<
  1. Environment and Lifestyle

തണുപ്പിനൊപ്പമെത്തുന്ന രോഗങ്ങൾക്കെതിരെ ഒന്ന് കരുതിയിരിക്കാം

അണുബാധയിലൂടെയും മറ്റും ധാരാളം ആരോഗ്യപ്രശ്നങ്ങൾ അധികമായി പിടികൂടുന്ന സമയമാണ് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസം. ശൈത്യത്തിനൊപ്പം കടന്നുവരുന്ന അസുഖങ്ങളും അസ്വസ്ഥകളും മനസിലാക്കി അവക്കെതിരെ കൂടുതൽ കരുതൽ നൽകാം.

Anju M U
winter
തണുപ്പിനൊപ്പമെത്തുന്ന രോഗങ്ങൾ

ഇന്ത്യയുടെ വടക്കേ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ വലിയ രീതിയിൽ ശൈത്യകാലം ബാധിക്കാറില്ല. എങ്കിലും കാലാവസ്ഥ മാറി വരുന്നതിനാൽ തന്നെ ശീതകാലത്തിൽ ശാരീരികാരോഗ്യത്തിലും കൂടുതൽ കരുതൽ ആവശ്യമാണ്. അണുബാധയിലൂടെയും മറ്റും ധാരാളം ആരോഗ്യപ്രശ്നങ്ങളുടെ കാലം കൂടിയാണ് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസം.

സന്ധിവാതം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്കും ഈ സമയത്തിൽ സാധ്യത അധികമാണ്. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും ശൈത്യകാലം അനുയോജ്യമാണെന്നതിനാൽ, ശരീരത്തിന് കൂടുതൽ കരുതൽ നൽകേണ്ടതും ആവശ്യമാണ്. ശൈത്യത്തിനൊപ്പം കടന്നുവരുന്ന അസുഖങ്ങളും അസ്വസ്ഥകളും എന്തെന്ന് പരിശോധിക്കാം.

വരണ്ട ചര്‍മ്മം

പരിസ്ഥിതിയിൽ ഈർപ്പം വളരെ കുറവുള്ള സമയമാണ് ശീതകാലം. അതിനാൽ തന്നെ ശൈത്യമെത്തുന്നതിന് വളരെ മുൻപ് തന്നെ ചർമപരിപാലനത്തിനും ശ്രദ്ധ നൽകി തുടങ്ങണം. തണുത്തതും വരണ്ടതുമായ വായുവിനാൽ നമ്മുടെ ത്വക്കിലെ ജലാംശം വളരെ വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുകയും വരണ്ടതും ഇറുകിയതുമാകുന്നു. ചിലപ്പോൾ ചര്‍മത്തിന് വീക്കം സംഭവിച്ചേക്കാം.

ജലദോഷം

തണുപ്പുകാലത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ശാരീരിക അസ്വസ്ഥതയാണ് ജലദോഷം. തൊണ്ടയിലെ പ്രകോപനം, മൂക്കൊലിപ്പ്, തലവേദന, കുറഞ്ഞ പനി, തുമ്മല്‍, കഫത്തോടുകൂടിയോ അല്ലാതെയോ ഉള്ള ചുമ, കണ്ണില്‍ നിന്ന് നീരൊഴുക്ക് എന്നിവയാണ് രോഗലക്ഷണങ്ങള്‍.

ഫ്‌ളൂ

ശൈത്യകാലം ഫ്‌ളൂ സീസൺ കൂടിയാണ്. പ്രതിരോധശേഷി കുറഞ്ഞവരെ ഗൗരവമായി ബാധിക്കുന്ന വൈറൽ അണുബാധയാണിത്. എന്നാൽ പലർക്കും ജലദോഷവും ഫ്‌ളൂ ഒന്നാണെന്ന തെറ്റിദ്ധാരണയുണ്ട്. കടുത്ത പനി, തൊണ്ടവേദന, ഓക്കാനം, വിറയല്‍, ലിംഫ് നോഡുകളില്‍ വീക്കം, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ചെറുപ്പക്കാരെയും പ്രായമായവരെയും ഇത് ബാധിക്കുന്നുണ്ട്.

ആസ്ത്മ

ആസ്തമയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ് ശീതകാലം. ഈ സമയത്ത് ശ്വാസനാളം ഇടുങ്ങി വീക്കം സംഭവിക്കുന്നു. ശ്വാസതടസം, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നു. തണുത്ത വരണ്ട വായു ശ്വാസനാളത്തെ പ്രകോപിപ്പിക്കുന്നതിലൂടെ കൂടുതല്‍ മ്യൂക്കസ് ഉത്പാദിപ്പിക്കപ്പെടുന്നു. ശ്വാസനാളത്തിന്റെ സങ്കോചത്തെ കൂടുതല്‍ വഷളാക്കുന്നതിനും തണുത്ത അന്തരീക്ഷം സ്വാധീനം ചെലുത്തുന്നുണ്ട്.

ഉദര പ്രശ്‌നങ്ങള്‍

ഉദര സംബന്ധമായ അസുഖങ്ങളും തണുപ്പ് കാലാവസ്ഥയിൽ അധികമായി കണ്ടുവരുന്നു. വയറ്റിൽ ഇന്‍ഫ്‌ളുവന്‍സ അതിവേഗം പടരുന്നത് വഴി ആമാശയത്തിലെ മ്യൂക്കോസല്‍ ലൈനിങ്ങില്‍ തുടര്‍ച്ചയായി വീക്കം സംഭവിക്കുന്നു. നോറോവൈറസാണ് ഇതിന് കാരണം.

ഭക്ഷണത്തിലൂടെയും പാനീയങ്ങളിലൂടെയും മലമൂത്ര വിസര്‍ജ്ജനം വഴിയും ഇത് പകരുന്നതിന് സാധ്യത കൂടുതലാണ്. ഓക്കാനം, ഛര്‍ദ്ദി, ജലദോഷം, വയറുവേദന എന്നിവയാണ് ഉദരരോഗങ്ങളുടെ ലക്ഷണങ്ങള്‍. വിറയല്‍, തലവേദന, ക്ഷീണം, പേശി വേദന എന്നിവയും ഉണ്ടായേക്കാം.

ശീതകാല രോഗങ്ങളിൽ നിന്നുള്ള പ്രതിവിധി

വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ശൈത്യകാല രോഗങ്ങൾക്കെതിരെയുള്ള ഏകപ്രതിവിധി. ജലദോഷം, പനി, ഉദരപ്രശ്‌നങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ നിന്ന് ഇത് ശരീരത്തെ സംരക്ഷിക്കുന്നു.

ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ആസ്ത്മയ്ക്കും അലർജിക്കുമെതിരെയുള്ള പ്രതിരോധമായും യോഗ ഗുണം ചെയ്യും. ജല നേതി പോലുള്ള യോഗ ക്രിയകള്‍ ശ്വാസകോശ ലഘുലേഖയിലെ അധിക കഫം നീക്കം ചെയ്യും. ഇതിന് പുറമെ, ശരിയായ വായുപ്രവാഹത്തിനും ഇത് സഹായിക്കും.

ആരോഗ്യകരമായ ജീവിതശൈലിക്ക് മിതമായ വ്യായാമവും അനിവാര്യമാണ്. ഉയർന്ന അളവിൽ മെറ്റബോളിസം നിലനിർത്തുന്നതിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. തണുപ്പ് കാലത്ത്  ശരീരത്തിൽ ചൂട് നിലനിർത്താനും ഇത് പ്രയോജനം ചെയ്യും.

തണുപ്പ് കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിലും കാര്യമായ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ജലദോഷം, പനി തുടങ്ങിയ വൈറല്‍ അണുബാധകള്‍ക്ക് എതിരെ തുളസി ഫലപ്രദമാണ്.

തുളസിയിൽ അടങ്ങിയിട്ടുള്ള ആന്റിസെപ്റ്റിക്, ആന്റിവൈറല്‍ ഗുണങ്ങൾ ചുമയ്ക്കും ആസ്ത്മയ്ക്കുമെതിരെ  പ്രവർത്തിക്കും. കഫം ദ്രവീകരിക്കാനും ഇത് മികച്ചതാണ്. അതിനാൽ തന്നെ തുളസി ഇട്ട ചായയും ചൂടുവെള്ളവും കൂടാതെ, സൂപ്പുകളും സോസുകളും ദിനചൈര്യയിലേക്ക് ഉൾപ്പെടുത്താം.

ഇന്‍ഫ്‌ളുവന്‍സ വൈറസിന് പ്രതിരോധമായി മഞ്ഞൾ ഉപയോഗിക്കാം. മഞ്ഞളിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണവും  ആന്റിവൈറല്‍ ഗുണവുമാണ് ഇതിന് സഹായിക്കുന്നത്.

ശീതകാല ഭക്ഷണശൈലിയിൽ വിറ്റാമിന്‍ സി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. കോശങ്ങളുടെ സംരക്ഷണത്തിന് വിറ്റാമിന്‍ സി അത്യാവശ്യമാണ്. അണുബാധയ്ക്കെതിരെ പ്രതിരോധമായും വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, സ്‌ട്രോബെറി, ബ്രോക്കോളി, ബ്രസല്‍ നട്‌സ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.

സൂപ്പുകള്‍ തണുപ്പിനെതിരെ മികച്ച ഉപായമാണ്. ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ജീരകം, റോസ്‌മേരി, ഒറെഗാനോ തുടങ്ങിയ ഔഷധസസ്യങ്ങൾ ചേർത്ത സൂപ്പുകൾ കുടിക്കണം.

English Summary: Diseases and precautions in winter season

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds