കൈകളുടെ സൗന്ദര്യം പോലെ തന്നെ നഖങ്ങളും പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ നഖങ്ങളിലുണ്ടാവുന്ന ചില മാറ്റങ്ങൾ പല രോഗങ്ങളെ കുറിച്ചും നമുക്ക് മുന്നറിയിപ്പോ സൂചനയോ തരുന്നതാണെന്നും പറയാം. ആരോഗ്യത്തെ ഹാനികരമായി ബാധിക്കാവുന്ന പ്രശ്‌നങ്ങളെയും പല തരത്തിലുള്ള അസുഖങ്ങളെയും രോഗലക്ഷണങ്ങളെയും കുറിച്ച് നഖങ്ങളിലൂടെ എങ്ങനെ മനസിലാക്കാമെന്ന് പരിശോധിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വൃത്തിയും മൃദുലവമായ നഖത്തിന് പുരുഷന്മാർക്കും മാനിക്യൂർ
നഖങ്ങളിലെ നിറവ്യത്യാസവും പൊട്ടലും ശരീരത്തിന്റെ പല അവസ്ഥകളെ സൂചിപ്പിക്കുന്നു. എന്നാൽ എല്ലാ മാറ്റങ്ങളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൂർണമായും പറയാൻ സാധിക്കില്ല. ഇതിന് വിദഗ്ധരുടെ നിർദേശം സ്വീകരിക്കണം.
നഖങ്ങളിലെ മഞ്ഞനിറം
മിക്കയുള്ളവരുടെയും നഖങ്ങള്‍ ചുവപ്പ് കലർന്ന നിറത്തിലാണ് കാണപ്പെടുന്നത്. എന്നാൽ ചിലരിൽ മഞ്ഞനിറത്തിലും വിളറിയ രീതിയിലുമാണ് നഖങ്ങൾ കാണപ്പെടുന്നതെങ്കിൽ, അത് പോഷകാഹാരക്കുറവിനെ സൂചിപ്പിക്കുന്നു. വിളർച്ച എന്ന രോഗാവസ്ഥയുടെ ഭാഗമായും ഇങ്ങനെ നഖങ്ങളുടെ സ്വഭാവം മാറാം. കൂടാതെ, നഖങ്ങളിലെ നിറത്തിലുള്ള ഈ വ്യത്യാസം കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ എന്തെങ്കിലും അസുഖങ്ങളെയും സൂചിപ്പിക്കാം.
നഖത്തിലെ കറുപ്പ്
പരിക്കുകളിലൂടെ അല്ലാതെ നഖത്തിൽ കറുപ്പ് നിറമുണ്ടാകുന്നെങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. നഖത്തിലെ കറുപ്പും കറുത്ത വരകളും മെലനോമ എന്ന കാൻസറിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. അതിനാൽ, നഖത്തിലെ കറുപ്പ് നിറം ദീർഘനാളായിട്ടും മാറുന്നില്ലെങ്കിൽ ആരോഗ്യവിദഗ്ധരുടെ നിർദേശം തേടണം.
നഖത്തിലെ വെള്ള കുത്തുകള്‍
നഖത്തിൽ വെള്ളകുത്തുകളും വരകളും ഉണ്ടാകുന്നത് കൂടുതലായും സിങ്ക്, കാത്സ്യം എന്നീ
മൂലകങ്ങളുടെ അപര്യാപ്തതിയിലേക്കാണ് ചൂണ്ടുന്നത്. മികച്ച ആരോഗ്യത്തിന് ഇവ അത്യന്താപേക്ഷിതമാണ്.
ഇതിന് പുറമെ, നഖത്തിൽ ധാരാളം വെള്ള വരകളോ കുത്തുകളോ കാണുന്നത് അലര്‍ജി, ഫംഗല്‍ ബാധയെയും സൂചിപ്പിക്കുന്നു.
നഖം പൊട്ടുന്നത്
അമിതമായി നനയുന്നത് ചിലരുടെ നഖങ്ങൾ പൊട്ടിപ്പോകുന്നതിന് കാരണമാകുന്നു. നെയില്‍ പോളിഷ്, നെയില്‍ പോളിഷ് റിമൂവര്‍ എന്നിങ്ങനെയുള്ള കെമിക്കലുകളുടെ ഉപയോഗവും നഖം പൊട്ടിപ്പോകുന്നതിന് വഴിവക്കും.
ഫംഗല്‍ അണുബാധ കാരണമോ തൈറോയ്ഡ് പോലുള്ള രോഗങ്ങൾ കാരണമോ നഖം പൊട്ടിപ്പോകാറുണ്ട്.
നഖങ്ങളുടെ അറ്റം
അര്‍ധചന്ദ്രാകൃതിയിലുള്ള നഖങ്ങൾ ആരോഗ്യമുള്ള നഖങ്ങളുടെ ലക്ഷണമാണ്. പോഷകാഹാരക്കുറവ്, വിളര്‍ച്ച പോലുള്ള അവസ്ഥകൾ ഉള്ളവരുടെ നഖങ്ങളുടെ അറ്റം ഇങ്ങനെയായിരിക്കില്ല. കൂടാതെ വിഷാദരോഗം അലട്ടുന്നവരുടെയും നഖങ്ങളുടെ ആകൃതിയിൽ വ്യത്യാസമുണ്ടാകാം. എന്നാൽ നഖത്തിന്റെ അഗ്രഭാഗത്ത് ഈ മാറ്റമുള്ളവർക്ക് എല്ലാം ഈ രോഗങ്ങളുണ്ടാകാമെന്നില്ല. എങ്കിലും, ക്ഷീണവും ഉത്കണ്ഠയും തലകറക്കവുമുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.
ക്രോണിക് ബ്രോങ്കൈറ്റിസ്, തൈറോയ്ഡ്, ശ്വാസകോശരോഗങ്ങള്‍, പ്രമേഹം, സോറിയാസിസ് തുടങ്ങിയ രോഗാവസ്ഥയ്ക്കും ഇത് കാരണമാകുന്നു.
നഖത്തിലെ പാടുകളും വരകളും
പാരമ്പര്യമായി നഖങ്ങളിൽ വരകൾ കാണാറുണ്ട്. ഇതല്ലാതെ, നീളെയും കുറുകെയും നഖത്തിൽ വരകൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അത് ചില രോഗങ്ങളുടെ സൂചനയാണ്. സോറിയാസിസ്, ആര്‍ത്രൈറ്റിസ്, വൃക്ക രോഗം, എല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയോ, വൃക്ക സംബന്ധമായ രോഗത്തെയോ ആയിരിക്കാം ഇവ സൂചിപ്പിക്കുന്നത്.
Share your comments