓക്‌സിഡന്റുകള്‍, നിയാസിന്‍ നാരുകള്‍, സോഡിയം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് നമ്മുടെ ചർമത്തിന് സുരക്ഷ ഒരുക്കാനും സീതപ്പഴം ഫലപ്രദമാണ്. അള്‍സർ, അസിഡിറ്റി പോലുള്ള ദേഹാസ്വസ്ഥതകളെ നിയന്ത്രിക്കാനും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ ക്രമീകരിക്കാനും ആത്തച്ചക്ക സഹായിക്കുന്നു. സ്വാദുള്ള പഴമെന്നതിന് പുറമെ, ആരോഗ്യത്തിലും ഗുണകരമായ ആത്തച്ചക്ക പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്കും പ്രതിവിധിയാണ്.

സ്ട്രോബെറി

തണുപ്പ് കാലത്ത് കഴിയ്ക്കാൻ ഏറ്റവും ഉചിതമായ പഴമാണ് സ്‌ട്രോബെറി. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. രക്തചംക്രമണം ക്രമീകരിക്കാനും, ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും, കണ്ണിന്റെ ആരോഗ്യത്തിനും വാത രോഗങ്ങൾക്കുള്ള ഉപാധിയായും സ്‌ട്രോബെറി ഫലപ്രദമാണ്.

മാതളം

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ മാതള നാരങ്ങ ശൈത്യകാലത്തെ സൗന്ദര്യ സംരക്ഷണത്തിനും ചര്‍മകാന്തിക്കും മികച്ചതാണ്. വിപണിയിലും ഈ സീസണുകളിൽ ഇവ അധികമായി ലഭ്യമാകുന്നു. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനും പ്രമേഹ രോഗങ്ങൾക്കുള്ള ശമനമായും ഈ ഫലം ഉപയോഗിക്കാം.

English Summary: Best fruits for winter season

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds